കൊച്ചി: വാടക തന്റെ കയ്യിൽ തരാതെ ഭാര്യയുടെ കയ്യിൽ കൊടുത്തതിന്റെ പ്രതികാരമായി കെട്ടിട ഉടമ വാടക്കാരന്റെ കട തീ ഇട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഉടമ കൂനംതൈ അമ്പലം റോഡിൽ പാറക്കുളങ്ങര അനിരുദ്ധനെ (കുട്ടൻ55) പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി അമ്പലത്തിന് സമീപണാണ് സംഭവം.

ഇടപ്പള്ളി തോപ്പിൽ സ്വദേശി സിൻസിയറിന്റെ ഉടമസ്ഥതയിലുള്ള ടൂ വീലർ വർക്ഷോപ്പ് കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കത്തി നശിച്ചിരുന്നു. അറ്റകുറ്റപ്പണിക്കായി ഇവിടെ സൂക്ഷിച്ചിരുന്ന മുപ്പത്തിഅഞ്ചോളം ഇരുചക്ര വാഹനങ്ങൾ തീ പിടുത്തതിൽ കത്തി നശിച്ചിരുന്നു. തൃക്കാക്കര, ഏലൂർ എന്നിവടങ്ങളിലെ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന്റെ മെയിൻ സ്വിച്ച് എല്ലാ ദിവസവും വീട്ടിൽ പോകുമ്പോൾ ഓഫ് ചെയ്തിട്ടാണ് പോകാറുള്ളതെന്നും ഷോർട്ട് സർക്യൂട്ട് ആയിരിക്കില്ല തീപിടിത്തത്തിനു കാരണമെന്നും സിൻസിയർ തുടക്കത്തിലെ സംശയം പ്രകടിപ്പിച്ചിരുന്നു.

കടയുടമയ്ക്ക് വർക്കഷോപ്പ് ആരെങ്കിലും കത്തിച്ചതാവാമെന്ന് സംശയം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിൽ സമീപത്തെ കെട്ടിടങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

കെട്ടിട ഉടമയായ തന്റെ പക്കൽ കെട്ടിട വാടക ഏൽപ്പിക്കാതെ ഭാര്യയുടെ കയ്യിൽ കൊടുത്തതാണ് തന്നെ പ്രകോപിപ്പിച്ചതെന്നു അനിരുദ്ധൻ പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. തീ പിടുത്തത്തിൽ 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. സമീപത്തു പ്രവർത്തിച്ചിരുന്ന മൊബൈൽ ഫ്രീസർ യൂണിറ്റിനും നാശമുണ്ടായി. മൂന്നുവർഷം മുൻപാണ് അനിരുദ്ധന്റെ കെട്ടിടം ഇയാൾ വാടകയ്ക്കെടുത്തത്.