കൊച്ചി:കാലടിയിൽ ഗുണ്ടാ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ കുടിപ്പക. കൈപ്പട്ടൂർ ഇഞ്ചക്കവല ഇഞ്ചക്ക സനിലിനെ(33) ആണ് ഗുണ്ടകൾ വെട്ടിക്കൊലപ്പെടുത്തിയത്. പുത്തൻകാവ് അമ്പലത്തിനു സമീപത്ത് വച്ചായിരുന്നു ആക്രമണം. ശ്രീ ശങ്കരാചാര്യ സർവകാലശാല ലേഡീസ് ഹോസ്റ്റലിനു സമീപമാണ് ആക്രമണം ഉണ്ടായത്.

കൈപടൂർ ഇഞ്ചകവലയിൽ നിന്നും ബൈക്കിൽ കാലടിക്കു വരികയായിരുന്ന സനിലിനെ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചു വീണ സനിലിനെ കാറിൽ നിന്ന് ഇറങ്ങിയ രണ്ടുപേർ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. ശബ്ദം കേട്ട് ഹോസ്റ്റലിൽ ഉണ്ടായിരുന്ന പെൺകുട്ടികൾ പുറത്തേക്കു നോക്കുമ്പോഴാണ് സംഭവം കണ്ടത്. കുട്ടികൾ ബഹളം ഉണ്ടാക്കി. അടുത്തുള്ള പുത്തൻ കാവ് ഭദ്രകാളി ക്ഷേത്രത്തിൽ ദർശനത്തിനുഎത്തിയവരും ഈ രംഗം കണ്ട് ഭയന്നു. ഈ സമയത്തു സർവകലാശാല ഗസ്റ്റ് ഹോസ്റ്റിൽ കേന്ദ്ര സഹമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയും ഉണ്ടായിരുന്നു.

സനിലിനെ കാൽ അറ്റു പോകുന്ന രീതിയിലാണ് വെട്ട് കൊണ്ട് മുറിവേറ്റത്. ഹൃദയ ഭാഗത്തും ആഴത്തിൽ കുത്തേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നെഞ്ചിലും കൈകൾക്കും കാലിനും പുറത്തും വെട്ടും കുത്തുമേറ്റ് റോഡിൽ രക്തം വാർന്നു കിടന്ന സനിലിനെ സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കാര രതീഷ്, അച്ചി എൽദോ എന്നിവരാണ് തന്നെ കൊലപ്പെടുത്താൻ നോക്കിയത് എന്ന് സനിൽ ഡോക്ടറോട് പറഞ്ഞു.

ഗുരുതരമായ പരിക്കേറ്റ സനിലിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു. കാലടി സിഐ സജി മാർക്കോസ്, എസ്‌ഐ നോബിൾ മാനുവൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി മേൽനടപടികൾ സ്വകരിച്ചു. ഗുണ്ടസംഘങ്ങൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിൽ സംശയിക്കുന്നു. മരിച്ച സനിൽ മുൻപ് പ്രതികളെ ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട്.

കാര രതീഷിന്റെ സംഘത്തിൽ സനിൽ അംഗമായിരുന്നു. പിന്നീട് ഇവർ തമ്മിൽ തെറ്റി. രതീഷിന്റെ അമ്മയെ സനിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന കേസ് നിലവിലുണ്ട്. ഇതിന്റ വൈരാഗ്യമാണ് ആക്രമത്തിന് കാരണം എന്ന് സിഐ സജി മാർക്കോസ് മറുനാടനോട് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയ ഗുണ്ടാസംഘങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആരൊക്കെയാണ് പ്രതികൾ എന്ന വ്യക്തമായ ഒരു ധാരണ പൊലീസിന് കിട്ടിയ സാഹചര്യത്തിൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് കാലടി സിഐ സജി മർക്കോസ് അറിയിച്ചു.

ഇവർ സനിലിനെ അക്രമിക്കാനായി എത്തിയ ലോഗൻ കാർ പൊലീസ് തിരിച്ചറിഞ്ഞതായി സിഐ സജി.മാർക്കോസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കാലടിയിലെ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ടു രതീഷ് എൽദോസ് എന്നീ രണ്ടു.പ്രതികളെചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത് ഇതിൽ ഒരാൾ കാലടി സ്വദേശിയും രണ്ടാമത്തെ ആൾ മലയാറ്റൂർ സ്വദേശിയുമാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

മരിച്ച സനിലിന്റെ ഭാര്യ: ബിനിത. മകൻ: അശ്വിൻ ക്രിസ്‌റ്റോ.