കുവൈറ്റ് സിറ്റി: കല-കുവൈറ്റ് പ്രതിനിധി സംഘം ഇന്ത്യൻ അംബാസ്സഡറെ സന്ദർശിക്കുകയും വിവിധ ആവശ്യങ്ങളടങ്ങിയ മെമോറാണ്ടം സമർപ്പിക്കുകയും ചെയ്തു. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടു വിവിധ വിഷയങ്ങൾ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തുകയും ചർച്ച ചെയ്യുകയും ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന പ്രശ്‌നങ്ങളിൽ എംബസ്സി ശക്തമായി ഇടപെടുക, ഇന്ത്യൻ സമൂഹത്തിനു സ്വന്തമായ ഈ സ്ഥാപനം എംബസ്സിയുടെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കുക, സ്‌കൂളുമായി ബന്ധപ്പെട്ടു വ്യക്തമായ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ എംബസ്സി കൃത്യമായ അന്വേഷണം നടത്തുകയും ധവളപത്രം പുറത്തിറക്കുകയും ചെയ്യുക, പുതിയ സ്‌കൂൾ ബോർഡ് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കുക, ഇന്നും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലാത്ത നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടു നിലനില്ക്കുന്ന പ്രശ്‌നങ്ങൾ സർക്കാർ ഇടപെട്ടു ഉടനടി പരിഹരിക്കുക, ഇഖാമ പ്രശ്‌നങ്ങളിൽപ്പെട്ടു ജയിലിൽ കഴിയുന്ന നൂറുകണക്കിന് ഇന്ത്യക്കാരെ പ്രത്യേക വിമാനസർവീസുകൾ ഏർപ്പെടുത്തി നാട്ടിലേക്കു അയക്കുവാനുള്ള നടപടി എടുക്കുക, തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് ബഹുമാനപ്പെട്ട ഇന്ത്യൻ അംബസ്സഡർക്കു സമർപ്പിച്ചത്.

കല പ്രസിഡന്റ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സി. കെ. നൗഷാദ്, അബ്ബാസിയ, സാൽമിയ മേഖലാസെക്രട്ടറിമാരായ മൈക്കിൽ ജോൺസൺ, രമേശ് കണ്ണപുരം, സാമൂഹിക വിഭാഗം സെക്രട്ടറി ജിജോഡൊമിനിക് എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. കലയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.