കുവൈറ്റ് സിറ്റി: പക്ഷാഘാതം സംഭവിച്ച് വലതുഭാഗം തളർന്ന് നാട്ടിലേക്ക് മടങ്ങിയ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി ജോൺസൺ ജോസഫിനെ സഹായിക്കുന്നതിനായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ കല കുവൈറ്റിന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടേയും സുമനസ്സുക്കളായ വ്യക്തികളുടേയും സഹായത്തോടെ സമാഹരിച്ച സഹായധനം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. ശനിയാഴ്ച വൈകിട്ടത്തെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടർ ചികിത്സക്കായി അദ്ദേഹം ഇപ്പോൾ എറണാകുളം ലിസ്സി ആശുപത്രിയിലാണുള്ളത്. എറണാകുളം ലിസ്സി ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ സിപിഐഎം കൊച്ചി ഏരിയ സെക്രട്ടറി കെ.ജെ. മാക്‌സി ജോൺസന്റെ ഭാര്യ മേരി ജോൺസന് തുകയായ 3,71,000 രൂപ കൈമാറി. സിപിഐഎം ഫോർട്ട് കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അബ്ബാസ്, രാമചന്ദ്രൻ (ദേശാഭിമാനി), കല കുവൈറ്റ് വൈസ് പ്രസിഡന്റ് ടി.കെ. സൈജു, കല കുവൈറ്റ് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജൊയുടെ സഹോദരന്മാരായ ജോജോ, ജോൺ എന്നിവരും ജോൺസന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പക്ഷാഘാതം സംഭവിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം ആദ്യം അദ്ദേഹത്തെ കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളം ആശുപത്രി ജീവനക്കാരുടേയും സുഹൃത്തുക്കളുടേയും കല കുവൈറ്റ് പ്രവർത്തകരുടേയും പരിചരണത്തിലായിരുന്നു അദ്ദേഹം. നാട്ടിൽ രോഗാതുരയായ അമ്മയും, വിദ്യാർത്ഥികളായ രണ്ട് മക്കളും, ഭാര്യയും അടങ്ങുന്ന കുടുംബം കുവൈറ്റിൽ ചെറിയ ജോലികൾ ചെയ്തു വന്ന ജോൺസന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. തുടർന്നും ജോൺസനെ സഹായിക്കുവാൻ താത്പര്യമുള്ളവർക്ക് മേരിജോൺസൺ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫോർട്ട് കൊച്ചി ബ്രാഞ്ച്, അക്കൗണ്ട് നമ്പർ 0148053000105698 എന്ന അക്കൗണ്ടിൽ സഹായം എത്തിക്കാവുന്നതാണ്.