കോട്ടയം: കളമശേരിയിൽ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു. പതിനാലുകാരിയായ കളമശേരി സ്വദേശിനി മൂന്നു മാസം മുമ്പാണു പീഡനത്തിന് ഇരയായത്.

ഛർദിയും വയറിളക്കവും ബാധിച്ച നിലയിൽ പെൺകുട്ടിയെ കഴിഞ്ഞ 27നാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നില വഷളായ കുട്ടി ഇന്നു പുലർച്ചെ 6.50 ഓടെ മരിക്കുകയായിരുന്നു.

പെൺകുട്ടി പീഡനത്തിനിരയായത് സെപ്റ്റംബർ 14നാണ്. അയൽക്കാരായ രണ്ടുപേർ ചേർന്നു വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു പീഡിപ്പിച്ചത്. സംഭവത്തിൽ കളമശേരി പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.

മെനിഞ്ചൈറ്റിസ് ബാധിതയായ പെൺകുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. രോഗത്തെത്തുടർന്നാണോ അതോ പീഡനം മൂലമാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.