കൊച്ചി: എന്നും വിവാദങ്ങൾക്ക് പേര് കേട്ട സ്ഥലമാണ് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല. ഇവിടെ വച്ചാണ് ഡോക്ടർ രജത് കുമാർ ജീൻസിരായ പരാമർശം നടത്തി കോളിളക്കം സൃഷ്ടിച്ചത്.സ്ത്രീ സമൂഹത്തെയാകെ അപമാനിച്ചെന്ന ആരോപണവും പേറി അദ്ദേഹത്തിന് പിന്നെ ഒരുപാടു കാലം നടക്കേണ്ടി വന്നു.വിവാദങ്ങൾ കെട്ടടങ്ങി സുഖമകരമായ ഒരന്തരീക്ഷത്തിലേക്ക് കാര്യങ്ങൾ നീങ്ങിതുടങ്ങുന്നതിനിടെ എൻസിസിയുടെ ചുമതലയുള്ള ഒരധ്യാപകനെ ആ സ്ഥാനത്തു നിന്ന് ചിലരുടെ താൽപര്യം സംരക്ഷിക്കാനായി നീക്കിയതുമായി ബന്ധപ്പെട്ടും വിവാദമുണ്ടായി.

എന്നും അദ്ധ്യാപകർ വിവാദമുണ്ടാക്കുന്ന സർവ്വകലാശാലയിൽ ഇത്തവണയും സ്ഥിതി വ്യത്യസ്തമൊന്നുമല്ല .സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയെ ആസ്ഥാനത്തു നിന്നും നീക്കിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദമുയർന്നിരിക്കുന്നത്.അഛൻ എച്ച്ഒഡി ആയ ഡിപ്പാർട്ട്‌മെന്റിൽ മകൻ അനധികൃതമായി കോഴ്‌സിന് പ്രവേശനം നേടിയെന്ന ആക്ഷേപത്തെ തുടർന്ന് സർവ്വകലാശാല അധികൃതരാണ് ഇംഗ്ലീഷ് വിഭാഗം എച്ഒഡി ഡോക്ടർ പ്രശാന്ത് കുമാറിനാണ് മകന്റെ പ്രവേശനത്തെ തുടർന്ന് പോസ്റ്റ് നഷ്ടമായിരിക്കുന്നത്.

മുൻ സിൻഡിക്കേറ്റ് അംഗവും പ്രശത അദ്ധ്യാപകനുമായ ഇദ്ദേഹത്തിന്റെ മകൻ ഈ അധ്യായന വർഷമാണ് എംഎ ഇംഗ്ലീഷ് കോഴ്‌സിന് പ്രവേശനം നേടിയത്.എന്നാൽ പ്രവേശന പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കിയത് ഡിപ്പാർട്ട്‌മെന്റ് മേധാവി തന്നെയാണെന്നായിരുന്നു ആലുവ സ്വദേശിയായ ഗോപകുമാർ എന്നയാളുടെ പരാതി .താനല്ല പ്രവേശന പരീക്ഷക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കിയതെന്ന് ഡോക്ടർ പ്രശാന്ത്കുമാർ മറുപടി നൽകിയിരുന്നു.

തന്റെ കീഴിലുള്ള ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ ഡോക്ടർ അജയ്‌ശേഖറാണ് ചോദ്യപേപ്പർ തയ്യാറാക്കിയതെന്ന് പ്രശാന്ത് കുമാർ രേഖകളുടെ അടിസ്ഥാനത്തിൽ സിൻഡിക്കേറ്റ് മുൻപാകെ വാദിച്ചെങ്കിലും ഫലമുണ്ടായില്ല .ചോദ്യപേപ്പർ തയ്യാറാക്കിയതിലുള്ള ഉത്തരവാദിത്തം എച്ച്ഒഡിക്കാണെന്ന് സർവ്വകലാശാല സിൻഡിക്കേറ്റ് കണ്ടെത്തുകയായിരുന്നു.ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ചുമതലയിൽ നിന്ന് മാറി നിക്കണമെന്നാണ് സർവ്വകലാശാല ഉത്തരവിൽ പറയുന്നത്.ചോദ്യപേപ്പർ തയ്യാറാക്കിയെന്ന് പ്രശാന്ത് കുമാർ പറയുന്ന അജയ് ശേഖറും എച്ച്ഒഡിയും തമ്മിൽ അടുത്ത ബന്ധമാണെന്നും ഇദ്ദേഹത്തിന്റെ ഭാര്യ പ്രശാന്ത് കുമാറിന്റെ ശിഷ്യയാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിച്ചിരുന്നു.

അനധികൃത പ്രവേശനത്തിനെതിരെ കോളേജിലെ ചില വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു.പ്രശാന്ത് കുമാറിനെ സ്ഥാനത്തു നിന്നും നീക്കിയെങ്കിലും പ്രവേശനം നേടിയ അദ്ദേഹത്തിന്റെ മകന്റെ കാര്യത്തിൽ ഇത് വരെ സിൻഡിക്കേറ്റ് തീരുമാനമെടുത്തിട്ടില്ല.ഇംഗ്ലീഷ് വിഭാഗം മേധാവി സ്ഥാനത്തു നിന്ന് പുറത്തായതോടെ എന്തായാലും പ്രവേശന പരീക്ഷയും ഇതോടെ വിവാദത്തിന്റെ തലത്തിലേക്ക് വന്നിട്ടുണ്ട്.ഇതിന് മുൻപും സർവ്വകലാശാലയിൽ സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.വിദ്യാർത്ഥി -അദ്ധ്യാപക സംഘടനകൾ സജീീവമായ ക്യാമ്പസിൽ അദ്ധ്യാപകർക്കെതോയി ഇത്തരം ആരോപണങ്ങൾ ഉയരുന്നത് സർവ്വസാധാരണമായിരിക്കുകയാണ്.