കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ ഹൃദയസംബന്ധമായ അസുഖം മൂലം ആശുപത്രിയിലാവുകയും പിന്നീട് ജോലി നഷ്ടപ്പെടുകയും ചെയ്ത പാലക്കാട് സ്വദേശി മാണിക്യം ചാമിയപ്പന് കല കുവൈറ്റ് നാട്ടിലേക്കു പോകുവാനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകി. അബ്ബാസിയ കലാ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, പ്രസിഡണ്ട് ആർ. നാഗനാഥന്റെ സാന്നിദ്ധ്യത്തിൽ മാണിക്യത്തിന് യാത്രക്കുള്ള ടിക്കറ്റ് കൈമാറി.

അനാരോഗ്യ അവസ്ഥയിൽപ്പോലും കമ്പനി അധികൃതരുടെ അശ്രദ്ധയും, വിസ റദ്ദുചെയ്യാനായി വലിയൊരു തുക തിരിച്ചടക്കണമെന്ന കമ്പനിയുടെ പിടിവാശിയും മൂലം നാട്ടിൽപോകാൻ വഴിയില്ലാതെവന്നപ്പോഴാണു മാണിക്യം കല കുവൈറ്റ് പ്രവർത്തകരുമായി ബന്ധപ്പെട്ടത്. കല കുവൈറ്റ് പ്രവർത്തകർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മാണിക്യത്തിന്റെ വിസ റദ്ദു ചെയ്ത് പാസ്സ്‌പോർട്ട് തിരികെ നൽകുകയും അദ്ദേഹം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. സുരക്ഷിതമായി നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം കല കുവൈറ്റ് നൽകിയ സേവനങ്ങൾക്കുള്ള നന്ദി അറിയിച്ചു.