നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് വൻ ദേശീയ പ്രാധാന്യം: മെയ് മാസം 16 ന് ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ദേശീയതലത്തിൽ വൻ പ്രാധാന്യമാണ് കൈവന്നിട്ടുള്ളതെന്ന് എം.ബി രാജേഷ് എംപി അഭിപ്രായപ്പെട്ടു. തീവ്ര ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയും, മതനിരപേക്ഷ ധൈഷണികതക്കുനേരെ ഭരണകൂട വിധ്വംസക പ്രവർത്തനങ്ങൾ കൊണ്ടും രാജ്യത്തു ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതകൾ കൊണ്ടും ആർ.എസ്.എസ് നിയന്ത്രിക്കുന്ന മോദി ഗവൺമെന്റ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

''തിരഞ്ഞെടുപ്പും ഇന്ത്യൻ രാഷ്ട്രീയവും'' എന്ന വിഷയത്തിൽ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓർമ്മ ഒരു ആയുധമാണ്. അതു രാഷ്ട്രീയമായ ഒരു പ്രക്രിയയാണ്. ജീവിതത്തെ സമര നിർഭരമാക്കിയ ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് തിരുമേനി എന്നിവരെ അനുസ്മരിച്ചുകൊണ്ടായിരുന്നു രാജേഷ് തന്റെ പ്രഭാഷണം ആരംഭിച്ചത്.

മോദി ഗവൺമെന്റ് നടപ്പിലാക്കുന്ന തീവ്ര ഉദാരവത്കരണ നയങ്ങൾ, വർദ്ധിച്ചു വരുന്ന വർഗീയ ഭീകരത, ഭരണകൂട അമിതാധികാര പ്രവണതകൾ ഇവക്ക് നേരെ വർദ്ധിച്ച ജനരോഷമായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമാകാൻ പോകുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു. നവ ഉദാരവത്കരണ നയങ്ങളിലൂടെ ''നല്ല ദിനങ്ങൾ'' വന്നത് ഇന്ത്യയിലെ കുത്തകൾക്കാണ്. മറിച്ച് സാധാരണക്കാരന്റെ ജീവിതം നാൾക്കുനാൾ ദുസ്സഹമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അസംതൃപ്തിയെ മറികടക്കാനാണ് അക്രമോത്സുകമായ വർഗീയത നടപ്പാക്കുന്നത്. നുണ പ്രചാരണം വ്യാപകമാണ് ഇന്ത്യയിൽ. ജെ.എൻ.യുവിലും ഹൈദ്രാബാദ് സർവ്വകലാശാലയിലും, പൂണെ ഫിലിം ഇൻസ്റ്റിട്യൂട്ടിലും എല്ലാം നാം കണ്ടത് മറ്റൊന്നുമല്ല. ''മെയ്കിങ് ഇന്ത്യക്ക് പകരം ബ്രേക്കിങ് ഇന്ത്യ''യാണ് ഇന്ന് മാതൃരാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തെയും അതുയർത്തുന്ന ധൈഷണിക പ്രവർത്തങ്ങളേയും ഇല്ലായ്മ ചെയ്യുക എന്നതാണ് ആർ.എസ്.എസ് നേതൃത്വം നൽകുന്ന മോദി ഗവൺമെന്റിന്റെ പ്രധാന അജണ്ടയെന്നും രാജേഷ് വ്യക്തമാക്കി. സംഘപരിവാറിന്റെ ഹിന്ദുത്വം യഥാർത്ഥ ഹിന്ദുത്വമല്ല. ഐ.എസ്.എസ്സിന്റെ ഇസ്ലാം യഥാർത്ഥ ഇസ്ലാമിക ചിന്തകൾ അല്ലാത്തതുപോലെ. സംഘപരിവാറിന്റെ കാവി ഹിംസയുടേതാണ്. മറിച്ച്, സ്വാമി വിവേകാനന്ദന്റെ കാവി പരിത്യാഗത്തിന്റേതായിരുന്നു. അദ്ദേഹം സദസ്സിനോടായി പറഞ്ഞു.

ദേശസ്‌നേഹികളും ദേശവിരുദ്ധരുമെന്നതാണ് ആർ.എസ്.എസ് മുദ്രാവാക്യം. നാഥുറാം ഗോഡ്‌സെയെ ദേശസ്‌നേഹിയും ഗാന്ധിജിയെ ദേശദ്രോഹിയുമാക്കുന്ന സംഘപരിവാർ താൽപര്യം ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വർഗീയതയേയും രാജ്യത്ത് നടപ്പിലാക്കുന്ന ഉദാരവത്കരണ സാമ്പത്തിക നയങ്ങളേയും രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും എതിർക്കുവാൻ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണ്. അതിന് ചുക്കാൻ പിടിക്കുന്ന സിപിഐ.എമ്മിനെ തകർത്താൽ ആർ.എസ്.എസ് അജണ്ട അനായാസമാകും എന്ന് ബിജെപി കരുതുന്നു. ഈ രാഷ്ട്രീയത്തെ തിരിച്ചറിയുന്നവരായിരിക്കും കേരള ജനത എന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ഒത്തുതീർപ്പിന്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സ് കേരളത്തിൽ ലക്ഷ്യമിടുന്നത്. കോ.ലീ.ബി സഖ്യം അഥവാ ബേപ്പൂർ മോഡൽ നാം കണ്ടതാണ്. ഇക്കുറിയും മതനിരപേക്ഷത ക്ഷീണിക്കുമ്പോൾ കേരളീയർ അതിന്റെ കാവലാളാകാൻ ശ്രദ്ധിക്കുമെന്നും ഒരിക്കൽ കൂടി കേരളത്തിനും ഇന്ത്യക്കും മാതൃകയാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് തന്റെ നീണ്ട പ്രഭാഷണം അവസാനിപ്പിച്ചത്.

കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥന്റെ അധ്യക്ഷതയിൽ കൂടിയ സെമിനാറിന് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം ആശംസിച്ചു. ശ്രീലാൽ(കേരള അസോസിയേഷൻ), സത്താർ കുന്നിൽ (ഐ.എൻ.എൽ), വർഗീസ് പുതുകുളങ്ങര (ഒ.ഐ.സി.സി), ബഷീർ ബാത്ത (കെ.എം.സി.സി), ശാന്ത ആർ. നായർ (വനിതാവേദി), എൻ. അജിത്ത് കുമാർ (കല കുവൈറ്റ്) എന്നിവരും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.

സമ്മേളനത്തിൽ കല കുവൈറ്റ് പ്രവർത്തകൻ ചുനക്കര രാജപ്പൻ എഴുതിയ ''അഭയം തേടുന്നവർ'' എന്ന കഥാസമാഹാരം സാംസ്‌കാരിക പ്രവർത്തകൻ സാം പൈനുംമൂടിന് നൽകിക്കൊണ്ട് എം.ബി. രാജേഷ് പ്രകാശനം നിർവ്വഹിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി സജീവ് എം. ജോർജ്ജ് പുസ്തകം സദസ്സിന് പരിചയപ്പെടുത്തി.

ഇ.എം.എസ്, എ.കെ.ജി, ബിഷപ്പ് പൗലോസ് മാർ പൗലോസ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് പ്രജീഷ് കുറിപ്പ് അവതരിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ തിങ്ങിക്കൂടിയ നിറഞ്ഞ സദസ്സിന് കല കുവൈറ്റ് ട്രഷറർ അനിൽ കൂക്കിരി നന്ദിയും രേഖപ്പെടുത്തി. കല കുവൈറ്റ് കുടുംബാംഗങ്ങൾ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടികളോടെയാണ് സമ്മേളനം ആരംഭിച്ചത്.