തിരുവനന്തപുരം: പൊലീസ് നിയമന കേസിന്റെ അന്വേഷണം പുരോഗമിക്കുമ്പോൾ ഏറ്റവും ഒടുവിൽ അറസ്റ്റിലായത് മിമിക്രി കലാകാരനായ കലാഭവൻ സുധി എന്നറിയപ്പെടുന്ന സുധികുമാർ ആണ്. ഏതാനും വർഷങ്ങളായി കലാഭവനിലെ അറിയപ്പെടുന്ന കലാകാരനാണ് സുധി. മലയാളത്തിലെ പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റിലെയും മഴവിൽ മനോരമയിലെയും ഫ്ലവേഴ്‌സിലും അടക്കം നിരവധി കോമഡി സ്‌കിറ്റുകളും ചാനലുകളുടെയും സിനിമാ സംഘടനകളുടെയും വിദേശ ഷോകളിലെയും സ്ഥിര സാന്നിധ്യം കൂടിയായിരുന്നു ഈ കൊല്ലം സ്വദേശി. ശരന്യയുടെ തട്ടിപ്പുകൾക്ക് അറിഞ്ഞുകൊണ്ട് തന്നെ ഒത്താശ ചെയ്തതിന്റെ പേരിലാണ് ഇയാളെ ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്.

35 കാരനായ സുധി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും കൂടിയാണ്. ശരന്യയുമായുള്ള അടുപ്പമാണ് മികച്ച ഈ കലാകാരനെ കുഴിയിൽ ചാടിച്ചത്. മുഖ്യപ്രതിയായ ശരണ്യയെ തട്ടിപ്പിന് സഹായിച്ച് സുധി ആണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും അടക്കം സ്റ്റേജ് ഷോകളിൽ സ്ഥിരസാന്നിധ്യമായ സുധിക്ക് സിനിമാ താരങ്ങളുമായി മികച്ച അടുപ്പമുണ്ടായിരുന്നു. മലയാള സിനിമയിലെ കോമഡി താരങ്ങളിൽ ഭൂരിപക്ഷവും കലാഭവന്റെ സംഭാവനകളാണ് എന്നതു കൊണ്ട് തന്നെ സുധിയും നാളെ ഒരു താരമായി മാറിയേക്കുമെന്ന് ശരന്യ കണക്കുകൂട്ടി. അതുകൊണ്ട് തന്നെ സിനിമാ- സീരിയൽ മോഹനും ശരന്യയ്ക്ക് ഉണ്ടായുരുന്നു. ഈ മോഹം സഫലീകരിക്കുന്നതിനായി ശരന്യ സുധിയെ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ പരിപാടികൾക്ക് ശേഷം നാട്ടിൽ എത്തിയ സുധിയെ കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് പൊലീസ് അറസ്റ്റുചെയ്്തത്. നിയമനതട്ടിപ്പ് പുറത്തായതോടെ പൊലീസിനെ വെട്ടിച്ച് കടന്ന ശരണ്യയ്ക്ക് ബംഗളൂരുവിലടക്കം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുന്നതിന് സൗകര്യം ഒരുക്കിക്കൊടുത്തത് സുധിയാണെന്ന് ക്രൈംബ്രാഞ്ച് എസ് പി പ്രതീക്ഷ്‌കുമാർ വ്യക്തമാക്കുകയുണ്ടായി. ഗുരുവായൂരിലടക്കമുള്ള ലോഡ്ജുകളിൽ ഇയാളുമായി ശരണ്യ താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പിടിയിലായ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ പ്രദീപ് മുഖേനയായിരുന്നു സുധിയെ ശരണ്യയ്ക്ക് പരിചയപ്പെടുത്തിയത്.

തട്ടിപ്പിന് ഇരയാക്കുന്നതിന് ഡിവൈഎസ്‌പി രാധാകൃഷ്ണൻ എന്ന് പരിചയപ്പെടുത്തി ശബ്ദം മാറ്റി ഉദ്യോഗാർഥികളെ വിളിച്ചിരുന്നത് സുധി ആയിരുന്നു. ശരന്യയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. കോമഡി ഷോകൾ വഴി മികച്ച സമ്പാദ്യം ഉണ്ടാക്കിയെങ്കിലും ശരന്യയുടെ പ്രലോഭനങ്ങളിൽ താരം വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സസ്‌പെൻഷനിൽ കഴിയുന്ന തൃക്കുന്നപ്പുഴ എസ്‌ഐ സന്ദീപുമായി സുധിക്ക് അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നാൽ നിയമന തട്ടിപ്പു വഴി ഉദ്യോഗാർത്ഥികളിൽ നിന്നും ലഭിച്ച പണം സുധിക്ക് ലഭിച്ചിരുന്നോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരേണ്ടതുണ്ട്.

മിമിക്രി വേദികളിൽ നടൻ ദിലീപിനെ അനുകരിച്ച് ആസ്വാദകരുടെ ഹൃദയത്തിൽ ഇടംനേടിയ കലാകാരനാണ് ജോലി തട്ടിപ്പ് കേസിൽ അറസ്റ്റിലായ കലാഭവൻ സുധികുമാർ. മിമിക്രിയിൽ നിന്നു വന്ന ദിലീപിനെ അനുകരിക്കുന്നവർ കുറവാണ്. എന്നാൽ വളരെ മിടുക്കോടെ തന്നെ സുധി ദിലീപിനെ അനുകരിച്ച് പ്രേക്ഷകരുടെ കൈയടി നേടുകയായിരുന്നു. ശരണ്യ സുധിയെയും തന്റെ തട്ടിപ്പിന് ഉപയോഗപ്പെടുത്തുകയായിരുന്നു.

നൃത്തം വശമുണ്ടായിരുന്ന ശരണ്യ ചാനലിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുധിയുമായി അടുത്തത്. ചാനലിൽ മുഖം കാണിച്ചാൽ തന്റെ റേറ്റിങ് ഉയരുമെന്ന് ശരണ്യയ്ക്ക് അറിയാമായിരുന്നു. അതിനായി പുതിയൊരു ചാനലിൽ പരിപാടി അവതരിപ്പിക്കാനുള്ള പദ്ധതിയും തയ്യാറാക്കി. അതിന്റെ ഭാഗമായാണ് ഗുരുവായൂരിൽ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചത്. ഇതിനിടിയിലാണ് തട്ടിപ്പ് പുറത്തായതും അറസ്റ്റിലായതും.

ഇടത്തരം കുടുംബത്തിൽ നിന്നും സ്‌കൂൾ-കോളേജ് തലത്തിൽ കോമഡി വേദികളിൽ ശ്രദ്ധ നേടിയാണ് സുധി കലാഭവനിൽ എത്തുന്നത്. കലാഭവനിൽ എത്തിയതോടെ സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കുള്ള താരമായി മാറുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമായിരുന്ന സുധി സിനിമ മോഹവുമായി നടന്നിരുന്ന വ്യക്തി കൂടിയായിരുന്നു. യുട്യൂബിലും ഫേസ്‌ബുക്കിലും സ്റ്റേജ്് ഷോകളുടെ വീഡിയോകളും ചിത്രങ്ങളും അപ്ലോഡ് ചെയ്യുകയുമുണ്ടായിരുന്നു. സിനിമാ മോഹവുമായി മിമിക്രി വേദികളിൽ സജീവമായിരിക്കുന്ന വേളയിലാണ് ഇപ്പോൾ തട്ടിപ്പു കേസിൽ അറസ്റ്റിലായിരിക്കുന്നത്.