തൃശൂർ: ചാലക്കുടിക്കാരുടെ എല്ലാം എല്ലാമായിരുന്നു കലാഭവൻ. മിമിക്രിയിലൂടെ വെള്ളിത്തിരിയിലെ മിന്നും താരമായിട്ടും മണി ഒന്നും മറന്നില്ല. എത്തും തുറന്നു പറഞ്ഞ് നാടിനെ നെഞ്ചിനോട് ചേർത്ത് പിടിച്ചു. പിന്നിട്ട വഴിയിലെ കഷ്ടതകൾ എന്നും പറഞ്ഞു കൊണ്ടേ ഇരുന്നു. സുഹൃത്തുക്കൾ അവിഭാജ്യ ഘടകമായി. അവർക്ക് വേണ്ടി എന്തും ചെയ്യുന്ന നല്ല സുഹൃത്ത്. അഭിനയത്തിലൂടെ സമ്പാദിച്ച കാശിലേറെയും ജീവകാരുണ്യ പ്രവർത്തനത്തിന് ചെലവഴിച്ചു.

കുട്ടിക്കാലത്ത് സ്‌കൂളിൽ പോയത് പഠിക്കാനല്ല, ഉപ്പുമാവ് തിന്നാനായിരുന്നുവെന്ന് കലാഭവൻ മണി ഒരിക്കൽ പറഞ്ഞു. ഉച്ചയ്ക്ക് ബെല്ലടിക്കുമ്പോൾ കല്ല്യാണിച്ചേച്ചിയുടെ അടുത്തേക്ക് ആദ്യമെത്തുന്നത് താനാണ്. അവർ വിളമ്പിത്തന്ന ഉപ്പുമാവിന്റെ രുചി മറന്നിട്ടില്ല. വിശന്നൊട്ടിയ വയറിന് അൽപ്പം ആശ്വാസം. അതുകഴിഞ്ഞ് പഠനത്തെക്കുറിച്ച് ചിന്തിച്ചാലായി. ചാലക്കുടി ഗവ. ഗേൾസ് ഹൈസ്‌ക്കുളിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാട്ടുകാർക്കു മുമ്പിൽ ഒരിക്കൽ ആ ഏറ്റുപറച്ചിൽ. അവിടെയുള്ളവർക്കും അത് അറിയാമായിരുന്നു. പ്രശസ്തിയുടെ നിറവിൽ നിൽക്കുമ്പോഴും ഒന്നും മറക്കാത്ത മണിയെ ആയിരുന്നു

വിദ്യാഭ്യാസത്തിലൊന്നും അധികം ഉയരാൻ കഴിയാത്ത തന്റെ ജീവിത സാഹചര്യത്തെക്കുറിച്ചുള്ള വേദനകലർന്നൊരോർമയായിരുന്നു അത്. പത്താം ക്‌ളാസും ഗുസ്തിയുമെന്ന് തന്നെത്തന്നെ നോക്കി ചിരിച്ചു. ചലച്ചിത്രതാരമായി ഉയരത്തിലെത്തിയപ്പോഴും ജനിച്ചുവളർന്ന പ്രതികൂല സാഹചര്യത്തെ പലപ്പോഴും മറികടക്കാനാവാത്തതിന്റെ നീറ്റൽ പലവഴികളിലേക്കും സഞ്ചരിപ്പിച്ചു. ഓട്ടോ ഓടിച്ച പഴയ കാലത്തെ മറക്കാനായില്ല. അച്ഛന്റെ കഷ്ടപ്പാടുകളും പറഞ്ഞു. കലാഭവന്റെ മിമിക്രി സ്‌കൂളിൽനിന്ന് സിനിമയിലെത്തിയ മറ്റാരെക്കാളും പിന്നിലായിരുന്നില്ല. ഹാസ്യവേഷത്തിൽനിന്നും വില്ലനിലേക്കും നാടൻപാട്ടുകാരനിലേക്കും നായകനിലേക്കുമെല്ലാം നടന്നുകയറിയപ്പോൾ മലയാളത്തിനുപുറത്തേക്ക് വഴിവെട്ടേണ്ടിവന്നു. തമിഴ്, തെലുങ്ക്, കന്നട സിനിമകളിൽ വൻ അംഗീകാരവും ലഭിച്ചു.

സാധാരണക്കാരനിൽ സാധാരണക്കാരനായി ചാലക്കുടി പട്ടണത്തിൽനിന്ന് 22-ാം വയസ്സിൽ അഭിനയകലയിലേക്ക് കാലെടുത്തുവച്ച പ്രതിഭയാണ് മണി. ആദ്യസിനിമകളിൽ ചെറിയ റോളുകളിൽ ഒതുങ്ങിയെങ്കിലും തൃശൂരിന്റെ കരുത്ത് ഉപയോഗപ്പെടുത്തിയാണ് സിനിമയിൽ അടിവച്ചുകയറിയത്. 1993ൽ സിനിമാ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് മണിയെന്ന യുവാവിനെ സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത നടനായി വളർത്തിയത്. അതേവർഷം പത്തോളം സിനിമയിൽ മണി ഹാസ്യനടനായും തിളങ്ങി. ഹാസ്യരംഗത്തുനിന്ന് വില്ലന്റെ വേഷത്തിലും തുടർന്ന് നായകനായി മണി വളർന്നതും തന്റെ കൈവശമുണ്ടായിരുന്ന തൃശൂർ ശൈലികൊണ്ടുതന്നെയായിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിലെ രാമുവിന്റെ വേഷമാണ് മണിയുടെ അഭിനയജീവിതത്തിൽ വഴിത്തിരിവായത്. അഭിനയത്തിനൊപ്പം നാടൻ പാട്ടും ഭക്തി ഗാനവുമെല്ലാമായി മണി മലയാളികളെ കൈയിലെടുത്തു.

ഈ താരപ്രഭയിലും ചാലക്കുടിയെ മണി മറന്നില്ല. അവിടുത്തെ സുഹൃത്തുക്കൾക്കായി എന്നും സമയം മാറ്റി വച്ചു. കരൾ രോഗത്തെ കുറിച്ച് അറിയാവുന്ന മണിക്ക് മദ്യപാനമുണ്ടാക്കാവുന്ന പ്രശ്‌നങ്ങളും അറിയാമായിരുന്നു. എങ്കിലും സുഹൃത്തുക്കൾക്ക് മുന്നിലെത്തിയാൽ മണി എല്ലാം മറക്കും. അവർക്കായി മദ്യപിക്കും. ആ ആഘോഷമാണ് നാൽപ്പത്തിയഞ്ചാം വയസ്സിൽ മണിക്ക് ജീവൻ നഷ്ടമാകുന്നതിന് കാരണമായതും എന്നാൽ പലപ്പോഴും സിനിമയ്ക്ക് അപ്പുറത്തുള്ള ചില സംഭവങ്ങളും അദ്ദേഹത്തെ വാർത്തകളിൽ ഇടം പിടിക്കാൻ കാരണമായി. അവാർഡ് കിട്ടാത്തതിന്റെ പേരിൽ ബോധം കെട്ടത് മുതൽ ഫോറസ്റ്റ് ഓഫീസറെ മർദ്ദിച്ചതിന് മരണപ്പെട്ട സംഭവം വരെ ഇതിൽ വരുന്നു. ഒടുവിൽ സുഹൃത്തുക്കൾക്ക് വേണ്ടി ജീവിക്കാൻ മോഹിച്ചപ്പോഴാണ് അദ്ദേഹം മരണപ്പെട്ടതെന്ന സംഭവം ഏറെ വേദന സമ്മാനിക്കുന്നതാണ്.

1999 വിനയൻ കലാഭവൻ മണി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന ചിത്രം. അന്നുവരെ ഒരു ഹാസ്യ നടൻ എന്ന നിലയ്ക്ക് മാത്രം അറിയപ്പെട്ടിരുന്ന മണിയുടെ അഭിനയശേഷി എന്താണെന്ന് കാട്ടിതരുന്ന ചിത്രമായിരുന്നു അത്. കലാഭവൻ മണിയെന്ന താരത്തിന്റെ ഏറ്റവും മികച്ച ചിത്രമാണ് വാസന്തിയും ലക്ഷമിയും പിന്നെ ഞാനും. ദേശീയ സംസ്ഥാന സർക്കാറുകളുടെ സ്‌പെഷ്യൽ ജ്യൂറി അവാർഡ് ഈ ചിത്രത്തിന് മണിക്ക് ലഭിക്കുകയുണ്ടായി. ഇതിൽ ദേശീയ അവാർഡ് അദ്ദേഹം പ്രതീക്ഷിക്കുകയും ചെയതു. എന്നാൽ ഫലം വന്നപ്പോൾ നല്ല നടനുള്ള പുരസ്‌ക്കാരം മോഹൻലാലിനായിരുന്നു. ഈ വേളയിലാണ് മണി ബോധം കെട്ടുവീണത്. ഇതേക്കുറിച്ച് പിന്നീട് പല വേദികളിലും മണി പരസ്യമായി അഭിപ്രായം പറഞ്ഞു.

മാദ്ധ്യമങ്ങളുടെ പ്രചരണായിരുന്നു ഇതെന്നായിരുന്നു മണി പഞ്ഞത്. ക്യാമറയും ചാനലും ഉണ്ടെങ്കിൽ എന്തും കാണിക്കാമെന്നാണ്. ഞാൻ ബോധംകെട്ട് വീഴുന്നത് ആരെങ്കിലും കണ്ടോയെന്നും മണി ചോദിച്ചു. സുഹൃത്തിനൊപ്പം അതിരപ്പള്ളിയിൽ പോയ വേളയിൽ ഫോറസ്റ്റർമാരുമായി അടിപിടിയുണ്ടാക്കിയതിനും മണി വിവാദത്തിലായി. ഇതിൽ അറസ്റ്റു വരെയുണ്ടായി. സുഹൃത്തുക്കൾക്കൊപ്പം പോയപ്പോഴുണ്ടായ ഈ സംഭവമാണ് അദ്ദേഹത്തെ ഏറെ വിഷമത്തിലാക്കിയത്. ഇതേക്കുറിച്ച് മണി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ആതിരപ്പള്ളി എന്റെ വീടിനടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രമാണ്. വെള്ളം കുറവാണ് എന്നു പറയുമ്പോഴും അവിടെ ധാരാളം ആളുകൾ വരാറുണ്ട്. ഒരു ദിവസം അവിടെ പോയിട്ട് ഞാനും എന്റെ സുഹൃത്തുക്കളും മടങ്ങുമ്പോൾ കുറച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ വന്നിട്ട് എന്നോടു വണ്ടി നിർത്തണമെന്ന് പറഞ്ഞു.ഞാൻ വണ്ടി നിർത്തി. ഡിക്കി തുറക്കാനും വണ്ടിയിൽ നിന്ന് ഇറങ്ങണമെന്നും പറഞ്ഞു. ഞാൻ പറഞ്ഞു'' അതു നടക്കൂല സാറെ എന്തു വന്നാലും ഞാനിറങ്ങില്ല. ''നീ ആരാണെന്നു'' ചോദിച്ചു. ''ഞാൻ മണിയാ സാറെ' നീ മണിയാണെങ്കിലും കിണിയാണെങ്കിലും വണ്ടിയിൽ നിന്ന് ഇറങ്ങണം'' ഫോറസ്റ്റർമാർ മർദ്ദിച്ചതു കൊണ്ടാണ് അങ്ങനെ സംഭവമുണ്ടായത്.

ഒരു ടൂറിസ്റ്റ് കേന്ദ്രം എന്നു പറയുമ്പോൾ അതിന്റേതായ മര്യാദ വേണം. ഒരുപാട് ആളുകൾ വന്നു പോകുന്ന സ്ഥലത്ത് ഒരു സെലിബ്രിറ്റിയായ എന്നെ തടഞ്ഞു നിർത്തി ലാത്തിക്കടിച്ചാൽ എന്താ ഞാൻ ചെയ്യേണ്ടത്? എന്നെ ലാത്തിക്കടിച്ചിട്ട് ഒരു പരാതിയും ഞാൻ ആരോടും പറഞ്ഞില്ല. എന്നിട്ട് എന്നെ മർദ്ദിച്ച സാറുമാരു പോയി ആശുപത്രിയിൽ കിടന്നു. അഭിനയത്തിനുള്ള അവാർഡ് അവർക്കാണ് കൊടുക്കേണ്ടത്. മണി പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ സംഭവത്തിൽ മണിയെ അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ഇപ്പോഴത്തെ ഡിജിപി സെൻകുമാറും വിവാദത്തിൽ ചാടിയിരുന്നു. ചാലക്കൂടിയിലെ എന്ത് ജനകീയ പ്രശ്‌നങ്ങളും ഇടപെടുന്ന വ്യക്തിത്വമായിരുന്നും മണിയുടേത്. ഇതു തന്നെയായിരുന്നു അദ്ദേഹത്തെ പലപ്പോവും വിവാദത്തിൽ ചാടിച്ചത്.

അമ്പലത്തിലെ ഉത്സവമോ പള്ളിപ്പെരുന്നാളോ എന്തായാലും മുന്നിൽ നിന്ന് കാര്യങ്ങൽ നീക്കാൻ അദ്ദേഹമുണ്ടായരുന്നു. ഇപ്പോൾ മരണപ്പെടുമ്പോഴും സുഹൃത് ബന്ധങ്ങളുടെ നിർബന്ധമാണ് വിനയായതെന്ന വിധത്തിലാണ് വാർത്തകൾ വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ചതിനെ തുടർന്നാണ മരണമെന്നാണ് സൂചനകൾ.