കാക്കനാട്: മർദനത്തിൽ ഗുരുതര പരിക്കേറ്റ മൂന്നു വയസ്സുകാരിയുടെ കുടുംബം തൃക്കാക്കര തെങ്ങോട് താമസസ്ഥലത്തെത്തുന്നത് ഒരു മാസം മുമ്പ്. കുട്ടിയുടെ ബന്ധുവാണ് വീട് വാടകക്ക് എടുത്തിരുന്നത്. താനും ഭാര്യയും മൂന്ന് വയസ്സായ കുട്ടിയും കാനഡക്ക് പോകുമെന്നും അമ്മക്കും സഹോദരിക്കും 12 വയസ്സായ കുട്ടിക്കും താമസിക്കാനാണ് വീട് എടുക്കുന്നതെന്നുമായിരുന്നു ഉടമയോട് പറഞ്ഞത്. മൂന്നുനില കെട്ടിടത്തിന്റെ മുകൾ നിലയിലെ അപ്പാർട്‌മെന്റാണ് വാടകക്കെടുത്തതെന്നും കെട്ടിട ഉടമ പറഞ്ഞു.

പുതുവൈപ്പ് സ്വദേശിയായ ഇയാൾ സൈബർ സെൽ ജീവനക്കാരനായിരുന്നെന്നും വിദേശത്ത് നല്ല ജോലി ലഭിച്ചതിനാൽ ജോലി രാജിവെച്ചെന്നുമായിരുന്നു പറഞ്ഞത്. ഇയാളല്ലാതെ സ്ത്രീകളടക്കം മറ്റാരും പുറത്തിറങ്ങുന്നത് കണ്ടിട്ടില്ല. വീട് പൂട്ടിയാണ് ഇയാൾ പുറത്തുപോയിരുന്നതെന്നും ഉടമ പറഞ്ഞു. തെങ്ങോടുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ പള്ളിക്കരയിലാണ് നേരത്തേ താമസിച്ചിരുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വന്നതിന് പിന്നാലെ അപ്പാർട്‌മെന്റ് ഉടമ ഇവർ നേരത്തേ താമസിച്ചിരുന്ന വീടിന്റെ ഉടമയുമായി ബന്ധപ്പെട്ടു.

അവിടെ മൂന്നുമാസമാണ് താമസിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ജനൽച്ചില്ലുകൾ പൊട്ടിച്ചതിനും ഇവരെ പുറത്താക്കുകയായിരുന്നെന്നും പഴയ ഉടമ പറഞ്ഞതായും തൃക്കാക്കരയിലെ വീട്ടുടമ വെളിപ്പെടുത്തി. അതേസമയം കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരായി തുടരുകയാണ്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവുമുണ്ടെന്ന് ഡോക്ടർമാർ. രക്തധമനികളിൽ രക്തം കട്ടപിടിച്ച നിലയിലാണെന്നും ഡോക്ടർമാർ വ്യകതമാക്കി. കുട്ടിയുടെ കഴുത്തിന്റെ ഭാഗം വരെ പരുക്കേറ്റിട്ടുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവമുണ്ട്. എങ്ങനെയാണ് കുട്ടിക്ക് മർദ്ദനമേറ്റതെന്ന് വ്യക്തമായിട്ടില്ല.

അതേസമയം, കുട്ടിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഞായറാഴ്ച നടന്നത് സംശയാസ്പദമായ കാര്യങ്ങൾ. ഇതിന് പിന്നാലെ പരിക്കേറ്റ കുഞ്ഞിനും അമ്മയ്ക്കും ഒപ്പം താമസിച്ച് വന്നിരുന്ന ആന്റണി ടിജിൻ എന്നയാളെ കാണാനില്ലെന്ന വിവരമാണ് വിഷയത്തിലെ ദുരുഹത വർധിപ്പിക്കുന്നത്.ഞായറാഴ്ച അർധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനാച്ഛനും അമ്മയും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി. കുന്തിരക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കൈയിൽ പൊള്ളലേറ്റതെന്നും അമ്മയുടെ പ്രതികരണം.കുമ്പളം സ്വദേശികളായ ഇവർ ഒരു മാസമായി തൃക്കാക്കരയിൽ വടകയ്ക്ക് താമസിക്കുകയായിരുന്നു. സൈബർ പൊലീസ് ഉദ്യോഗസ്ഥൻ എന്ന് അറിയിച്ചായിരുന്നു ആന്റണി ടിജിൻ കാക്കനാട് താമസ സ്ഥലം സംഘടിപ്പിച്ചത്. ഭാര്യയും സഹോദരിയും അമ്മയും ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭർത്താവ് എന്ന നിലയിൽ ആയിരുന്നു താമസം. എന്നാൽ ഇയാൾ പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് അല്ല എന്നാണ് പൊലീസ് നിലപാട്.പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം രാത്രി ഞായറാഴ്ച എട്ടരയോടെയാണ് കുട്ടിയുമായി അമ്മയും അമ്മൂമ്മയും ഫൽറ്റിൽ നിന്ന് പോവുന്നത്. പുറത്ത് കാറുമായി ആന്റണിയും സഹോദരിയുടെ മകനും കാത്തുനിൽകുക്കുയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ തിരിച്ചെത്തിയ ആന്റണി പരിക്കേറ്റ കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി രക്ഷപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.അതിനിടെ, ഇന്നലെ കുട്ടിയുടെ അമ്മയ്ക്ക് എതിരെ തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.