കുവൈറ്റ് സിറ്റി: ''മലയാളത്തെ രക്ഷിക്കുക, സംസ്‌കാരത്തെ തിരിച്ചറിയുക'' എന്ന ലക്ഷ്യവുമായി കഴിഞ്ഞ 25 വർഷമായി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സംഘടിപ്പിച്ചു വരുന്ന മലയാള ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായുള്ള ഭാഷാ സമിതി രൂപീകരിച്ചു. മാതൃഭാഷാ പഠനം അന്യമായ കുവൈറ്റിലെ ആയിരക്കണക്കിന് പ്രവാസി വിദ്യാർത്ഥികളാണ് കല കുവൈറ്റ് സ്‌കൂൾ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന മലയാളം ക്ലാസ്സുകളിൽ പങ്കെടുത്ത് പഠിക്കുന്നത്. ഈ വർഷത്തെ പഠന പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം 27 ന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാപ്രോഗ്രാമായ സമന്വയം 2016 ന്റെ വേദിയിൽ വച്ച് നിർവ്വഹിക്കും.

അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ആർ. നാഗനാഥന്റെ അധ്യക്ഷതയിൽ ചേർന്ന സമിതി രൂപീകരണ യോഗത്തിന് ആക്ടിങ് സെക്രട്ടറി ടി.കെ. സൈജു സ്വാഗതം ആശംസിച്ചു. കഴിഞ്ഞ രജത ജൂബിലി വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സാം പൈനുംമൂട് അവതരിപ്പിച്ചു. നൂറോളം ക്ലാസ്സുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികളാണ് കഴിഞ്ഞവർഷത്തിൽ മാതൃഭാഷ പഠനത്തിനായെത്തിയത്.

രജത ജൂബിലി വർഷത്തെ സമിതി ചെയർമാൻ ജോൺ മാത്യു, ജോയി മുണ്ടക്കാടൻ, ജെ. ആൽബർട്ട്, മലയിൽ മൂസക്കോയ, തോമസ് മാത്യു കടവിൽ, എസ്. എ. ലബ്ബ, രഘുനാഥൻ നായർ, ബഷീർ ബാത്ത, റിയാസ്, അസീസ് തിക്കൊടി, സുജൈയ് മിത്തൽ, അബ്ദുൾ ഫത്ത, ധർമ്മരാജ് മടപ്പിള്ളി, അഷറഫ് കാളത്തോട്, എൻ. അജിത്ത് കുമാർ, ലിസി കുര്യാക്കോസ്, വി. അനിൽ കുമാർ, സാജു, ജയകുമാർ എന്നിവർ സംസാരിച്ചു.

ഈ വർഷത്തെ മാതൃഭാഷ സമിതിയുടെ രക്ഷാധികാരികളായി ജോൺ മാത്യു, സാം പൈനുംമൂട്, മൂസക്കോയ എന്നിവരേയും 20 അംഗ ഉപദേശക സമിതിയേയും ജനറൽ കൺവീനറായി സജിത സ്‌കറിയ, കൺവീനർമാരായി ഷാജു വി. ഹനീഫ്, റെജി ജേക്കബ്, മേഖല കൺവീനർമാരായി പ്രിൻസ്റ്റൺ ഡിക്രൂസ് (അബ്ബാസിയ), കിരൺ പി.ആർ (സാൽമിയ), അശോക് കുമാർ (അബു ഹലീഫ), ജ്യോതിഷ് പി.ജി. (ഫഹാഹീൽ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിക്ക് കൺവീനർ ഷാജു വി. ഹനീഫ് നന്ദി രേഖപ്പെടുത്തി.