ചാലക്കുടി: ലാഭവൻ മണിയേയും കുടുംബത്തേയും കുറിച്ച് കലാഭവൻ ജിന്റോയുടെ പരാമർശങ്ങൾ കേട്ട് മണിയുടെ മൂത്ത സഹോദരി അമ്മിണി കുഴഞ്ഞുവീണു. ഒരു ചാനലിന് കലാഭവൻ ജിന്റോ നൽകിയ അഭിമുഖത്തിൽ കുടുംബാംഗളെക്കുറിച്ച് മോശമായ രീതിയിൽ പറയുന്നതു കേട്ടാണ് സഹോദരി കുഴഞ്ഞുവീണത്. മണിയുടെ മരണത്തിൽ നിന്നും കുടുംബം ഇനിയും മാനസികമായി നടുക്കം മാറാത്ത അവസ്ഥയിലാണ്. സ്വന്തം ചേട്ടനേയും അനിയനേയുമൊക്കെ നഷ്ടപെട്ട ഒരു കൂട്ടം മനുഷ്യരാണ് ഇവിടെ ഉള്ളത്. അവരെ മാനസികമായി ഉപദ്രവിക്കുന്നത് എന്തിനാണെന്നും അത്‌കൊണ്ട് ഇത്തരക്കാർക്ക് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും ആർഎൽവി രാമകൃഷ്ണൻ മറുനാടനോട് പറഞ്ഞു.

രണ്ടു ദിവസം മുമ്പ അടുത്തവീട്ടിൽ എന്തോ ആവശ്യത്തിനു പോയപ്പോഴാണ് മണിയുടെ ചേച്ചി ജിന്റോയുടെ അഭിമുഖം കാണുന്നത്. . അതിൽ കുടുംബത്തെകുറിച്ച് ചില മോശം പരാമാർശങ്ങൾ ജിന്റോ നടത്തുകയായിരുന്നു. ഈ പരാമർശങ്ങൾ കേട്ട് ശേഷം രക്തസമർദ്ദം കൂടിയാണ് ചേച്ചി കുഴഞ്ഞുവീണത്. മൂക്കിൽ നിന്നും ടാപ്പ് തുറന്നുവിട്ടതുപോലെയാണ് രക്തം വന്നത്. ഉടൻ തന്നെ ചാലകുടിയിലെ സർക്കാർ ആശുപത്രിയിൽ അപ്പോൾ തന്നെ എത്തിക്കുകയായിരുന്നു. തുടർന്ന് അങ്കമാലിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് എത്തിച്ചതുകൊണ്ടാണ് സഹോദരിയുടെ ജീവൻ രക്ഷിക്കാനായതെന്നും മറിച്ചായിരുന്നെങ്കിൽ തങ്ങളുടെ കുടുംബം മറ്റൊരു ദുരന്തത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നുവെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

ഞാൻ ആരെയും ചേട്ടന്റെ കൊലപാതകിയെന്ന് പേരുപറഞ്ഞ് പരാമർശിച്ചിട്ടില്ല. ചേട്ടനോടൊപ്പം അവസാന ദിവസം ഉണ്ടായിരുന്നവർ ആരൊക്കെയാണെന്ന് പറഞ്ഞു, അവരെ സംശയമുണ്ടെന്നും അറിയിച്ചു. എനിക്ക് പോയത് എന്റെ ചേട്ടനല്ലേ, എനിക്കപ്പോൾ സ്വാഭാവികമായി തോന്നുന്ന സംശയങ്ങൾ പങ്കുവച്ചതിന് കുടുംബത്തെ മുഴുവൻ മോശമായി ചിത്രീകരിക്കുന്നത് എന്ത് മര്യാദയാണെന്നും ആർഎൽവി രാമകൃഷ്ണൻ ചോദിക്കുന്നു. ചേച്ചിക്ക് അറുപതു വയസ്സുണ്ട്, ചേച്ചിയുടെ മൂത്ത മകളും മണിചേട്ടനും ഒരേ പ്രായമാണ്. ഞങ്ങളെ കുട്ടികാലത്ത് നോക്കിയതും വളർത്തിയതുമൊക്കെ ചേച്ചിയാണ്. ഞങ്ങളുടെ കുടുംബം കടന്നുവന്ന ബുദ്ധിമുട്ടുകൾ ചേച്ചിക്ക നന്നായിട്ടറിയാം. ഞങ്ങൾ തമ്മിലുള്ള സ്‌നേഹം അങ്ങനെയായിരുന്നു.

അങ്ങനെയുള്ളപ്പോൾ ഇത്തരം അപവാദങ്ങൾ പറഞ്ഞാൽ ചേച്ചിക്ക് മാനസികവിഷമം ഉണ്ടാകാതെയിരിക്കുന്നത് എങ്ങനെയാണ്. പുറത്ത് നിന്നും വർത്തമാനം പറയുന്നവർക്ക് തങ്ങളുടെ കുടുംബത്തെകുറിച്ച് എന്താണ് അറിയുകയെന്നും ആർഎൽവി രാമകൃഷ്ണൻ ചോദിക്കുന്നു. തങ്ങളുടെ കുടുബത്തെ പൊന്ന് പോലെ നോക്കിയ ആളാണ് മണിചേട്ടനെന്നും അപ്പോൾ അങ്ങനെയൊരാൾ കുടുംബത്തെ വിട്ടുപോയ സാഹചര്യത്തിൽ അതിന്റെ ഉത്തരവാദികളെ കണ്ടെത്തുക എന്ന ന്യായമായ ആവശ്യം മാത്രമാണ് കുടുംബത്തിനും തനിക്കും ആഗ്രഹമുള്ളത്. അതിൽ മറ്റുള്ളവർക്ക് പ്രകോപനം ഉണ്ടാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചേട്ടന് മദ്യമൊഴിച്ചു കൊടുത്ത കാര്യമൊക്കെ പലയിടത്തും പോയി പറഞ്ഞു നടന്നത ഇവരൊക്കെ തന്നെയാണ്. ചേട്ടനോടൊപ്പം കലാപരിപാടികൾക്ക് പോയിരുന്നത് ജിന്റോയാണ്. അവസാന സമയത്ത് പലർക്കും കടമായി കൊടുത്ത പണം ചേട്ടൻ തിരികെ ചോദിച്ചിരുന്നു. പലരും ഇടപെട്ട് വാങ്ങികൊടുത്ത പണം തിരികെ വാങ്ങി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ മരണ ശേഷം പലരും ഇടപെട്ട് വാങ്ങികൊടുത്ത പണം മണിയുടേതല്ലെന്നും അത് തങ്ങളുടേതാണെന്നും പറഞ്ഞ് അത് സ്വന്തമാക്കുന്നതായും പലരും തന്നെ വിളിച്ച് അറിയിക്കാ്‌റുണ്ട്. എന്നാൽ ഉറപ്പില്ലാത്ത കാര്യങ്ങൾക്ക് താനോ തന്റെ കുടുംബമോ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരെയും കരിവാരിതേയ്ക്കണമെന്നില്ലെന്നും, ആകെയുള്ള ലക്ഷ്യം ചേട്ടന്റെ മരണത്തിനുപിന്നിലുള്ള ആളെ കണ്ടെത്തുകയാണെന്നും ആർഎൽവി രാമകൃഷ്ണൻ മറുനാടനോട് പറഞ്ഞു.