തൃശൂർ: കലാഭവൻ മണിയുടെ മരണത്തിൽ കാക്കനാട് റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയും മലക്കം മറിഞ്ഞു. കലാഭവൻ മണിയുടെ ശരീരത്തിൽ കണ്ടെത്തിയതു കീടനാശിനി ആണെന്ന് ഉറപ്പില്ലെന്നും കീടനാശിനിയുമായി സാദൃശ്യമുള്ള മിശ്രിതങ്ങളാകാമെന്നും ജോയിന്റ് കെമിക്കൽ എക്‌സാമിനറുടെ പുതിയ മൊഴി. ഇതോടെ മണിയുടെ മരണം സ്വാഭാവികമാണെന്ന് പൊലീസ് നിഗമനത്തിന് ശക്തികൂടുകയും ചെയ്തു. എന്നാൽ മണിയുടെ കുടുംബം അന്വേഷണത്തിൽ തൃപ്തരല്ലെന്നാണ് സൂചന. സിബിഐ അന്വേഷണത്തിന് അവർ ആവശ്യം ഉന്നയിക്കുമെന്നാണ് സൂചന.

മണിയുടെ ശരീരത്തിൽ കണ്ടെത്തിയതു കീടനാശിനിയാണെന്ന മുൻ രാസപരിശോധനാഫലത്തിൽനിന്നു മലക്കം മറിയുകയാണ് ലാബ്. മരണകാരണമായ അളവിൽ ഒരു വിഷത്തിന്റെയും സാന്നിധ്യം ശരീരത്തിൽ കണ്ടെത്തിയിട്ടില്ലെന്നു കാക്കനാട് റീജനൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ആന്തരികാവയവ പരിശോധന നടത്തിയ ജോയിന്റ് എക്‌സാമിനർ അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ പറയുന്നു. കീടനാശിനി സാന്നിധ്യമാണ് മരണകാരണമെന്നു പറയാനാകില്ലെന്നും മൊഴിയിലുണ്ട്. ഇതും മുൻ റിപ്പോർട്ടിന് വിരുദ്ധമാണ്. മണിയുടെ ശരീരത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന ആദ്യ ആന്തരികാവയവ പരിശോധനാ റ!ിപ്പോർട്ടാണ് വിവാദങ്ങൾക്ക് തുടക്കമിടുന്നത്. ക്ലോർ പൈറിഫോസ് എന്ന കീടനാശിനിയുടെ അംശം ശരീരത്തിലുണ്ടെന്നായിരുന്നു ലാബ് റിപ്പോർട്ട്.

എന്നാൽ, കീടനാശിനി സാന്നിധ്യം കണ്ടെത്താൻ ജിസിഎംഎസ് അനാലിസിസ് നടത്തിയപ്പോൾ കംപ്യൂട്ടർ ലൈബ്രറിയിലുണ്ടായിരുന്ന ക്ലോർ പൈറിഫോസ് എന്ന മിശ്രിതവുമായാണ് പരിശോധനാഫലം ചേർന്നത്. അതുകൊണ്ടാണ് മണിയുടെ ശരീരത്തിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന നിഗമനത്തിലെത്തിയത്. ലൈബ്രറിയിലെ കീടനാശിനി മിശ്രിതവുമായി 'മാച്ച്' ചെയ്യുന്നു എന്ന നിഗമനത്തിനു പിന്നിൽ മുൻവിധികൾ ഉണ്ടായിരുന്നില്ല. ആന്തരികാവയവമായ വിസറ ചുരുങ്ങിയിരുന്നതുകൊണ്ടാണ് വിഷം ഉള്ളിൽച്ചെന്നതായി സംശയിച്ചതെന്നും ഇപ്പോൾ പറയുന്നു. മെഥനോളിന്റെ അംശം ശരീരത്തിൽ കണ്ടതിനു പിന്നിലും ദുരൂഹതയില്ല. ബീയർ അമിതമായി കഴിച്ചാൽ മെഥനോൾ ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുതിയ മൊഴി.

അതായത് മണിയുടെ മരണത്തിൽ ഒരു ദുരൂഹതയുമില്ലെന്ന് വരികെയാണ്. മണിയുടെ ആന്തരികാവയവങ്ങൾ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിശോധനാ ഫലം വന്നാൽ മാത്രമേ പൊലീസ് അന്തിമ നിഗമനത്തിൽ എത്തുകയുള്ളൂ. ഏതായാലും മരണത്തിൽ അസ്വാഭാവികത സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇത് ശരിവയ്ക്കുന്നതാണ് പുതിയ മൊഴിയും. അമിത മദ്യപാനവും കരൾ രോഗവും മണിയുടെ മരണത്തിന് കാരണമായെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കാനുള്ള മൊഴികളും തെളിവുകളും മാത്രമേ പൊലീസിന് ലഭിച്ചിട്ടുള്ളൂ.

മണിയെ മരണത്തിലേക്ക് നയിച്ചത് കീടനാശിനിയല്ലെന്ന നിഗമനത്തിന് ബലം നൽകുന്നതാണ് ലാബ് ഡയറക്ടറുടെ മൊഴിയെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. എന്നാൽ മണിയുടെ ഭാര്യയും ബന്ധുക്കളും ഇപ്പോഴും ദുരൂഹത ആരോപിക്കുന്നു. ഇവരുടെ വാദങ്ങൾ പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിൽ കലാഭവൻ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് സാംബവമഹാസഭ ജനറൽ സെക്രട്ടറി കോന്നിയൂർ പി.കെ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇതിനായി സഭ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പൊലീസ് അന്വേഷണത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. മണിയുടെ സഹോദരന്റെയും ബന്ധുക്കളുടേയും പരാതികൾ ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.