കൊച്ചി: ദിലീപാണ് തന്റെ അവസരങ്ങൾ ഇല്ലാതാക്കിയതെന്ന പ്രചാരണത്തിന് മറുപടിയുമായി നടൻ കലാഭവൻ ഷാജോൺ. വീണുപോയ ഒരാളെ ചവിട്ടാൻ തന്നെ ആയുധമാക്കരുതെന്നും കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് തന്നെ പുറത്താക്കിയത് ദിലീപല്ലെന്നും കലാഭവൻ ഷാജോൺ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കുഞ്ഞിക്കൂനനിൽ അഭിനയിക്കാൻ താൻ പോകുകയും മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ വേഷം തനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപായിരുന്നില്ലെന്നും കലാഭവൻ ഷാജോൺ പറയുന്നു. കുഞ്ഞിക്കൂനന്റെ സംവിധായകൻ ശശി ശങ്കറിനോട് ദിലീപാണ് തന്റെ പേര് നിർദേശിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താൻ സെറ്റിൽ എത്തിയതെന്നും കലാഭവൻ ഷാജോൺ വ്യക്തമാക്കി.

കലാഭവൻ ഷാജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വീണുപോയ ഒരാളിനെ ചവിട്ടാൻ എന്നെ ആയുധമാക്കരുത്... പറയാൻ കാരണം, കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ നിന്ന് എന്നെ പുറത്താക്കിയത് ദിലീപേട്ടൻ ആണെന്നൊരു വാർത്ത പ്രചരിക്കുന്നു.

ഞാൻ കുഞ്ഞിക്കൂനനിൽ അഭിനയിക്കാൻ പോവുകയും മേക്ക് അപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു പക്ഷെ നിർഭാഗ്യവശാൽ ആ വേഷം എനിക്ക് ലഭിച്ചില്ല അതിനു കാരണം ഒരിക്കലും ദിലീപേട്ടൻ ആയിരുന്നില്ല ദിലീപേട്ടൻ ശശിശങ്കർ സാറിനോട് റെക്കമെന്റ് ചെയ്തിട്ടാണ് ഞാൻ ആ സെറ്റിൽ എത്തിയത് തന്നെ. അതുകൊണ്ടു അസത്യങ്ങൾ വാർത്തകൾ ആക്കരുത്.