കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയും മെഥനോളും ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ഇടെയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. പോസ്റ്റ് മോർട്ടത്തിന്റെ സമ്പൂർണ റിപ്പോർട്ട് ഇന്നലെ രാത്രിയാണ് പൊലീസിന് ലഭിച്ചത്. ഗുരുതരമായ കരൾ രോഗവും ആന്തരിക രക്തസ്രാവവും കിഡ്‌നി തകരാറും ശരീരത്തിലെ വിഷാംശവും മരണകാരണം ആയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

മണിയുടെ ശരീരത്തിൽ കീടനാശിനിയായ ക്ലോർപൈറിഫോസിന്റെ അംശം നേരിയ തോതിൽ മാത്രമെ കണ്ടെത്താനായൂള്ളു. ഗുരുതരമായ കരൾ രോഗം മണിക്കുണ്ടായിരുന്നു. ഇതോടൊപ്പം ആന്തരിക രക്തസ്രാവവും വൃക്കകളും തകരാറിലുമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതാണ് മരണ കാരണമെന്നാണ് പറയുന്നത്. കീടനാശിനിയുടെ അളവ് ശരീരത്തിൽ വന്നത് കഴിച്ച പച്ചക്കറികളിലൂടെയോ പഴങ്ങളിലൂടെയോ ആകാമെന്ന നിഗമനത്തിലേക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.

അതേസമയം മണിയുടെ ശരീരത്തിൽ കീടനാശിനി കണ്ടെത്തിയിരുന്നില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽ്ക്കുകയാണ് മണിയെ ചികിത്സിച്ച കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. ഡോക്ടർമാരിൽ നിന്നും ലാബ് ജീവനക്കാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. വിഷം ഉള്ളിൽചെന്ന ഒരാളുടെ ലക്ഷണം കലാഭവൻ മണിക്ക് ഇല്ലായിരുന്നുവെന്നും രക്തത്തിൽ മീഥൈൽ ആൽക്കഹോൾ കലർന്നിരുന്നുവെന്നും ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന വാദം കൊച്ചി അമൃതാ ആശുപത്രിയിലെ ഡോക്ടർമാർ തള്ളി. കീടനാശിനി ശരീരത്തിന് ഉള്ളിലെത്തിയാൽ രൂക്ഷമായ ഗന്ധം ഉണ്ടാവും. എന്നാൽ, മണിയുടെ ശരീരത്തിൽ ഗന്ധം ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുന്പ് പരിശോധിച്ച ഡോക്ടറും മണിയെ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർമാരും കീടനാശിനിയുടെ ഗന്ധം ഇല്ലായിരുന്നു എന്നാണ് പൊലീസിന് മൊഴി നൽകിയത്.

എന്നാൽ മെഥനോളിന്റെ അളവ് മരണകാരണമല്ലെന്ന് കാക്കനാട്ടെ മേഖലാ കെമിക്കൽ അനലൈസേഴ്‌സ് ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. കീടനാശിനിയായ ക്ലോർപൈറിഫോസിന്റെ അളവ് താരതമ്യേന കൂടുതലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇതിന്റെ അളവെത്രയെന്ന് റിപ്പോർട്ടിലില്ല. ഈ വൈരുധ്യങ്ങൾ മൂലം മണിയുടെ രക്തത്തിന്റെയും ആന്തരികാവയവങ്ങളുടെയും സാമ്പിളുകൾ ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്കുകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് പൊലീസ്. കേന്ദ്ര ലാബിലെ പരിശോധനാ ഫലം വന്ന ശേഷമേ പൊലീസ് ഒരു നിഗമനത്തിലെത്തുകയുള്ളു.

കലാഭവൻ മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് സംശയകരമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ മണിയുടേത് സ്വാഭാവികമരണമാകാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യത്തിനൊപ്പം സാലഡ് വെള്ളരിയുൾപ്പെടെയുള്ള പച്ചക്കറികളും ബദാം പോലുള്ള പരിപ്പ് വർഗങ്ങളും കഴിച്ചിരുന്നു. ഇതുവഴി ഉള്ളിലെത്തിയ കീടനാശിനി ആന്തരികാവയവങ്ങളിൽ അടിഞ്ഞുകൂടിയതാണോ എന്നും സംശയിക്കുന്നുണ്ട്.