ചാലക്കുടി: അന്തരിച്ച ചലച്ചിത്രതാരം കലാഭവൻ മണിക്കു പതിനായിരങ്ങളുടെ അന്ത്യാഞ്ജലി. ചാലക്കുടിയുടെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ജനസാഗരത്തെ സാക്ഷിയാക്കിയാണു മണി കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. പല പ്രമുഖർക്കും മണിയെ ഒരു നോക്ക് കാണാൻ പോലുമായില്ല. സിനിമാ താര സംഘടനയായി അമ്മയുടെ പ്രസിഡന്റും എംപിയുമായി ഇന്നസെന്റിന് പോലും അടുത്ത് എത്താൻ കഴിഞ്ഞില്ല. അത്രയ്ക്ക് ആരാധകരായിരുന്നു ചാലക്കുടിയിൽ കൈയിലെടുത്തത്. അപ്പോഴും സൂപ്പർ താര സാന്നിധ്യം മണിയുടെ അന്ത്യ കർമ്മങ്ങൾക്ക് സാക്ഷിയാകാൻ എത്തിയില്ല. മമ്മൂട്ടിയോ മോഹൻലാലോ സുരേഷ് ഗോപിയോ യുവ തലമുറയിലോ പ്രമുഖ നടന്മാരോ ഒന്നും മണിക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ല. നിറകണ്ണുകളുമായി തൃശൂരിലെത്തിയ ജയറാം മാത്രമായിരുന്നു ഇതിനൊരു അപവാദം. സുഹൃത്തിന്റെ വിയോഗത്തിൽ അമൃതാ ആശുപത്രിയിൽ തളർന്ന് വീണ ദിലീപും ആൾത്തിരക്കിലേക്ക് വരാതെ മാറി നിന്നു.

കലാഭവൻ മണിയെ അവസാനമായി ഒരുനോക്കു കാണാൻ ഡൽഹിയിൽ നിന്നെത്തിയ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് എംപിക്ക് തിരക്കുമൂലം കാണാനായില്ല. പൊലീസുകാർ അദ്ദേഹത്തെ മണിയുടെ അടുത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജോഷി, സിബി മലയിൽ, കമൽ, റാഫി, ഷാഫി, തിരക്കഥാകൃത്ത് കെ. ഗിരീഷ്‌കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖരും മണിയെ ഒരുനോക്കു കാണാനാവാതെ മടങ്ങി. തിരിക്കിലേക്ക് മലയാള സിനിമയിലെ വലിയ താരങ്ങളൊന്നും എത്തിയില്ലെന്നതാണ് വസ്തുത. മണിയുടെ ആരാധകരുടെ തിക്കിലും തിരക്കിലും പല പ്രമുഖരേയും ആർക്കും തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. ചിലരൊക്കെ തിരക്കിനെ കുറിച്ച് അറിഞ്ഞ് ചാലക്കുടിയിലേക്കുള്ള യാത്ര പാതി വഴിക്ക് ഉപേക്ഷിച്ചു. മമ്മൂട്ടിയും മോഹൻലാലും കലാഭവൻ മണിയുടെ ഓർമ്മകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.

സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ.ബാബു പങ്കെടുത്തു. എംഎ‍ൽഎ മാരായ ജോസ് തെറ്റയിൽ, ബി.ഡി. ദേവസി, കെ.വി. അബ്ദുൾ ഖാദർ, വി എസ്. സുനിൽ കുമാർ, മുൻ എംപി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലൻ, പി.ടി. തോമസ്, സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, നിർമ്മാതാവും സംവിധായകനുമായ മാണി സി. കാപ്പൻ, സംവിധായകൻ സുന്ദർദാസ്, വിനയൻ നടന്മാരായ ബാബു നമ്പൂതിരി, നാദിർഷ, ജനാർദനൻ, കുഞ്ചൻ, ജോണി, ക്യാപ്റ്റൻ രാജു, ഹരീശി അശോകൻ, ടിനി ടോം, സിദ്ദിഖ്, മാമുക്കോയ, വിജയരാഘവൻ, ജഗദീഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഫുട്‌ബോൾ താരം ഐ.എം. വിജയൻ, സംഗീത സംവിധായകൻ വിദ്യാധരൻ, സിപിഐ(എം).സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ(എം). ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ, നഗരസഭ ചെയർ പേഴ്‌സൺ ഉഷ പരമേശ്വരൻ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പൻ, കൗൺസിലർമാർ, വിവിധ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരും അന്ത്യോപചാരമർപ്പിച്ചു.

വൈകുന്നേരം അഞ്ചോടെ ഔദ്യോഗിക ബഹുമതികളോടെ മണിയുടെ മൃതദേഹം സംസ്‌കരിച്ചു. മണിയുടെ സഹോദരൻ പരേതനായ വേലായുധന്റെ മകൻ സിനീഷ് ചിതയ്ക്കു തീ കൊളുത്തി. ഈ സമയം സഹോദരൻ രാമകൃഷ്ണനും സ്ത്രീകളടക്കമുള്ള ആരാധകരും നാട്ടുകാരും വാവിട്ടു നിലവിളിച്ചു. ചിത എരിഞ്ഞു തീരുംവരെ ആയിരക്കണക്കിന് ആരാധകർ പിരിഞ്ഞുപോയിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങളാണ് മണിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ചാലക്കുടിയിലേക്ക് എത്തിയത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം തൃശൂർ മെഡിക്കൽ കോളജിലും റീജണൽ തിയറ്ററിലും മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ആയിരങ്ങളാണ് ഇവിടെ മണിക്ക് ആദരാഞ്ജലിയർപ്പിക്കാൻ തിരക്കുകൂട്ടിയത്. തിരക്കിൽപെട്ട് റീജനൽ തിയറ്ററിന്റെ കൈവരിയും ജനൽച്ചില്ലും തകർന്നു. തളർന്നുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു.

ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണൽ തിയറ്ററിൽ പൊതുദർശനത്തിനായി എത്തിച്ചത്. രാവിലെ ഒമ്പതുമുതൽ തന്നെ വൻതിരക്കാണ് റീജണൽ തിയറ്ററിൽ അനുഭവപ്പെട്ടത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനുപോലും കഴിയാത്ത സ്ഥിതിയായിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം പൊതുദർശനത്തിനു വച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. വൻതിരക്കാണ് മെഡിക്കൽ കോളജിലുമുണ്ടായത്. കെപിഎസി ലളിതയും നിറകണ്ണുകളോടെ പ്രിയതാരത്തെ യാത്ര അയയ്ക്കാനെത്തി.

റീജണൽ തിയേറ്ററിൽ സംവിധായകരായ പ്രിയനന്ദനൻ, വി എം.വിനു, പി.ടി.കുഞ്ഞുമുഹമ്മദ്, നടന്മാരായ ജയറാം, മേഘനാഥൻ, വി.കെ.ശ്രീരാൻ, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഇടവേള ബാബു, മുകേഷ്, ഇർഷാദ്, സംഗീത സംവിധായകൻ എം.ഡി. രാജേന്ദ്രൻ, സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, സി.എൻ.ജയദേവൻ എംപി, പി.കെ. ബിജു എംപി, ഡിസിസി പ്രസിഡന്റ് ഒ.അബ്ദുറഹ്മാൻകുട്ടി, മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, മേയർ അജിത ജയരാജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, മരുളി പെരുനെല്ലി, എം.എം.വർഗീസ്, പി.കെ.ഷാജൻ, മുൻ മേയർ ബിന്ദു, എംഎൽഎമാരായ പ്രഫ.സി.രവീന്ദ്രനാഥ്, ടി.എൻ.പ്രതാപൻ, എംപി. വിൻസന്റ്, വി എസ്. സുനിൽകുമാർ, ബിജെപി നേതാവ് അഡ്വ.ഗോപാലകൃഷ്ണൻ, സംഗീതനാടക അക്കാഡമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണൻ നായർ, സാഹിത്യ അക്കാഡമി സെക്രട്ടറി ആർ.ഗോപാലകൃഷ്ണൻ, പത്മശ്രീ പെരുവനം കുട്ടന്മാരാർ, തുടങ്ങിയവർ മണിക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

മണിയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലും പൊതുദർശനത്തിനു വച്ചിരുന്നു. പോസ്റ്റ്‌മോർട്ടം നടന്ന മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ വൻ തിരക്കാണു രാവിലെ മുതൽ അനുഭവപ്പെട്ടത്. മെഡിക്കൽ കോളജിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ജനത്തിരക്ക് മൂലം പൊതുദർശനം സജ്ജമാക്കുകയായിരുന്നു. നടന്മാരായ മുകേഷ്, ഇടവേള ബാബു, സിപിഐ(എം) ജില്ലാ സെക്രട്ടറി എ.സി. മൊയ്തീൻ, പി.കെ. ബിജു എംപി, സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, ബി.ഡി. ദേവസി എംഎൽഎ തുടങ്ങി നിരവധിപേർ ചേർന്നാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.