കൊച്ചി: കലാഭവൻ മണിയുടെ മരണം സ്വാഭാവികമാണെന്ന നിഗമനത്തിൽ പൊലീസ്. കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് സഹോദരനായ കെ.ആർ. രാമകൃഷ്ണൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിലാണ് പൊലീസ് വിശദീകരണം നൽകിയത്. നരഹത്യ, ആത്മഹത്യാ സാധ്യതകൾക്കു പുറമെ, രോഗം മൂലമുള്ള സ്വാഭാവിക മരണം, അറിയാതെ വിഷമദ്യം കഴിക്കുക എന്നീ സാധ്യതകളും പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. മണിയുമായി അടുപ്പമുണ്ടായിരുന്ന ക്രിമിനലുകളായ ഗുണ്ടുകാട് സാബു, വെട്ടിൽ സുരേഷ്, പ്രിയൻ പള്ളുരുത്തി തുടങ്ങിയവരെ ചോദ്യം ചെയ്തു. എന്നാൽ, സംശയിക്കാൻ തക്കതൊന്നും കണ്ടില്ലെന്നും പൊലീസ് പറയുന്നു.

കലാഭവൻ മണി മരിക്കാനിടയായതു മറ്റാരെങ്കിലും വിഷം നൽകിയതു മൂലമാണോ എന്നു പരിശോധിച്ചെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആത്മഹത്യാ സാധ്യത പരിശോധിച്ചതിലും ഒന്നും കണ്ടില്ല. കേസ് സിബിഐക്കു വിടാൻ സർക്കാർ തീരുമാനിച്ചെങ്കിലും സിബിഐയുടെ തീരുമാനം വന്നിട്ടില്ല, അന്വേഷണം തുടരുകയാണെന്നു ചാലക്കുടി സിഐ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു. മണിയുടെ ഉള്ളിൽ മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയതിനാൽ ഏതെങ്കിലും തരത്തിൽ കഴിച്ചതാണോ എന്നു സംശയിച്ചു. പോസ്റ്റ്‌മോർട്ടത്തിനിടെ ശേഖരിച്ച രക്തസാംപിൾ എറണാകുളം റീജനൽ കെമിക്കൽ ലാബിൽ പരിശോധിച്ചതിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയിരുന്നു.

എന്നാൽ, വിഷമദ്യത്തിന്റെയോ കീടനാശിനിയുടെയോ പ്രകടമായ സൂചനകളൊന്നും പോസ്റ്റ്‌മോർട്ടത്തിൽ ഡോക്ടർമാരോ പൊലീസ് സർജനോ ശ്രദ്ധിച്ചിരുന്നില്ല. സംശയമുണ്ടായ സാഹചര്യത്തിൽ രക്തവും മൂത്രവും ആന്തരികാവയവങ്ങളും മറ്റും ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിൽ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഈതൈൽ ആൽക്കഹോൾ, മീതൈൽ ആൽക്കഹോൾ എന്നിവ മാത്രമാണു കണ്ടത്. പരിശോധനാ ഫലം സംബന്ധിച്ചു മെഡിക്കൽ ബോർഡിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും പരിഗണനയിലാണെന്നും അറിയിച്ചു. 2015 മുതലുള്ള രോഗ, ചികിൽസാ ചരിത്രം വച്ചാണു സ്വാഭാവിക മരണത്തിനുള്ള സാധ്യത പരിശോധിച്ചത്. മണിക്ക് കരൾ, വൃക്ക രോഗങ്ങളും മറ്റുമുണ്ടായിരുന്നു.

മറ്റാരെങ്കിലും വിഷം നൽകിയതാണോ എന്നറിയാൻ സാമ്പത്തിക ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസ്, സിനിമാ മേഖലയിലെ ശത്രുത, ഗുണ്ടാ സംഘങ്ങളിൽ നിന്നും അടുപ്പക്കാരിൽ നിന്നുമുള്ള ശത്രുത തുടങ്ങി വിവിധ വശങ്ങൾ പരിശോധിച്ചു. ഔട്ട്ഹൗസിലെ സ്ഥിരം സന്ദർശകരെയും അടുപ്പക്കാരെയും ചുറ്റിപ്പറ്റി അന്വേഷണം നടത്തി. മണി 2016 ജനുവരി ഒന്നു മുതൽ കുടുംബത്തിൽ നിന്ന് അകലെയാണു താമസിച്ചത്. സിനിമാ, സ്റ്റേജ് ഷോ രംഗങ്ങളിൽ നിന്നും വിട്ടുനിന്നു. ഈ സാഹചര്യങ്ങളും മദ്യപാന സ്വഭാവവും പരിഗണിച്ച് ആത്മഹത്യാ സാധ്യത വിലയിരുത്തിയെങ്കിലും ഒന്നും കണ്ടില്ല. അറിയാതെ വിഷമദ്യം കഴിക്കാനുള്ള സാധ്യതയും അന്വേഷിച്ചു.

വ്യാജച്ചാരായം പോലെയുള്ളവ മണിയും കൂട്ടരും കഴിക്കാറില്ല. ഔട്ട്ഹൗസ് പരിസരത്തു കീടനാശിനിക്കുപ്പിയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ല. മാത്രമല്ല, രൂക്ഷഗന്ധമുള്ളതിനാൽ അറിയാതെ കീടനാശിനി കഴിക്കാൻ സാധ്യതയില്ല. സാക്ഷികളെ ചോദ്യം ചെയ്തും ഫോൺ കോൾ വിശദാംശങ്ങൾ പരിശോധിച്ചും മെഡിക്കൽ വിദഗ്ധരുമായി ചർച്ച ചെയ്തും വിശദമായ അന്വേഷണം നടത്തി. മെഡിക്കൽ രേഖകളുടെ അടിസ്ഥാനത്തിൽ മരണസാധ്യത വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.