കാലടി: കൈയിലിരുന്ന തോക്കിൽ നിന്ന് മകന് വെടിയേറ്റതുകണ്ട് പിതാവ് സ്വയം വെടിവച്ച് മരിച്ച സംഭവത്തിൽ ആകെ ദുരൂഹത. അയ്യമ്പുഴ കാവുങ്ങ വീട്ടിൽ കെ.പി. മാത്യു (48) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മകൻ മനു അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ഒൻപതമ മണിയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം.

മാത്യുവിന്റെ പക്കലുണ്ടായ തോക്കിൽ നിന്ന് മകൻ മനുവിന്റെ (22) തലയ്ക്ക് നേരെ വെടി പൊട്ടുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച മനുവിന്റെ നിറുകയിലാണ് വെടിയേറ്റത്. പുറത്തേക്കോടിയ മനു അയൽവീട്ടിൽ നിന്ന് തുണി വാങ്ങി മുറിവിൽ കെട്ടി. അമ്മ റോസിലിയും പ്രദേശവാസികളും ചേർന്ന് മനുവിനെ ഉടൻ അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സമയമൊക്കെ നിസംഗതനായി മാത്യു നിൽപ്പുണ്ടായിരുന്നു. നാട്ടുകാരോട് തട്ടിക്കയറുകയും ചെയ്തു. ഇതാണ് സംശയം ജനിപ്പിക്കുന്നത്. ഈ വീട്ടിൽ കുടുംബ പ്രശ്്‌നങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. എല്ലാം വിശദമായി പൊലീസ് അന്വേഷിക്കും.

വെടിയേറ്റ ശേഷം മനു പുറത്തേക്കോടുന്നതും ആശുപത്രിയിൽ പോകുന്നതുമെല്ലാം റോഡിലേക്കിറങ്ങി വന്ന് ശ്രദ്ധിച്ച മാത്യു ഉടനെ വീട്ടിൽ കയറി കതകടച്ച് തോക്കിന്റെ ബാരൽ താടിയിൽ അമർത്തി കാൽകൊണ്ട് കാഞ്ചി വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യ വെടിയിൽ താഴെ വീണ ഇയാൾ വീണ്ടും എഴുന്നേറ്റ് തലയ്ക്കു നേരെ ബാരൽ വച്ച് വെടിയുതിർക്കുകയായിരുന്നു. അബദ്ധത്തിൽ വെടിയേറ്റതെങ്കിൽ എന്തുകൊണ്ട് മനു വീട്ടിൽ നിന്ന് ഇറങ്ങി ഓടിയെന്നതാണ് ഉയരുന്ന ചോദ്യം. നാട്ടുകാർ എല്ലാം അറിഞ്ഞതോടെയായിരുന്നു ആത്മഹക്യാ ചെയ്യാൻ മാത്യു തീരുമാനിച്ചുറച്ചത്. അങ്ങനെ താക്കിന്റെ ബാരൽ താടിയിൽ അമർത്തി കാൽകൊണ്ട് കാഞ്ചി വലിക്കുകയായിരുന്നുവെന്നാണ് സൂചന.

ഒന്നാമത്തെ വെടിശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ രണ്ടാമത്തെ ശ്രമത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. രണ്ടാമത്തെ വെടിയിൽ തല തകർന്നു. ഭിത്തിയിലേക്ക് രക്തം തെറിച്ചു. കതക് പൊളിച്ച് അകത്തുകടന്നാണ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടക്കുമ്പോൾ മനുവിന്റെ സഹോദരി മീനു പള്ളിയിൽ പോയിരിക്കുകയായിരുന്നു. ആലുവയിലെ ഒരു ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണം കൊണ്ടുപോകുന്നതിന് സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു മാത്യു. തോക്കുപയോഗിക്കാൻ ലൈസൻസുണ്ട്. ഡബിൾ ബാരൽ തോക്കാണ് കൈവശമുള്ളത്.

അതിനിടെ പിതാവ് മാത്യു തോക്ക് സർവീസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പൊട്ടിയാണ് തനിക്ക് പരിക്കേറ്റതെന്ന് ആശുപത്രിയിൽ കഴിയുന്ന മനു അയ്യമ്പുഴ പൊലീസിന് മൊഴി നൽകി. മകന് പരിക്കേറ്റതിന്റെ മാനോവിഷമത്തിൽ മാത്യു സ്വയം നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മനു സുഖം പ്രാപിക്കുകയാണെന്നാണ് റിപ്പോർട്ട്.