കൊച്ചി: നടൻ കലാഭവൻ മണി അന്തരിച്ചു. 45 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും ദുരൂഹതകൾ ഉണ്ടെന്ന സൂചനയാണു പുറത്തുവരുന്നത്. രണ്ടു ദിവസം മുമ്പാണു മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊച്ചി അമൃത ആശുപത്രിയിൽ രാത്രി 7.15ഓടെയാണ് അന്ത്യമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മണിക്കൂറുകൾ മുമ്പു മാത്രമാണ് കലാഭവൻ മണി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം തന്നെ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ ജനിച്ച കലാഭവൻ മണി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും കലാഭവൻ മണി അഭിനയിച്ചിട്ടുണ്ട്. കൊച്ചിൻ കലാഭവന്റെ മിമിക്‌സ് പരേഡിലൂടെ കലാരംഗത്ത് സജീവമായ മണി കോമഡി വേഷങ്ങളിലൂടെയാണ് സിനിമയിൽ തുടക്കമിട്ടത്. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലാണ് മണി ജനിച്ചത്. ഓട്ടോ ഡ്രൈവറായി ജോലി നോക്കിയ ശേഷമാണ് മണി സിനിമകളിലേക്ക് ചുവടുവച്ചത്.

അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദർദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തിൽ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും അവാർഡുകൾ നേടുകയും ചെയ്തിരുന്നു.

വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകന്റെ വേഷം കലാഭവൻ മണിയെ ദേശീയതലത്തിലും ശ്രദ്ധേയനാക്കി. മണിയുടെ സിനിമാ ജീവിത്തിലെ ഏറ്റവും മികച്ച അഭിനയപ്രകടനത്താൽ സമ്പന്നമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രം മലയാളികളെ ഈറനണിയിച്ചു. രാമു എന്ന കഥാപാത്രം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും അഭിനയമികവിനുള്ള പ്രത്യേക ജൂറി പരാമർശം കലാഭവൻ മണിക്ക് നേടിക്കൊടുത്തു.

മലയാളത്തിന് പുറമേ തമിഴും തെലുങ്കും ഉൾപ്പെടെ അനേകം ഭാഷകളിൽ വില്ലൻ വേഷത്തിലും പെരുമ സമ്പാദിച്ചിരുന്നു. താരത്തിന് അസുഖമാണെന്ന നിലയിൽ നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. 2009ലെ നെഹ്രുട്രോഫി വള്ളംകളിയിൽ കാരിച്ചാൽ ചുണ്ടന്റെ അമരക്കാരനായും ഇദ്ദേഹം ശ്രദ്ധേയനായി. ഒട്ടെറെ ജീവകാരുണ്യ പ്രവർത്തനങ്ങളും മണി നടത്തിയിരുന്നു. നിമ്മിയാണ് മണിയുടെ ഭാര്യ. ഒരു മകളുണ്ട്.