കുവൈറ്റ് സിറ്റി: കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണപെട്ടവരുടെ വേർപാടിൽ കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഉത്തരവാദപ്പെട്ടവരുടെ കരുതലില്ലായ്മയും അലംഭാവവുമാണ് സംഭവത്തിനിടയാക്കിയത് എന്നാണു പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് അവിടെ വെടിക്കെട്ട് നടത്തിയത്. അത്തരത്തിലൊരു നിയമവിരുദ്ധ പ്രവർത്തനം കൺമുന്നിൽ നടന്നിട്ടും അധികൃതർ കാണിച്ച അനാസ്ഥയാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്നും നാം തിരിച്ചറിയണം. മുൻപ് ഒക്കെ തന്നെ ഉണ്ടായ അപകടങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുൻകരുതലുകൾ സ്വീകരിക്കാതെ മുന്നോട്ട് പോകുന്ന രീതി നമ്മൾ അവസാനിപ്പിച്ചേ മതിയാകൂ. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവരുടെ ചികിത്സക്കും ആവശ്യമായ അടിയന്തിര സഹായങ്ങൾ നൽകണമെന്നും സർക്കാരിനോട് കല ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കാളികളാകാൻ പ്രവാസി കുടുംബങ്ങളടക്കമുള്ള എല്ലാവരോടും കല കുവൈറ്റ് പ്രസിഡണ്ട് ആർ. നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ.നൗഷാദും അഭ്യർത്ഥിച്ചു.