തൃശ്ലൂർ: പ്രശസ്ത മോഹിനിയാട്ടം നർത്തകിയും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം ലീലാമ്മ (65) അന്തരിച്ചു. തൃശ്ശൂർ അത്താണിയിലെ വീട്ടിൽ രാവിലെ 11.30 ഓടെയായിരുന്നു അന്ത്യം. ഏറെ കാലമായി ചികിത്സയിലായിരുന്നു. 

കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദിയുടെ മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരം, കലാമണ്ഡലം അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങൽ ലഭിച്ചിട്ടുള്ള ലീലാമ്മയ്ക്ക് കലാമണ്ഡലത്തിലൂടെയും അല്ലാതെയും നിരവധി ശിഷ്യരാണുള്ളത്.

കോട്ടയം മറ്റക്കരയിലാണ് ലീലാമ്മ ജനിച്ചത് കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ പഠിച്ച് അവിടെത്തന്നെ അദ്ധ്യാപികയായി. മോഹിനിയാട്ടം വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലാമണ്ഡലം സർവ്വകലാശാലയുടെ കാമ്പസ് ഡയറക്ടറായും പ്രവർത്തിച്ചു. കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം ചന്ദ്രിക എന്നിവരുടെ ശിഷ്യയായി. ഭരതനാട്യവും കുച്ചിപുടിയും പഠിച്ചിട്ടുണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ റീഡറായും പ്രവർത്തിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ഡോക്യുമെന്ററിയിലും നൃത്തം അവതരിപ്പിച്ചു. മോഹിനിയാട്ടത്തെ പറ്റി ഗവേഷണം ചെയ്യാൻ സ്വന്തമായി തൃശ്ശൂർ ജില്ലയിലെ അത്താണിയിൽ സ്വാതിചിത്ര എന്ന സ്ഥാപനം നടത്തിയിരുന്നു. ഭർത്താവ്: മധുസൂദനൻ, മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.