- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റംസമ്മതിച്ചത് പരമാവധി ശിക്ഷ ഏഴു വർഷത്തിൽ കുറയില്ലെന്ന വിലയിരുത്തലിൽ; മദനിയെ മോചിപ്പിക്കാൻ ബസ് തട്ടിയെടുത്ത് കത്തിച്ച തടിയന്റവിട നസീറിന് പ്രതീക്ഷിച്ച ശിക്ഷ; ഇനി സൂഫിയാ മദനിയുടെ വിചാരണക്കാലം; കളമശ്ശേരി ബസ് കത്തിക്കൽ കേസ് അടുത്ത ഘട്ടത്തിലേക്ക്; നസീറിനും മറ്റു രണ്ടു പേർക്കും ശിക്ഷ വിധിച്ച് കോടതി
കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ തടിയന്റവിട നസീർ അടക്കം മൂന്നുപ്രതികൾക്കുള്ള ശിക്ഷ വിധിച്ചു. കണ്ണൂർ സ്വദേശി തടിയന്റവിട നസീറിനു പുറമേ പെരുമ്പാവൂർ സ്വദേശി സാബിർ ബുഹാരിക്ക് ഏഴു കൊല്ലമാണ് തടവ്. പറവൂർ സ്വദേശി താജുദ്ദീന് ആറു കൊല്ലവും. മൂന്നുപേരും എൻ.ഐ.എ. കോടതി മുമ്പാകെ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തേ കുറ്റംസമ്മതിച്ച മറ്റൊരു പ്രതി പറവൂർ സ്വദേശി കെ.എ. അനൂപിനെ കോടതി ആറുവർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എൻ.ഐ.എ. കുറ്റപത്രം സമർപ്പിച്ചത്. 14 പ്രതികളുണ്ടായിരുന്ന കേസിലെ ഒരാൾ മരിച്ചു.
കഠിന തടവ് കൂടാതെ മൂന്നു പ്രതികൾക്കും പിഴശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ തടിയന്റവിട 1,75000 രൂപയും സാബിർ 1,75000 രൂപയും താജുദ്ദീൻ 1,10000 രൂപയും പിഴയായി ഒടുക്കണം. പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മഅദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് സേലത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസാണ് പ്രതികൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കളമശ്ശേരിയിൽ യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോളൊഴിച്ച് കത്തിച്ചു.
വിചാരണ പൂർത്തിയാക്കാതെയാണ് മൂന്ന് പ്രതികൾക്ക് കോടതി ശിക്ഷ വിധിക്കുന്നത്. എൻഐഎ ചുമത്തിയ കുറ്റങ്ങൾ സമ്മതിക്കുന്നതായി പ്രതികൾ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്. നിലവിലെ റിമാൻഡ് കാലാവധി ശിക്ഷാകാലാവധിയായി കണക്കാക്കും. അബ്ദുൽ നാസർ മദനിയുടെ ഭാര്യ സൂഫിയ മഅ്ദനി ഉൾപ്പെടെ കേസിൽ 13 പ്രതികളുണ്ട്. ഇതിൽ അഞ്ചാം പ്രതി അനുപ് കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് നേരത്തെ ശിക്ഷ വിധിച്ചിരുന്നു. കുറ്റം സമ്മതിക്കാത്ത പ്രതികളുടെ വിചാരണ ഉടൻ ആരംഭിക്കും. കേസിലെ 11 പ്രതികളിൽ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു.
2010ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസിന്റെ വിചാരണ 2019 ൽ മാത്രമാണ് തുടങ്ങിയത്. തടിയന്റവിട നസീർ, പത്താം പ്രതി സൂഫിയ മഅ്ദനി ഉൾപ്പെടെ 13 പ്രതികളുടെ വിചാരണയായിരുന്നു നടന്നിരുന്നത്. ഇതിനിടെയാണ് നസീർ കുറ്റസമ്മതം നടത്തിയത്. ബസ് തട്ടിയെടുക്കാൻ നസീർ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെടുക്കാൻ അന്വേഷണസംഘത്തിനായിട്ടില്ല. പിന്നീട് കാശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റുമരിച്ച പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അബ്ദുൽ റഹീമിനെയും കുറ്റപത്രത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
മദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. ബസ് ഡ്രൈവറുടെയടക്കം എട്ടു പേരുടെ മൊഴി കുറ്റപത്രത്തിനൊപ്പം ചേർത്ത് 2010 ഡിസംബറിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. ബസ് യാത്രക്കാരായ 31 പേരുടെ മൊഴി പൊലീസ് നേരത്തെ വിശദമായി രേഖപ്പെടുത്തിയിരുന്നെങ്കിലും ഫയലുകൾ പിന്നീട് കാണാതായി. ഇതും വിവാദമായിരുന്നു.