അടൂർ: ഇളമണ്ണൂർ കിൻഫ്ര പാർക്കിൽ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ സഹോദരനും സർക്കാർ കരാറുകാരനുമായ കലഞ്ഞൂർ മധു സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ടാർ മിക്സിങ് യൂണിറ്റിനെതിരേ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്ത്.

ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കമുള്ളവർ ഇന്നലെ പ്ലാന്റ് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുടെ സമരത്തിന് പ്രാദേശിക സിപിഎം നേതൃത്വം നേരത്തേ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിവൈഎഫ്ഐ നേതാക്കൾ പോസ്റ്റർ പ്രചാരണം നടത്തുകയും പരസ്യമായി രംഗത്തു വരികയും ചെയ്തു. സിപിഎം ഭരിക്കുന്ന ഏനാദിമംഗലം പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശങ്കർ മാരൂർ പ്ലാന്റിനെതിരേ ജില്ലാ കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

പ്ലാന്റ് ഉടമ കലഞ്ഞൂർ മധുവിനായിരുന്നു ആദ്യമൊക്കെ സിപിഎം ജില്ലാ-ഏരിയാ നേതൃത്വങ്ങളുടെ പിന്തുണ. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഈ നാട്ടുകാരൻ ആണെങ്കിലും പ്ലാന്റ് വിഷയത്തിൽ മനസു തുറക്കാൻ തയാറല്ലായിരുന്നു. കൊടുമൺ ഏരിയാ കമ്മറ്റിയാകട്ടെ സമരത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരെ താക്കീത് ചെയ്യാനും പുറത്താക്കാനും നീക്കം നടത്തി. എങ്ങനെയും സമരത്തിൽ നിന്ന് പിൻവലിയുകയായിരുന്നു ലക്ഷ്യം.

ബിജെപി സമരം ഏറ്റെടുത്തതോടെ ആ പേര് പറഞ്ഞ് സിപിഎം വലിഞ്ഞു. എന്നാൽ, ഈ വിവരം വാർത്തയായതോടെ സിപിഎമ്മിന് നാണക്കേടായി. തുടർന്നാണ് ഇന്നലെ ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് പ്രദേശം സന്ദർശിക്കാനെത്തിയത്. സിപിഎം സമരം നടത്തുന്ന ജനങ്ങൾക്ക് ഒപ്പമാണെന്നാണ് ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു അറിയിച്ചത്.

പുറമേ ആണെങ്കിൽ പോലും സിപിഎം ജില്ലാ നേതൃത്വം സമരക്കാർക്കൊപ്പം ചേർന്നത് പ്ലാന്റ് ഉടമയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ജനരോഷം ശക്തമായതു കൊണ്ട് മാത്രമാണ് സിപിഎം പ്ലാന്റിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഉടമ കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി സമ്പാദിക്കുമെന്നും മനസിലാക്കിയാണ് സിപിഎമ്മിന്റെ ഈ നീക്കം.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണയോടെ പ്ലാന്റ് സ്ഥാപിക്കാൻ കഴിയും. ഇതേ വിധിയുടെ പേര് പറഞ്ഞ് സിപിഎമ്മിന് സമരത്തിൽ നിന്ന് പിന്മാറാനും കഴിയും. ഇപ്പോൾ പിന്തുണയുമായി രംഗത്ത് വന്ന സ്ഥിതിക്ക് പിന്നെ തങ്ങളുടെ പിന്മാറ്റം ആരും സംശയിക്കില്ല എന്ന ആശ്വാസവും പാർട്ടി നേതൃത്വത്തിനുണ്ട്.