കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് നവംബർ മാസം 13ന് നടത്തിയ ഇന്ത്യൻ സ്‌കൂളുകളിലെ കുട്ടികൾക്കായുള്ള 'മഴവില്ല്2015' ചിത്രരചനാമത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ വച്ച് നിർവ്വഹിച്ചു. കല പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യൻ എംബസ്സി കമ്മ്യൂണിറ്റി അഫെയേർസ് ഓഫീസർ എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.

നാല് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സ്വർണ്ണ മെഡലുകളും പ്രോത്സാഹന സമ്മാനങ്ങളും എ.കെ. ശ്രീവാസ്തവ, അഷറഫ് കാളത്തോട്, ലിസി കുര്യാക്കോസ്, കൂടാതെ കലയുടെ കേന്ദ്രക്കമ്മിറ്റി അംഗങ്ങളും മുതിർന്ന പ്രവർത്തകരും ചേർന്ന് വിതരണം ചെയ്തു. വിജയികൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ശ്രീ. അബ്ദുൾ റഹീം സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിന് കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറീ മൈക്കിൾ ജോൺസൺ നന്ദിയും രേഖപ്പെടുത്തി.

കിന്റർഗാർഡൻ വിഭാഗത്തിൽ ഭാവൻസിലെ എറിൻ ലിസ് ജെയ്‌സൺ, സബ് ജൂനിയർ വിഭാഗത്തിൽ കാർമൽ സ്‌കൂളിലെ ഹരിഗോവിന്ദ് സജിത്ത്, ജൂനിയർ വിഭാഗത്തിൽ ഭാവൻസിലെ എം നന്ദകൃഷ്ണൻ, സീനിയർ വിഭാഗത്തിൽ ഭാവൻസിലെ തന്നെ കാതറിൻ വിസ്മയ ബിജു എന്നിവർ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളിലെ വ്യക്തിഗത ജേതാക്കൾക്കുള്ള സ്വർണ്ണമെഡലുകൾ സ്വീകരിച്ചു. കിന്റർഗാർഡൻ വിഭാഗത്തിൽ നികിഷ രണ്ടാം സ്ഥാനവും, റെയ്ൻ മേരി ജോൺ, സാനിയ സഹ്‌റ, ജൊഹാൻ സ്മിജോ എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. സബ് ജൂനിയർ വിഭാഗത്തിൽ എബിൻ ബാബു രണ്ടാം സ്ഥനവും ലെൻ ഷിജു, ഫെമി ജോയി എന്നിവർ മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ വൈഷ്ണവ് അനിൽ കുമാർ രണ്ടാം സ്ഥാനവും അഞ്ജലി സന്തോഷ് കുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ കരോൾ മേരി തോമസ് രണ്ടാം സ്ഥാനവും, അലന ആൻ പ്രകാശ്, താഹിർ അലി ബന്ദൂക്‌വാല എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു. വിവിധയിനം പ്രോത്സാഹന സമ്മാനങ്ങളും ഇതോടൊപ്പം വിതരണം ചെയ്തു.

ഇതോടനുബന്ധിച്ച് കല കുവൈറ്റ് മാതൃഭാഷാ പഠനപദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളിലെ പ്രതിമാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പഠന ക്ലാസ്സുകളിലെ കുട്ടികളുടെ ഭാഷാസംവാദം ശ്രദ്ധേയമായി. രണ്ട് ഗ്രൂപ്പുകളിലായി 6 കുട്ടികൾ പങ്കെടുത്ത സംവാദം സുരേഷ് കുമാർ നിയന്ത്രിച്ചു. പ്രമുഖ സാഹിത്യകാരൻ അഷറഫ് കാളത്തോട് ജഡ്ജ് ആയ സംവാദത്തിൽ മലയാള ഭാഷയുടെ ഉപയോഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംഭാഷണങ്ങൾ ഉയർന്നുവന്നു. മികച്ച രീതിയിൽ സംവാദത്തിൽ പങ്കെടുത്ത ദേവി, എബിൻ, അഭിനവ് എന്നിവരടങ്ങിയ ഗ്രൂപ്പ് വിജയികളായി. പരിപാടിയിൽ വ്യക്തിഗത മികവ് പുലർത്തിയതിന് എബിനെ ഒന്നാമതായും ഐറിനെ രണ്ടാമതായും തിരഞ്ഞെടുത്തു. പങ്കെടുത്തവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് കലയുടെ മുതിർന്ന അംഗവും പ്രമുഖ സാഹിത്യകാരനുമായ സാം പൈനുംമൂട്, സാംസ്‌കാരിക പ്രവർത്തകനായ ഹെർമൻ എന്നിവർ സംസാരിച്ചു.

ബാലവേദി ക്ലബ്ബുകളിലെ അംഗങ്ങളും, വിവിധ മാതൃഭാഷ പഠന ക്ലാസ്സുകളിലെ കുട്ടികളും പരിപാടിയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിച്ചു. കല കുവൈറ്റ് അബ്ബാസിയ മേഖലയിലെ സജീവ പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.