- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനന്തന്റെ മണ്ണിൽ അരങ്ങുണർത്തി പ്രതീക്ഷ കാശിയും വിദ്യാമോളും: കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാളിൽ അരങ്ങേറിയത്
തിരുവനന്തപുരം: മോഹിനിനൃത്തത്തിന്റെ ലാസ്യതാളവുമായി വിദ്യാമോളും ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയും ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദിനമായിരുന്നു കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാൾ. രണ്ടാമത് കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിദ്യാമോ
തിരുവനന്തപുരം: മോഹിനിനൃത്തത്തിന്റെ ലാസ്യതാളവുമായി വിദ്യാമോളും ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയും ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദിനമായിരുന്നു കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം നാൾ.
രണ്ടാമത് കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിദ്യാമോൾ അവതരിപ്പിച്ച മോഹിനിയാട്ടം ഏവരുടേയും ശ്രദ്ധയാകർഷിക്കുന്നതായിരുന്നു. നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന മോഹിനിയാട്ടത്തിലെ ആദ്യത്തെ ഇനമായ ചൊൽകെട്ട് അവതരിപ്പിച്ച് തുടങ്ങിയ വിദ്യാമോൾ സദസ്സിന് മുന്നിൽ തന്റെ അസാമാന്യമായ നൃത്തപാഠവം വെളിവാക്കുകയായിരുന്നു. കേദാരഗൗള രാഗം ആദിതാളത്തിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി രചനയും സംഗീതവും നിർവ്വഹിച്ച ഈ ചൊൽകെട്ടിന്റെ നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തിയത് ഡോ. നീനാപ്രസാദ് ആയിരുന്നു.
ബാണായുദ്ധം ആട്ടക്കഥയിൽനിന്നും തയ്യാറാക്കിയ പാദവർണം ആയിരുന്നു വിദ്യാമോളുടെ അടുത്ത നൃത്താവതരണം. ചാരുകേശിരാഗത്തിൽ ആദിതാളത്തിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി തന്നെ സംഗീതം നിർവ്വഹിച്ച് കലാമണ്ഡലം സുഗന്ധി ദാമോദരൻ ചിട്ടപ്പെടുത്തിയ ഈ വർണം ബാണാസുര മഹാരാജാവിന്റെ പുത്രി ഉഷ, ഭഗവാൻ ശ്രീകൃഷ്ണന്റെ പൗത്രൻ അനിരുദ്ധനെ സ്വപ്‌നം കണ്ട സന്തോഷത്തിൽ ചെയ്യുന്ന നൃത്ത ഇനമായിരുന്നു.
ഉദ്യാനത്തിൽ വച്ച് പെട്ടെന്നുണ്ടായ മയക്കത്തിൽ താൻ കണ്ട സ്വപനത്തിലെ സുന്ദരനായ കുമാരനെക്കുറിച്ച് തന്റെ തോഴി ചിത്രലേഖയോട് പറയുന്നതും തോഴി കാണിച്ച് കൊടുക്കുന്ന രാജകുമാരന്മാരുടെ ചിത്രങ്ങളിൽനിന്നും തന്നെ സ്വപ്‌നത്തിൽ വശംവദയാക്കിയ അനിരുദ്ധനെ തിരിച്ചറിയുന്നതും വിദ്യാമോൾ അവതരിപ്പിച്ചത് കലാപ്രേമികളെ തെല്ലൊന്നുമല്ല രസിപ്പിച്ചത്. ബിഹാഗ് രാഗം ആദിതാളത്തിലുള്ള തില്ലാനയോട് കൂടി വിദ്യാമോൾ വേദിയോട് വിടപറയുമ്പോൾ അഭിനയവും ദൃശ്യഭംഗി തുളുമ്പിയ മോഹിനിയാട്ടം നൃത്താവിഷ്‌ക്കാരത്തിന് നിറഞ്ഞ കരഘോഷമായിരുന്നു കാണികൾ സമ്മാനിച്ചത്. നട്ടുവാംഗത്തിൽ ഡോ. നീനാ പ്രസാദും വായ്പാട്ടിൽ ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരിയും മൃദംഗത്തിൽ വിപിൻ സതീഷും വീണയിൽ മുരളികൃഷ്ണൻ അന്തിക്കാടും ഇടയ്ക്കയിൽ തൃശ്ശൂർ കൃഷ്ണകുമാറും ആയിരുന്നു വിദ്യാമോളുടെ മോഹിനിയാട്ടം നൃത്താവതരണത്തിന് പക്കമേളമൊരുക്കിയത്. വർഗ്ഗീസ് ചാലക്കുടി ചമയം ഒരുക്കി.
ശിൽപചാരുതയും ദ്രുതചലനവുമായി പ്രതീക്ഷകാശിയുടെ കുച്ചിപ്പുടി
ഭക്തർക്ക് അഭയം തരുന്ന ദേവിയുടെ ശക്തിയും സൗന്ദര്യവും പ്രകീർത്തിച്ചും, ഭക്തവത്സലനായ ശ്രീകൃഷ്ണനെ നൃത്ത ഭംഗികൊണ്ട് മനോഹരമാക്കിയും കന്നട ചലച്ചിത്രതാരവും പ്രശസ്ത കുച്ചിപ്പുടി നർത്തകിയുമായ പ്രതീക്ഷ കാശി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന കലാഭാരതി ദേശീയ യുവ നൃത്തോത്സവത്തിന്റെ രണ്ടാം ദിവസം ആരാധകരുടെ മനം കവർന്നു. കുച്ചുപ്പുടിക്ക് അനന്തപത്മനാഭന്റെ മണ്ണിൽ എത്രമാത്രം ആരാധകരും ആസ്വാദകരും ഉണ്ട് എന്നതിനും നിറഞ്ഞു കവിഞ്ഞ സദസ്സ് തെളിവായി. നീലാംബരി രാഗം ആദിതാളത്തിൽ ചിട്ടപ്പെടുത്തിയ ശൃംഗാരലഹരി എന്ന ഇനത്തോടെ തന്റെ നൃത്താവതരണം ആരംഭിച്ച പ്രതീക്ഷകാശി പിന്നിട് ഒന്നിനൊന്ന് വ്യത്യസ്തമായ ഐറ്റങ്ങളിലുടെ ആസ്വാദകരെ കൈയിലെടുത്തു. ദേവി ഭഗവതിയുടെ സൗന്ദര്യവും ശക്തിയും വർണിച്ചുള്ള ആദ്യ ഐറ്റത്തിന് പിന്നാലെ ജനുതശബ്ദം എന്ന കുച്ചിപ്പുടിയിലെ പരമ്പരാഗത നൃത്താവതരണം അതിമനോഹരമായി അവതരിപ്പിച്ച് കലാപ്രേമികളെ വിസ്മയിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ മഹാരാഷ്ട്രയിൽ ഭരണം കൈയാളിയ പ്രതാപസിങ് രാജാവിനെ പ്രകീർത്തിക്കുന്ന ഈ നൃത്തരൂപം മോഹനരാഗം ആദിതാളത്തിലായിരുന്നു ചിട്ടപ്പെടുത്തിയിരുന്നത്. പിന്നീട് കുച്ചിപ്പുടിയിലെ പ്രത്യക ഐറ്റമായ തരംഗം ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി അവതരിപ്പിച്ചത് നൃത്താസ്വാദകർക്ക് വേറിട്ട അനുഭവമായി. കുച്ചിപ്പുടിയിൽ അഭിനയിത്തിന് പ്രാധാന്യം നൽകുന്ന അഷ്ടപതി ആയിരുന്നു പ്രതീക്ഷ പിന്നീട് അരങ്ങിലെത്തിച്ചത്.
നൃത്തോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 5.30ന് നടക്കുന്ന സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് നിർവഹിക്കും. ഇ പി ജയരാജൻ എംഎൽഎ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ നൃത്തമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന കലാഭാരതി നാട്യശ്രേഷ്ഠ പുരസ്‌ക്കാരം പത്മശ്രീ കലാമണ്ഡലം ക്ഷേമാവതിക്കും നൃത്തത്തെ ജനകീയ വത്ക്കരിക്കാനുള്ള ഇടപെടലിനുള്ള നൃത്തശ്രീ അവാർഡ് മഞ്ജുവാര്യർക്കും സമ്മാനിക്കും. തുടർന്ന് നീലമന സഹോദരിമാരുടെ കുച്ചിപ്പുടി ഭരതനാട്യം ജുഗൽബന്തിയും 7.30ന് പാരീസ് ലക്ഷ്മി അവതരിപ്പിക്കുന്ന ഭരതനാട്യം നൃത്താവതരണവും ഉണ്ടാകും.