തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. അവസാനകാലയളവിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു മണിയെന്നാണു സഹായികൾ മൊഴി നൽകിയത്.

മറ്റു ജോലി ആലോചിക്കാൻ സഹായികളോടു പറഞ്ഞിരുന്നതായും മണി തന്നെ മറ്റു ജോലി ചെയ്യാൻ ഒരുങ്ങുന്നതായും പറഞ്ഞതായാണു സഹായികൾ മൊഴി നൽകിയത്. അതിനിടെ, കലാഭവൻ മണിയുടെ ഭാര്യാപിതാവിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു.

കുടുംബബന്ധത്തിൽ വിള്ളൽവീണോ, എങ്കിൽ അതിനുള്ള കാരണങ്ങൾ എന്തെല്ലാം തുടങ്ങിയ വിവരങ്ങളാണ് പൊലീസ് ആരാഞ്ഞത്. ഇക്കാര്യത്തിൽ ഭാര്യാപിതാവ് നൽകിയ മറുപടി പൊലീസ് വെളിപ്പെടുത്തിയില്ല. ഇതോടൊപ്പംതന്നെ മറ്റുകുടുംബാംഗങ്ങളെയും ചോദ്യംചെയ്തു. ഈ വിവരങ്ങളെല്ലാം വിലയിരുത്തിയശേഷമാകും കേസിന്റെ ഗതി ഏതുദിശയിലേക്ക് മാറ്റണമെന്ന് പൊലീസ് തീരുമാനിക്കുക.

ഇതേക്കുറിച്ച് ഭാര്യാപിതാവോ കുടുംബാഗങ്ങളോ പ്രതികരിക്കാൻ തയ്യാറായില്ല. മണിയുമായി ബന്ധപ്പെടുന്ന 200ലധികം പേരെ ഇതിനകം ചോദ്യം ചെയ്തു. സംശയം തോന്നിയ പത്തുപേരെ 24 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം അവരിൽ രണ്ടുപേരെ മാത്രം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുറത്ത് പ്രചരിക്കുന്ന പല കഥകളിലും തെളിവുകളോ വ്യക്തമായ മൊഴികളോ ലഭിക്കാത്തതിനാൽ അന്തിമ നിഗമനത്തിലെത്താനാകാത്ത സ്ഥിതിയിലാണ് അന്വേഷണ സംഘം.

മണിയുടെ വീട്ടിൽ നിന്ന് 400 മീറ്റർ മാത്രം അകലെയാണ് പാഡിയിലെ റസ്റ്റ് ഹൗസ്. ഫെബ്രുവരി 20ന് ശേഷം വീട്ടിൽ വരികയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന ഭാര്യ നിമ്മിയുടെ മൊഴി ഗൗരവമുള്ളതാണ്. ജനുവരിക്ക് ശേഷം രണ്ടോ മൂന്നോ തവണ മാത്രമേ മണി വീട്ടിൽ വന്നിട്ടുള്ളൂ എന്നും പൊലീസ് കണ്ടെത്തി. ഒന്നോ രണ്ടോ പ്രോഗ്രാമുകൾക്ക് പോയതൊഴികെയുള്ള ദിവസങ്ങളിലെല്ലാം മണി റസ്റ്റ് ഹൗസിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങളിൽ കുടുംബവുമായി അകന്ന് കഴിയാനുള്ള കാരണങ്ങളും അന്വേഷിച്ചു. ചില സൂചനകൾ ലഭിച്ചിട്ടുണ്ട്.

മണി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന റിപ്പോർട്ടുകളും ഇതിനു പിന്നാലെ വന്നു. കലാഭവൻ മണിയുടെ സഹായികളായ അരുൺ, വിപിൻ, മുരുകൻ എന്നിവരാണ് മൊഴി നൽകിയത്. കരൾ രോഗമാണ് മണിയെ സമ്മർദ്ദത്തിലാക്കിയിരുന്നതെന്നും പറയുന്നുണ്ട്. എന്നാൽ, മണിയെ നിരാശയിലാക്കിയതിനു പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും സംശയമുണ്ട്. കാരണം, മണി മറ്റൊരു ജോലി അന്വേഷിക്കുകയും ചെയ്തിരുന്നു. മറ്റു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും മണി സഹായികളോട് പറഞ്ഞിരുന്നുവെന്നാണ് വ്യക്തമാകുന്നത്. അതേസമയം, മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മണിയുടെ മേക്കപ്പ്മാൻ പറഞ്ഞത്.