- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറുടെ ഭാര്യയ്ക്ക് പ്രബേഷൻ കൊടുത്തത് ചട്ടവിധേയം; സംസ്‌കൃതം ജനറൽ വിഭാഗത്തിൽ സ്‌ക്രീനിങ് കമ്മിറ്റി തള്ളിയവരെ സ്ഥിരപ്പെടുത്തുന്നതിൽ വിവാദവും; വീണ്ടും കാലടി സംസ്‌കൃത സർവകലാശാലയിൽ നിയമന തർക്കം; പരാതി ഗവർണ്ണർക്ക് മുമ്പിലേക്ക്
കാലടി: വിവാദമായ അസി. പ്രഫസർ നിയമനങ്ങൾ ഉൾപ്പെടെ സ്ഥിരപ്പെടുത്തുന്നതിനു മുന്നോടിയായി കാലടി സംസ്‌കൃത സർവകലാശാലയിൽ 15 പേരുടെ പ്രബേഷൻ പ്രഖ്യാപിച്ച് ഉത്തരവായതിലും വിവാദം. സംസ്‌കൃതം ജനറൽ വിഭാഗത്തിൽ സ്‌ക്രീനിങ് കമ്മിറ്റി തള്ളിയവരുടെ പേരും പട്ടികയിലുൾപ്പെട്ടതാണ് ഇതിന് കാരണം.മലയാള വിഭാഗത്തിൽ പ്രബേഷൻ ലഭിച്ചവരിൽ സ്പീക്കർ എം.ബി.രാജേഷിന്റെ ഭാര്യ ഡോ. ആർ.നിനിതയുമുണ്ട്.
അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് തീരുമാനം. എന്നാൽ നിശ്ചിത കാലം പൂർത്തിയാക്കിയാൽ പ്രബേഷൻ കൊടുത്തേ മതിയാകൂ. ഈ സാഹചര്യത്തിൽ എംബി രാജേഷിന്റെ ഭാര്യയ്ക്ക് പ്രബേഷൻ കൊടുത്തതിൽ പ്രശ്‌നങ്ങളൊന്നുമില്ല. അത് നിയമപരമായി ശരിയുമാണ്മ. എന്നാൽ സംസ്‌കൃത വിഭാഗത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന വാദം സജീവമാണ്. തെളിവ് സഹിതമാണ് പരാതിയും ആരോപണങ്ങളും ചർച്ചയാകുന്നത്.
സംസ്‌കൃതം ജനറൽ വിഭാഗത്തിൽ 3 പേരുടെ സിലക്ഷനിലെ അപാകത ചൂണ്ടിക്കാട്ടി സിൻഡിക്കറ്റ്, സ്‌ക്രീനിങ് കമ്മിറ്റികളിൽ അംഗമായിരുന്ന ഡോ. പി.സി.മുരളീമാധവൻ കഴിഞ്ഞ വർഷം ജൂണിൽ ഗവർണർക്കു നൽകിയ പരാതിയിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടൊപ്പം നിയമനം സംബന്ധിച്ചു സർവകലാശാലാ സ്‌ക്രീനിങ് കമ്മിറ്റിയെടുത്ത തീരുമാനങ്ങളുടെ പകർപ്പും ചർച്ചയായി.
സംസ്‌കൃതം ജനറൽ വിഷയത്തിൽ എംഎ വേണമെന്നിരിക്കെ സംസ്‌കൃത സാഹിത്യം, വേദാന്തം വിഷയങ്ങളിലാണു സിലക്ഷൻ ലഭിച്ച 3 പേർക്കും എംഎ ഉണ്ടായിരുന്നതെന്ന പരാതി ഉയർന്നിരുന്നു. ഈ യോഗ്യത ഇല്ലാത്തതിനാൽ ഇവരെ ഒഴിവാക്കണമെന്നു സ്‌ക്രീനിങ് കമ്മിറ്റി ശുപാർശ ചെയ്‌തെന്നു വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. പക്ഷേ, അന്നത്തെ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ചെയർമാനായ സിലക്ഷൻ കമ്മിറ്റി ചട്ടവിരുദ്ധമായി ഇന്റർവ്യൂ നടത്തിയെന്നും നിയമനം നൽകിയെന്നുമാണ് ആക്ഷേപം.
ഇവരുടെ നിയമനത്തിൽ അപാകതയില്ലെന്നും മുരളീമാധവൻ കൂടി ഉൾപ്പെട്ട സ്‌ക്രീനിങ് കമ്മിറ്റി എല്ലാ ചട്ടങ്ങളും പാലിച്ചാണു നിയമനം അംഗീകരിച്ചതെന്നും മുൻ വിസി ഡോ. ധർമരാജ് അടാട്ട് പറയുന്നു. അതിനിടെ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ അക്കാദമിക് കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് നടന്ന എല്ലാ അദ്ധ്യാപക നിയമനങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇവർ ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
നിയമനം ലഭിച്ചവരിലേറെയും കാലടി സർവകലാശാലയ്ക്കു എ പ്ലസ് നാക് അക്രഡിറ്റേഷൻ നൽകിയ അക്രഡിറ്റേഷൻ സംഘത്തലവൻ ഡോ. ശ്രീനിവാസ വരഖേടിയുടെയും മുൻ വിസി ഡോ. ധർമരാജ് അടാട്ടിന്റെയും സിലക്ഷൻ കമ്മിറ്റി അംഗം വി.ആർ.മുരളീധരന്റെയും ഗവേഷണവിദ്യാർത്ഥികളാണെന്നും ഇവർ ആരോപിക്കുന്നു.
നിയമനത്തെ സാധൂകരിക്കാൻ 1998ലെ അക്കാദമിക് കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ടെന്നു മുൻ വിസി പറഞ്ഞതു സത്യവിരുദ്ധമാണെന്നു മുരളീമാധവൻ വ്യക്തമാക്കി. വിവരാവകാശരേഖകളിൽ അക്കാദമിക് കൗൺസിലിൽ പങ്കെടുത്ത അംഗങ്ങളുടെ പേരുകൾ മറച്ചുവച്ചാണു പകർപ്പു നൽകിയതെന്നും ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ