- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം തികയുമ്പോഴും ദുരൂഹത മാറാതെ കലാഭവൻ മണിയുടെ മരണം; അന്വേഷണത്തിൽ കുടുംബത്തിന് അതൃപ്തി; വീട് സന്ദർശിച്ച വി എസ് അച്യുതാനന്ദന് ഭാര്യ നിമ്മി പരാതി നൽകി; കേന്ദ്ര പരിശോധനാ ഫലം കാത്ത് അന്വേഷണ സംഘം
ചാലക്കുടി: കലാഭവൻ മണിയുടെ മരണം നടന്ന് ഒരുമാസം തികയാനിരിക്കേ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചില്ല. ഇങ്ങനെ അന്വേഷണം നീളുന്നതിന് കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കുടുംബം അറിയിക്കുകയും ചെയ്തു. മരണകാരണം അറിയാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് കുടുംബം വി. എസ്. അച്യുതാനന്ദന് പരാതി നൽകി. അതേസമയം രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസപരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം. സ്വാഭാവിക മരണമെന്ന നിഗമനത്തെ കുടുംബം പൂർണമായും വിശ്വസിക്കുന്നില്ല. മരണകാരണത്തിൽ വ്യക്തത ഉടൻ വരുത്തണമെന്നാണ് വീട്ടിലെത്തിയ വി. എസിന് നൽകിയ പരാതിയിലെ ആവശ്യം. മരത്തിൽ കുടുംബാംഗങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ ന്യായമാണെന്ന് വിംസ് അഭിപ്രായപ്പെടുകയും ചെയ്തു. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വി എസ് പ
ചാലക്കുടി: കലാഭവൻ മണിയുടെ മരണം നടന്ന് ഒരുമാസം തികയാനിരിക്കേ അന്വേഷണം എങ്ങുമെത്താതെ നിൽക്കുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചില്ല. ഇങ്ങനെ അന്വേഷണം നീളുന്നതിന് കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ കുടുംബം അറിയിക്കുകയും ചെയ്തു. മരണകാരണം അറിയാൻ വൈകുന്നതിൽ അതൃപ്തി അറിയിച്ച് കുടുംബം വി. എസ്. അച്യുതാനന്ദന് പരാതി നൽകി. അതേസമയം രോഗം മൂലമുള്ള മരണത്തിനാണ് സാധ്യത കൂടുതലെങ്കിലും കേന്ദ്രലാബിലെ രാസപരിശോധനാഫലം വന്നശേഷം നിഗമനത്തിലെത്താമെന്നാണ് പൊലീസിന്റെ തീരുമാനം.
സ്വാഭാവിക മരണമെന്ന നിഗമനത്തെ കുടുംബം പൂർണമായും വിശ്വസിക്കുന്നില്ല. മരണകാരണത്തിൽ വ്യക്തത ഉടൻ വരുത്തണമെന്നാണ് വീട്ടിലെത്തിയ വി. എസിന് നൽകിയ പരാതിയിലെ ആവശ്യം. മരത്തിൽ കുടുംബാംഗങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾ ന്യായമാണെന്ന് വിംസ് അഭിപ്രായപ്പെടുകയും ചെയ്തു. മരണം സംബന്ധിച്ച് നടക്കുന്ന അന്വേഷണം ത്വരിതപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വി എസ് പറഞ്ഞു.
അന്യം നിന്നുപോയ നാടൻപാട്ട് കലയെ പുനരുദ്ധീകരിച്ച മഹാനായൊരു കലാകാരനായിരുന്നു കലാഭവൻ മണി. അദ്ദേഹത്തിന്റെ വേർപാട് കലാകേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. മരണം നടന്ന് ഒരുമാസമാകുമ്പോഴും വീട്ടുകാരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ പൊലീസിന് സാധിക്കുന്നില്ലെന്നും വിഷയത്തിൽ ഗൗരവമായി ഇടപെടുമെന്നും വി എസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മണിയുടെ ഭാര്യ നിമ്മി, മകൾ ശ്രീലക്ഷ്മി, സഹോദരൻ രാമകൃഷ്ണൻ എന്നിവരെ ആശ്വസിപ്പിച്ചാണ് വി എസ് മടങ്ങിയത്.
ഒരു മാസം മുമ്പ് മാർച്ച് അഞ്ചിന് രാവിലെയാണ് കലാഭവൻ മണിയിൽ അസ്വസ്ഥതകൾ കണ്ട് തുടങ്ങിയത്. രക്തമടക്കം ഛർദിച്ച മണിയെ വൈകിട്ടോടെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറാം തീയതി രാത്രി ഏഴരയോടെ മരിച്ചു. മണിയുടെ ശരീരത്തിൽ മെഥനോളിനൊപ്പം കീടനാശിനിയുമുണ്ടെന്ന് രാസപരിശോധനഫലമെത്തുകയും വീട്ടുകാർ കൂട്ടുകാരെയടക്കം സംശയിക്കുകയും ചെയ്തതോടെ ദുരൂഹത വർധിച്ചു.
ആശുപത്രിയിലാകുന്നതിന് തലേദിവസം പാടിയിൽ നടന്ന ആഘോഷത്തെയും പങ്കെടുത്തവരെയും കേന്ദ്രീകരിച്ചായിരുന്നു പ്രധാന അന്വേഷണം. ഒട്ടേറെ പേരെ ചോദ്യം ചെയ്‌തെങ്കിലും കൊല്ലപ്പെടാനോ ആത്മഹത്യ ചെയ്യാനോ ഉള്ള സാധ്യതകളൊന്നും ലഭിച്ചില്ല. ഇതിനിടെ ആന്തരീകാവയവങ്ങളുടെ രാസപരിശധനാഫലത്തിൽ ആശയക്കുഴപ്പം വന്നതോടെ കേന്ദ്രലാബിലേക്ക് വീണ്ടും പരിശോധനക്കയച്ചു. കീടനാശിനിയുടെ അളവ് വ്യക്തമാക്കുന്ന ഈ ഫലം ലഭിച്ചശേഷം മരണകാരണം സ്ഥിരീകരിക്കാമെന്ന നിഗമനത്തിലാണ് ഒരുമാസം കഴിയുമ്പോൾ അന്വേഷണമെത്തി നിൽക്കുന്നത്.
കലാഭവൻ മണിയുടെ മരണം സ്വാഭാവികമാണെന്ന വിലിയിരുത്തലിലേക്ക് പൊലീസ് നീങ്ങവേ അന്വേഷണത്തിന്റെ ഗതിമാറ്റി പോസ്റ്റ് മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. മണി മരിച്ചതു ക്‌ളോർപൈറിഫോസ് കീടനാശിനിയും മദ്യത്തിലെ മെഥനോളും അകത്തുചെന്നതുകൊണ്ടാണെന്നു പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഡോക്ടർമാർ രേഖാമൂലം നൽകുന്ന ആദ്യ റിപ്പോർട്ടാണിത്. രാസപരിശോധനയ്ക്കുശേഷം കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് നൽകിയത്.
മണിക്കുണ്ടായിരുന്ന കരൾരോഗം മരണം വേഗത്തിലാക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ, കരൾരോഗം മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മണിയെ ചികിത്സിച്ച കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പരിശോധനയിൽ രാസവസ്തു സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഇതു കണ്ടെത്താനുള്ള കൂടുതൽ വിദഗ്ധ പരിശോധന വേണമെന്ന് അമൃതയിലെ ലാബ് റിപ്പോർട്ടിലുണ്ട്. രോഗിയുടെ നില മോശമായതിനാലാകാം അതു നടത്തിയിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുണ്ട്. സ്വാഭാവിക മരണമായി മണിയുടെ മരണത്തെ എഴുതി തള്ളരുതെന്ന സൂചനയാണ് ഇതിലുള്ളത്.
മണിയുടെ ആന്തരികാവയവങ്ങൾ കാക്കനാട്ടെ ലാബിലാണ് പരിശോധിച്ചത്. ഇതിലെ നിഗമനങ്ങൾ മുഖവിലയ്ക്ക് എടുത്താണ് റിപ്പോർട്ട്. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധരായ ഡോ. പി.എ. ഷിജു, ഡോ. ഷേക്ക് സക്കീർ ഹുസൈൻ എന്നിവരാണു പൊലീസിന് അന്തിമ റിപ്പോർട്ട് നൽകിയത്. മദ്യത്തിലെ വിഷാംശം അപകടകരമായ തോതിലല്ലെന്നാണു റിപ്പോർട്ടിലെ സൂചന. മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണം രാസവിഷംതന്നെയാണ്. എന്നാൽ ഇതു പച്ചക്കറിയിലൂടെ അകത്തെത്തിയതാണോ നേരിട്ട് അകത്തെത്തിയതാണോ എന്നു പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താനാകില്ല.
പച്ചക്കറിയിലൂടെ അകത്തെത്തുന്ന വിഷാംശം ഇങ്ങനെ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താവുന്ന അളവിൽ രക്തത്തിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് നിഗമനം. കാർഷിക സർവകലാശാലയിലെ പഠന റിപ്പോർട്ടുകളിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ പഠനറിപ്പോർട്ടിലെ വിവരവും പൊലീസ് ശേഖരിക്കും. ഈ സാഹചര്യത്തിൽ ഹൈദരാബാദിലെ ലാബിലെ കണ്ടെത്തലും നിർണ്ണായകമാകും. കീടനാശിനി സാന്നിധ്യം അവിടേയും സ്ഥിരീകരിച്ചാൽ മണിയുടെ മരണം അസ്വാഭാവികമെന്ന നിഗമനത്തിൽ പൊലീസിന് എത്തേണ്ടിയും വരും.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് 200 ഓളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ മൊഴികളിൽ ഒന്നും അസ്വാഭാവിക മരണത്തിന്റെ കാരണങ്ങൾ പൊലീസിന് കണ്ടെത്താനായില്ല. കരൾ രോഗം മൂലം മണി മരിച്ചതിന്റെ സൂചനയാണ് ലഭിച്ചത്. എന്നാൽ ഇതിന് വിരുദ്ധമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മണിയുടെ മരണവുമായി ബന്ധപ്പെട്ടവരെ വീണ്ടും ചോദ്യം ചെയ്തു. മണിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് കുടുംബ ആരോപിക്കുന്ന സാഹചര്യത്തിൽ കരുതലോടെ മാത്രമേ അന്തിമ നിഗമനത്തിൽ പൊലീസ് എത്തൂ.