കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ബഹറൈൻ എക്‌സ്‌ചേഞ്ച് കമ്പനിയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബാലകലാമേളയിൽ 18 പോയിന്റുകൾ നേടി മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിലെ രോഹിത് എസ്. നായർ കലാപ്രതിഭയായും 17 പോയിന്റുകൾ നേടി അമ്മാൻ ബ്രാഞ്ച് ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിലെ അന്ന എലിസബത്ത് രാജു കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു.

76 പോയിന്റുകൾ കരസ്ഥമാക്കി അമ്മാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി. 65 പോയിന്റുകളോടെ ഡൽഹി പബ്ലിക്ക് സ്‌കൂളാണ് രണ്ടാംസ്ഥാനത്തെത്തിയത്. ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങൾ കല കുവൈറ്റ് വെബ്‌സൈറ്റിൽ (www.kalakuwait.com) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മറ്റ് മത്സരങ്ങളുടെ വിജയികളെ മത്സരവേദിയിൽ വച്ച് തന്നെ പ്രഖ്യാപിച്ചിരുന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ കല കുവൈറ്റിന്റെ മെഗസ്സാംസ്‌കാരിക മേളയായ സമന്വയം-2016 ന്റെ വേദിയിൽ വച്ച് മെയ് 27ന് സമ്മാനിക്കുന്നതായിരിക്കും.