- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റിൽ കളയേണ്ട 'കള'; ടൊവീനോ ചിത്രത്തിനുവേണ്ടിയുള്ള തള്ളലുകൾ വ്യാജം; രണ്ടാം പകുതിയിൽ പകുതിയോളം മനസ്സു മടുപ്പിക്കുന്ന തല്ലോട് തല്ല്; ഇത് ആദിവാസിയെ അപമാനിക്കുന്ന ചിത്രം; സ്വത്വഷുഡു വാദം മലയാള സിനിമയ്ക്കും ഭീഷണിയാവുമ്പോൾ
തീയേറ്റർ റിലീസിന്റെ സമയത്ത് വളരെ മോശം അഭിപ്രായം ഉയർന്നതുകൊണ്ട് കാണാതിരുന്ന സിനിമയാണ് ടൊവീനോ തോമസ് നായകനായ 'കള'. കോവിഡ് ഭീതി മാറാത്ത കാലത്തായിരുന്നു റിലീസ് എന്നതും കാണാതിരിക്കാനുള്ള മറ്റൊരു കാരണമായി. എന്നാൽ ഈ പടം ഒ.ടി.ടിയിൽ ഇറങ്ങിയപ്പോളാണ് ഫേസ്ബുക്കിൽ തള്ളിമറയ്ക്കലുകൾ കണ്ട് അമ്പരന്നു പോയത്. കീഴാളന്റെ വിജയം അടയാളപ്പെടുത്തുന്ന ചിത്രമാണെത്രേ ഇത്. നാഗരികനും ആദിവാസിയും തമ്മിലുള്ള സംഘർഷത്തിന്റെ വർഗരാഷ്ട്രീയം പേറുന്ന ചിത്രമെന്നാണ് ഇത് വിലയിരുത്തപ്പെട്ടത്.
ആദിമമനുഷ്യന്റെ വന്യവും പ്രാക്തനവുമായ അതിജീവനവാസനകളെ തലമുറകൾക്കിപ്പുറവും രക്തത്തിൽ പേറുന്ന കരുത്തനായ കീഴാളനാണ് സുമേഷ് മൂർ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും, ഈ പ്രകൃതിയിൽനിന്ന് പറിച്ചെറിയേണ്ട കളയേത് എന്ന ചോദ്യമാണ് സിനിമ ഉയർത്തുന്നത് ്എന്നുംമറ്റുമുള്ള നിരൂപണങ്ങൾ കേട്ടപ്പോൾ വലിയ നഷ്ടബോധം തോന്നി. അയ്യോ ഇതുപോലെ ഒരു ചിത്രം കാണാതെ പോവുകയോ. എന്നാൽ സൈന ഒ.ടി.ടിയിൽ 98 രൂപകൊടുത്ത് ചിത്രം കണ്ടപ്പോൾ, ശരിക്കും വട്ടായ അനുഭവമായിപ്പോയി. വിഷ്വൽ ഭംഗിമാത്രമുള്ള ഒരു പൊട്ട സിനിമ. ദളിതനെയും ആദിവാസിയെയും അപമാനിക്കുന്ന ചിത്രം കൂടിയായണ് ഇതെന്നാണ് ഈ ലേഖകന് തോന്നിയത്. എവിടെയും പക്ഷം പിടിക്കുന്ന സ്വത്വരാഷ്ട്രീയ നിരുപകർ മലയാള സിനിമക്കും വലിയ ശാപമാവുകയാണ്. അവർ തള്ളിവിടുന്നത് അപ്പടി നുണയാണ്.
ഛായാഗ്രഹണത്തിലെും എഡിറ്റിങ്ങിലെയും ചടുലതയും, കരുത്തും ഒഴിവാക്കിയാൽ ചിത്രം ആറ്റിൽ കളയേണ്ട കള തന്നെയാണ്. കഥയും തിരക്കഥയും അഞ്ചു പൈസക്ക് കൊള്ളില്ല. പക്ഷേ ആദ്യ പകുതിയിലെ ആ ഫിയർ മോങ്കറിങ്ങിൽ രോഹിത് വി എസ് എന്ന സംവിധായകന്റെ തന്റെ കൈയൊപ്പ് ഇടുന്നുണ്ട്. അപാരമായ ഫ്രയിം സെൻസുള്ള സംവിധായകനാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കള എന്ന ചിത്രം പാളിപ്പോയെങ്കിലും നല്ലൊരു കഥ കിട്ടിയാൽ ഈ സംവിധായകൻ തകർക്കുമെന്ന് ഉറപ്പാണ്.
ഓപ്പറേഷൻ സക്സസ് പക്ഷേ രോഗി മരിച്ചു
ഈ പടത്തിന്റെ ഏറ്റവും വലിയ പ്രശ്നം എന്നു പറയുന്നത് അതിന്റെ കഥയും തിരക്കഥയും തന്നെയാണ്. സംവിധായകനൊപ്പം യദു പുഷ്പാകരനും ചേർന്നാണ്, സമാനബുദ്ധിക്ക് ഒട്ടം നിരക്കാത്ത പൊട്ടക്കഥ പടച്ചുണ്ടാക്കിയത്. കഥ നടക്കുന്നത് ഒറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലത്താണ്. ഏക്കറുകണക്കിന് കൃഷിയിടമുള്ള ഒരു പറമ്പിലെ ഒരു വീട്ടിലെ താമസക്കാരനാണ് കഥാനായകൻ ടൊവീനോ തോമസിന്റെ കഥാപാത്രം ഷാജി. ഭാര്യയും മകനും ഒപ്പം കഴിയുന്ന അയാൾ ശരിക്കും ഒരു ലൂസർ ആണ്. എന്തൊക്കെയോ കൃഷി നടത്തി ഒരുപാട് നഷ്ടം വന്നവൻ. ചിത്രം ഏത് കാലഘട്ടത്തിലാണ് നടക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, 1996നും 1998നുമിടയിലാണ് കാലം എന്ന് ഊഹിക്കാവുന്നതാണ്. വൈദ്യുതി നിരക്ക് വർധിപ്പിക്കില്ലെന്ന മന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം, ഷാജിയുടെ ഭാര്യ വിദ്യ വായിക്കുന്ന 'ഗോഡ് ഓഫ് സ്മോൾ തിങ്സ്' എന്നിവയിൽ അതിനുള്ള സൂചനയുണ്ട്. ടിപ്പിക്കൽ മല്ലു മധ്യവർഗ കുടുംബങ്ങളിലെന്നപോലെ, ഷാജിക്ക് പേടിയാണ് തന്റെ പിതാവിനെ. ലാലിന്റെ ടൈപ്പ് അഭിനയമല്ല, ശരിക്കും ആ ടെടർ ഫീൽ ചെയ്യിക്കുന്നുണ്ട് ആ പിതാവ് നോട്ടത്തിലും ഭാവത്തിലും.
ചിത്രത്തിന്റെ ആദ്യത്തെ അര മണിക്കൂറിൽ കാണാം സംവിധായകന്റെ ക്രാഫ്റ്റ്. അച്ഛൻ, മകൻ, ഭാര്യ ബന്ധങ്ങളിലൂടെ കഥ പറയുമ്പോഴൊക്കെ ആസന്നമായ ഒരു ദുരന്തത്തിന്റെ ആവേഗങ്ങൾ ഒരോഷോട്ടിലും കാണാം. താർക്കോവിസ്ക്കിയുടെ ചിത്രങ്ങളെയൊക്കെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇവിടെ രോഹിത് രംഗങ്ങൾ ഒരിക്കിയിരിക്കുന്നത്. അഖിൽ ജോർജിന്റെ ക്യാമറയുടെ മിടുക്കും പ്രകടം. ഭാവിയുള്ള ഛായാഗ്രാഹകനാണ് ഇയാൾ. ഒരു സാധാരണ കുടുംബത്തിന്റെ ദിനചര്യകൾ കാണിക്കുമ്പോൾ തന്നെ, കഥയുടെ ഉള്ളടക്കത്തിലേക്ക് സംവിധായകൻ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ആൺകുട്ടികൾ കരയരുതെന്ന് പറഞ്ഞ് മകനെ ഉപദേശിക്കുന്ന ഷാജി ഒരു സൂചകമാണ്. പൊളിഞ്ഞ കൃഷിയുടെ ബാധ്യതകളും, മുടിയനായ പുത്രനോടുള്ള പിതാവിന്റെ സമീപനവുമൊക്കെ ഒരു നോട്ടത്തിലും വാക്കിലുമൊക്കെ പ്രകടം. ആദ്യത്തെ അരമണിക്കൂർ കഴിയുമ്പോൾ നിങ്ങൾക്ക് കിട്ടുക, അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഒരു അനുഭൂതിയാണ്. ഷാജിയും ഭാര്യയും തമ്മിൽ പകൽ സമയത്തുള്ള ഒരു സെക്സുണ്ട്. വെളിച്ചം പറ്റില്ലെന്ന് ഭാര്യ പറയുമ്പോൾ ഷാജി അവളുടെ കണ്ണുകെട്ടുന്നതും പിന്നെ കണ്ണ് അഴിക്കുന്നതുമൊക്ക നാം കണ്ണിമക്കാതെ നോക്കി നിന്നുപോകും. എല്ലാറ്റിനും ഒരു പുതിയ സൗന്ദര്യം.
രണ്ടാം പകുതിയിൽ തല്ലോട് തല്ല്
എന്നാൽ മിനുട്ടുകൾ കഴിഞ്ഞില്ല പടത്തിന്റെ മൂഡ് മൊത്തം മാറുകയാണ്. ഷാജിയുടെ പറമ്പിൽ അടക്ക പറിക്കാൻ എത്തുന്ന ഒരു സംഘത്തിലെ ഒരാൾ അയാളെ ടാർജറ്റ് ചെയ്യുകയാണ്. സമേഷ് മൂർ തകർത്ത് അഭിനയിച്ച ആ ആദിവാസി കഥാപാത്രം വരുന്നതോടെ ചിത്രത്തിന്റെ നല്ലൊരു സമയവും അപഹരിക്കുന്നത് ടൊവീനോയും സുമേഷ് മൂറും തമ്മിലുള്ള വന്യമായ സംഘട്ടത്തിലൂടെയാണ്.
അവിടുന്നങ്ങാട്ട് ചിത്രം അഞ്ചുപൈസക്ക് നിലവാരം ഇല്ലാതാവുകയാണ്. കാർട്ടുൺ കഥാപാത്രങ്ങളെ നാണിപ്പിക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ. ആദ്യം ടൊവീനോ അടിച്ചും തൊഴിച്ചും ചെപ്പക്കിട്ടും മൂറിനെ ഒരു വഴിക്കാക്കും. അങ്ങനെ ചത്തുവെന്ന് തോന്നുന്നിടത്തുനിന്ന് മൂർ പിടഞ്ഞ് ഏണീറ്റ് ടൊവീനോയെ പഞ്ചറാക്കും. ശരീരശാസ്ത്രത്തെക്കുറിച്ചൊന്നും യാതൊരു ധാരണയും സംവിധായകന് ഇല്ല. കമ്പിപ്പാരകൊണ്ടും വടികൊണ്ടുമൊക്കെ തലക്ക് അടികൊണ്ട് ചോര ചീറ്റിയിട്ടും ഇരുവരും വീണ്ടും എഴുനേറ്റ് വരുന്നു. മുള്ളുകൊണ്ടും കമ്പികൊണ്ടും ദേഹമാസകലം ചോര ഒലിപ്പിച്ചിട്ടും അടിയോടടി. മൂറിനെ വലിച്ച് കെട്ടിത്തൂക്കിയിട്ടും അയാൾ ഒരു സർക്കസ് അഭ്യാസിയെപ്പോലെ തിരിച്ചുവരുന്നു. ഈ തല്ലുകണ്ട് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയ കുറിപ്പ് ഇങ്ങനെ 'കെട്ടിയോനെ ഒരുത്തൻ എടുത്തിട്ടു പൂശി കൊല്ലാൻ തുടങ്ങിയിട്ടും ഫോണിൽ പൊലീസിനെ വിളിക്കുകയോ നാട്ടുകാരെ വിളിച്ചു കൂട്ടുകയോ ചെയ്യാത്ത പതിവ്രത ആയ സ്നേഹ സമ്പന്ന ആയ ഭാര്യ. മകനെ കൊല്ലാൻ തുടങ്ങിയിട്ടും മറ്റവൻ ചത്തുപോകുമെടാ എന്ന് പറയുന്ന തന്ത. ആകെ മുഴുവൻ വയ്ക്കോലിൽ ഇട്ട് ചക്ക വെട്ടിയ പരുവം.'- ഈ കമന്റ് ശരിക്കം അന്വർഥമാണ്. താഴ്വാരത്തിലെ മോഹൻലാലും വില്ലനും തമ്മിലുള്ളപോലെ ചില രംഗങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട് ഈ ചിത്രം. പക്ഷേ താഴ്വാരത്തിലെ അവരുടെ പകയ്ക്ക് വ്യക്തമായ കാരണം ഉണ്ട്. ഇവിടെ ആദിവാസിക്ക് നാഗരികനോട് തോനുന്ന പകയുടെ കാരണം അറിഞ്ഞാൽ പ്രേക്ഷകൻ ഞെട്ടിപ്പോകും. നാഗരികൻ ആദിവാസിയുടെ നായയെ കൊന്നത്രേ! അതും ബോധ പൂർവമല്ല. അബദ്ധത്തിൽ.
ചാപ്പാക്കുരിശിലേതുപോലെ പാളിപ്പോയ രാഷ്ട്രീയം
ഫഹദ് ഫാസിലും വിനീത് ശ്രീനിവാസും തകർത്ത് അഭിനയിച്ച ചാപ്പാക്കുരിശ് സിനിമയിൽ പറ്റിയ അതേ രാഷ്ട്രീയ അബന്ധം ഈ ചിത്രത്തിലും സംഭവിച്ചിട്ടുണ്ട്. അതിൽ നോക്കുക, ദാരിദ്രവും അപകർഷതാബോധവും അനുഭവിക്കുന്ന വിനീത് ശ്രീനിവാസന് ഒപ്പമല്ല ചിത്രം സഞ്ചരിക്കുന്നത്. കഷ്ടതകളുള്ളവൻ ക്രമിനിൽ സമാനമായ ബുദ്ധിയുള്ളവൻ ആവുമെന്ന് മോശം കാഴ്ചപ്പാടാണ് ചിത്രം പ്രകടിപ്പിക്കുന്നത്. കഥാന്ത്യത്തിൽ ഹഹദ്, വിനീതിനെ മർദിക്കുമ്പോൾ തീയേറ്റിൽ ഉയരുന്ന കൈയടി നോക്കുക. പക്ഷേ ഇതിന്റെ സൃഷ്ടാക്കൾ ഇത് അടിസ്ഥാന വർഗത്തിന്റെ വേദനയും ആകുലതയും പറയുന്ന ചിത്രമായാണ് എടുത്തത്. പക്ഷേ സിനിമ പുറത്തുവന്നപ്പോൾ അത് അടിസ്ഥാന വർഗത്തിൽപ്പെട്ട യുവാക്കളെ അപമാനിക്കുന്ന ചിത്രമായിപ്പോയി.
അതുപോലെ ആദിവാസിയുടെ ദളിതന്റെ ഭാഗത്തുനിന്ന് ചിന്തിക്കുന്നുവെന്ന്, ചില സ്വത്വ ഷുഡു നിരൂപകർ വിലയിരുത്തുന്ന ചിത്രം ഫലത്തിൽ ദലിതരെയും ആദിവാസികളെയും അപമാനിക്കയാണ്. എന്താണ് ഈ ചിത്രം ആദിവാസികളെ കുറിച്ച് പറഞ്ഞൂവെക്കുന്നത്. പല്ലിന് പല്ല് കണ്ണിണ് കണ്ണ് എന്ന രീതിയിൽ പ്രതികരിക്കുന്നവർ ആണെന്നോ. ഷാജി ആദിവാസിയുടെ നായയെ കൊല്ലുന്നത് പ്ലാൻ ചെയ്തിട്ടില്ല. തോൽവികളുടെയും കുറ്റപ്പെടുത്തലിന്റെയും ഒരു രാത്രിയിൽ അത് അയാളുടെ കൈയിൽനന്ന് അറിയാതെ വീണുപോവുകയാണ് പന്നിപ്പടക്കം വെച്ച ഒരു ഇറച്ചിക്കഷ്ണം. അത് കടിച്ചാണ് നായ ചാവുന്നത്. അതിന് പ്രതികാരം ചെയ്യാനാണ് ആ ആദിവാസിയെത്തുന്നത്. അതും നിനക്ക് ഞാൻ വേറെ നായയെ മേടിച്ചു തരാമെന്നും, എന്തുവേണമെങ്കിലും ചെയ്യാമെന്നും. പക്ഷേ ആദിവാസിക്ക് അതൊന്നും വേണ്ട. പകരം നാഗരികന്റെ കൂട്ടിലിട്ട് പരിപാലിച്ച വിദേശ നായയെ തന്നെ കൊല്ലണം. എന്തൊരു ചെന്നായ നീതി. മാത്രമല്ല മദ്യപിക്കുന്നവനും ലഹരി ഉപയോഗിക്കുന്നവനുമാണ് ഈ ചിത്രത്തിലെ ആദിവാസി. ചാപ്പാക്കുരിശിലെന്നപോലെ ഈ മാരണത്തിന് നാലെണ്ണം കൂടി കിട്ടട്ടേ എന്നാണ് പ്രേക്ഷകന് തോനുക.
അങ്ങനെ നോക്കുമ്പോൾ അടിമുടി ആദിവാസി വിരുദ്ധമാണ് ഈ ചിത്രം. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാചകം ഇങ്ങനെ.' കാട്ടുപന്നിക്കു പിറകെ വാരിക്കുന്തവുമായി ഓടുന്ന ആദിവാസിച്ചെറുക്കൻ ആരുടെ ഫാന്റസിയാണ്? ബാംബൂ ബോയ്സിലും സാൾട്ട് ആൻഡ് പെപ്പറിലും നാം പരിചയിച്ച ആദിവാസിയിൽ നിന്ന് എന്തുവ്യത്യാസമാണ് കളയിലെ മൂറിന്റെ കഥാപാത്രത്തിനുള്ളത്? ആദിവാസികളെ മ്യൂസിയും പീസുകളായി കാണുന്ന വരേണ്യബോധത്തിൽ നിന്ന് നമ്മളെന്നാണ് പുറത്തു കടക്കുക?എന്നാണ് ആദിവാസിയുടെ യഥാർത്ഥപ്രശ്നങ്ങളെ നമ്മുടെ സിനിമകൾ അഡ്രെസ്സ് ചെയ്തു തുടങ്ങുക?എന്തുകൊണ്ടാണ് ആദിവാസിയുടെ കഥ പറയുമ്പോൾ മാത്രം നമ്മൾ ഇത്രയും വ്യാജമായിപ്പോകുന്നത്?പല്ലിന് പല്ല് ചോരയ്ക്ക് ചോര ആരുടെ കുടിപ്പകാതന്ത്രമാണ്? ഒടി വച്ചാൽ തീരുമോ ദളിതന്റെ പ്രശ്നം? അഥവാ ദളിതുകളൊക്ക ഇപ്പോഴും ഒടിവിദ്യയും കൊണ്ടിരിപ്പാണോ?ഈ സിനിമയിലെ നായകൻ മൂറാണെന്ന് നിങ്ങൾക്ക് തോന്നിയോ?എങ്കിൽ നിങ്ങൾ പെട്ടിരിക്കുന്നു.ഈ സിനിമയുണ്ടാക്കിയവർ വച്ച ഒടിയാണത്.'
ആ ഒടിശരിക്കം ഏറ്റു. ഈ നിരൂപക തള്ളലിൽ ധൃതംഗ പുളകിതനായി പാവം ആ യുവ നടൻ തന്റെ കരിയർ തുലയ്ക്കുകയാണ്. പ്രഥ്വീരാജിന്റെ ഷാജി കൈലാസ് ചിത്രത്തിൽ കിട്ടിയ വേഷം അയാൾ നിരസിച്ചു കളഞ്ഞു. കാരണം നായകന്റെ തല്ലുകൊള്ളുന്ന വില്ലൻ ആവാൻ വയ്യത്രേ. ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്തുവേഷവും ചെയ്ത് പിടിച്ചു നിൽക്കേണ്ട ഒരു നടനാണ് ഇങ്ങനെ പറയുന്നത്. അന്ധമായ സ്വത്വരാഷ്ട്രീയം തലക്ക്പിടിച്ചാൽ നമുക്ക് ജീവിക്കാൻ ആവില്ല. ഇനി ഷാജിയുടെ ജീവിതം നോക്കുക. സത്യത്തിൽ അയാളും ഒരു ഇരയല്ലേ. പരാജയപ്പെട്ടുപോയ മനുഷ്യൻ. സാമ്പത്തിക പരാധീനതമൂലം സ്വന്തം പിതാവിന്റെ കുരുമുളക് കൊള്ളയടിക്കേണ്ട ഗതികേടാണ് അയാൾക്ക്. പാർട്ണർ ഷിപ്പ് കൃഷി പൊളിഞ്ഞപ്പോൾ കൂട്ടുകാരുടെയെല്ലാം കുത്തുവാക്കുകൾ അയാൾക്കുനേരെ. ഒപ്പം സ്വന്തം പിതാവും. ജോജി സിനിമയിൽ നാം കണ്ടതുപോലെ പാട്രിയാർക്കിയുടെ പരമകാഷ്ടയിൽ ജീവിക്കുന്ന ഇരകൾ. ആ അർഥത്തിൽ ആദിവാസിക്ക് തുല്യനാണ് ഈ നാഗരികനും. പക്ഷേ ചിത്രത്തിന്റെ സംവിധായകനും, നിരൂപക കേസരികൾക്കും മാത്രം അത് പിടികിട്ടിയിട്ടില്ല.
വാൽക്കഷ്ണം: അല്ലെങ്കിലും മലയാളിക്ക് ഏറെയൊന്നും പിടികിട്ടാത്ത സാധനമാണ് സിനിമയുടെ രാഷ്ട്രീയം. അടൂർഗോപാകൃഷന്റെ മുഖാമുഖത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ചിത്രമെന്ന് കേരളത്തിൽ വിമർശനം ഉയരുമ്പോൾ, അത്് കമ്യൂണിസ്റ്റ് അനുകൂല ചിത്രമാണെന്ന് പറഞ്ഞാണ് ഒരു വിദേശ ഫെസ്റ്റിവലിൽ ചിത്രത്തിന് അനുമതി നിഷേധിച്ചത്. ഇ.എം.എസും, പി ഗോവിന്ദപ്പിള്ളയും ഉൾപ്പെടുയുള്ളവർ മുഖാമുഖത്തിനെതിരെ തിരിഞ്ഞപ്പോൾ, അടൂരിനെ ഒരു നോട്ടുമാല അണിയിക്കാനാണ് എനിക്ക് തോന്നിയത് എന്നാണ് തോപ്പിൽ ഭാസി ചിത്രം കണ്ട് പ്രതികരിച്ചത്. ജയരാജിന്റെ ദേശാടനം അന്ധവിശ്വാസ ചിത്രമാണെന്ന് വ്യാപക വിമർശനം കേരളത്തിൽ ഉയർന്നപ്പോൾ, ഒരു വിദേശ ഫെസ്റ്റിവലിൽ ചിത്രം ആദരിക്കപ്പെട്ടത് അത് അന്ധവിശ്വാസത്തിനെതിരെ പൊരുതുന്ന ചിത്രം എന്നാണ്. കാരണം ഒരു കുട്ടിയുടെ ബാല്യത്തെയും കൗമാരത്തെയും ഇല്ലാതാക്കുന്ന അന്ധവിശ്വാസത്തെ തുറന്നുകാട്ടുകയാണെന്നാണ് അവിടെ ദേശാടനത്തെക്കുറിച്ച് വിലയിരുത്തൽ വന്നത്. അങ്ങേയറ്റം ആദിവാസി വിരുദ്ധവും മാനവിക വിരുദ്ധവുമായ 'കള'യെ നമ്മുടെ നടപ്പുരീതിവെച്ച് നമുക്ക് പുരോഗമന നവോത്ഥാന ചിത്രമാക്കി മാറ്റിക്കളയാം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ