കോഴിക്കോട്: പൊലീസ് നോക്കി നിൽക്കെ ഭാര്യയുടെ വീടിന് മുന്നിലുള്ള മരത്തിൽ കയറി ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യ കുറിപ്പിൽ എലത്തൂർ പൊലീസിനെതിരെ പരാമർശം. എലത്തൂർ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനാലാണ് തനിക്ക് കുടുംബത്തെ നഷ്ടമായതെന്ന് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നു.

ഇന്നലെയാണ് ചേവായൂർ പൊലീസ് നോക്കി നിൽക്കെ മക്കട കോട്ടൂപാടം തെയ്യമ്പാടികണ്ടി മീത്തൽ രാജേഷ് നിവാസിൽ പരേതനായ ഗിരീഷിന്റെ മകൻ രാജേഷ്(33) ആത്മഹത്യ ചെയ്തത്. രാജേഷിന്റെ ഭാര്യയായിരുന്ന സ്ത്രീയുടെ വീടിന് മുന്നിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് രാജേഷ് ഈ വീട്ടിലെത്തിയത്. ഏറെ നേരം കാത്തിരുന്നിട്ടും വീട്ടുകാർ വാതിൽ തുറക്കാത്തതിനെ തുടർന്ന് രാജേഷ് സമീപത്തെ പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

രാജേഷ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ വീട്ടുകാർ ചേവായൂർ പൊലീസിനെ വിവരമറിയിക്കുകയും ചേവായൂർ പൊലീസും അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിനെ കണ്ട രാജേഷ് കഴുത്തിൽ കുരുക്കിട്ട ശേഷം മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പിന്നീട് മൃതദേഹം താഴെയിറക്കാനായി അഗ്‌നിരക്ഷസേന മരത്തിൽ കയറിപ്പോഴാണ് രാജേഷ് കൈഞരമ്പുകൾ മുറിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടത്. രാജേഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഇതിനിടെ രാജേഷിന്റെ ആത്മഹത്യ കുറിപ്പും സുഹൃത്തുക്കൾക്കയച്ച ശബ്ദ സന്ദേശവും പുറത്തുവന്നതിൽ നിന്നാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അറിഞ്ഞത്. രാജേഷ് കുറച്ച് കാലമായി ജയിലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. രാജേഷ് കേസിൽ അകപ്പെട്ട നാളുകളിൽ തന്നെ ഭാര്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഭാര്യയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഭാര്യയെയും ഭാര്യ വീട്ടുകാരെയും കണ്ട് കാര്യങ്ങൾ സംസാരിച്ച് രമ്യതയിൽ എത്താൻ വേണ്ടിയാണ് ഇന്നലെ വീണ്ടും കക്കോടിയിലുള്ള ഭാര്യ വീട്ടിൽ പോയത്. രാജേഷിനെ കാണാനോ സംസാരിക്കാനോ ഭാര്യ വീട്ടൂകാർ തയ്യാറാകാത്തതിനെ തുടർന്നാണ് രാജേഷ് ആത്മഹത്യ ചെയ്തത്. എലത്തൂർ പൊലീസിലെ ചിലരുടെ മോശം പ്രവർത്തികളെ ചോദ്യം ചെയ്ത്കൊണ്ട് പരാതി നൽകിയതിനാലാണ് തന്നെ കേസിൽ കുടുക്കിയത് എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

കേസിൽ അകപ്പെട്ടതോടെ തനിക്ക് ഭാര്യയെ നഷ്ടമായെന്നും മോഷ്്ടാവെന്ന് മുദ്രകുത്തിയത് മാനക്കേടുണ്ടാക്കിയെന്നും രാജേഷിന്റെ ശബ്ദസന്ദേശത്തിലും ആത്മഹത്യ കുറിപ്പിലും പറയുന്നു. വസന്തയാണ് രാജേഷിന്റെ മാതാവ്. രമ്യ ഏക സഹോദരിയാണ്.