കുവൈറ്റ് സിറ്റി: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല ചെയ്യപ്പട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ, കൊലപാതകിയെയും, രക്ഷപെടാൻ പഴുതുകൾ നൽകിയവരെയും നിയമത്തിന്

മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ നൽകണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തെ ജാഗ്രവത്താക്കണമെന്നും കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സാൽമിയ മേഖലയിൽ സംഘടിപ്പിച്ച പ്രതിരോധ സദസ്സിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ ആവശ്യപെട്ടു. ഊഴം കാത്തിരിക്കുന്ന ജിഷമാർ ഇനിയുമുണ്ടാകുമല്ലോയെന്ന ഉൽകണ്ഠയും സദസ്സ് പങ്കുവച്ചു.

സാൽമിയ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ റെഡ്ഫ്‌ലൈയിം ഓഡിറ്റോറിയത്തിൽ വച്ച് ദിലിപ് നടേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിരോധ സദസ്സ് കല പ്രസിഡണ്ട് ആർ.നാഗനാഥൻ ഉൽഘാടനം ചെയ്തു. മേഖലാ സെക്രട്ടറി രമേഷ് കണ്ണപുരം സ്വാഗതവും സാൽമിയ യൂണിറ്റ് കൺവീനർ മധുകൃഷ്ണ നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ ജസ്‌ന ടീച്ചർ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.

കല കുവൈറ്റ് കേന്ദ്ര, മേഖല സമിതി അംഗങ്ങളും യുണിറ്റ് കൺവീനർമാരും മറ്റു അംഗങ്ങളും സദസ്സിൽ പങ്കെടുത്ത് സംസാരിച്ചു. ഈ പ്രവാസഭൂമിയിലും പിറന്നനാടിന്റെ സ്പന്ദനങ്ങൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്ന പ്രവാസികൾ, നീതിനടപ്പിലാക്കേണ്ടവർ കാട്ടുന്ന അനാസ്ഥക്കെതിരെയും നിസംഗതക്കെതിരെയും കടുത്ത പ്രതിഷേധത്തിന് എന്നും മുൻപന്തിയിലുണ്ടാവുമെന്ന് ഐക്യദാർഢ്യസംഗമത്തിൽ പ്രഖ്യാപിച്ചു.