ന്യൂയോർക്ക്: കലാവേദി ഇന്റർനാഷണൽ നടത്തിയ പ്രഥമ സംഗീത  നൃത്തമത്സരങ്ങൾ വിജയകരമായി. ന്യൂയോർക്കിലെ ടൈസൺ സെന്ററിൽ വച്ച് നടത്തപെട്ട കലാമത്സരങ്ങളിൽ നിരവധി കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രഗല്ഭരായ വിധികർത്താക്കൾ  വളരെ കൃത്യമായും, സത്യസന്ധമായും വിധി നിർണയത്തിനോടുവിൽ വിജയികളുടെ പേരുകൾ പ്രഖ്യാപിച്ചു. സംഗീതത്തിലും, നൃത്തത്തിലും രണ്ടു വിഭാഗങ്ങളിലായി വിജയികൾ ഒന്നാം സമ്മാനങ്ങൾ പങ്കിട്ടു. താഴെ പറയുന്നവരാണ് കലാവേദി ഗോൾഡൺ അവാർഡ് ജേതാക്കൾ. മീനു ജയകൃഷ്ണൻ (ക്ലാസിക്കൽ ഡാൻസ്  ഭരതനാട്യം),  മറിയം നിവേദിത (നാടോടി നൃത്തം), ക്രിസ്റ്റി തോമസ് (കർണാടിക് മ്യൂസിക്), അലക്‌സ് ജോർജ് (ലളിത സംഗീതം). രണ്ടാം സമ്മാനങ്ങൾ താഴെ പറയും വിധം: മറിയം നിവേദിത (ക്ലാസിക്കൽ ഡാൻസ്  ഭരതനാട്യം), ശ്രുതി എബ്രഹാം (നാടോടി നൃത്തം), ദീപിക കുറുപ്പ് (കർണാടിക് മ്യൂസിക്).

അമേരിക്കൻ മലയാളികൾക്കിടയിലെ രണ്ടാം തലമുറയിലെ കലാകാരന്മാരെയും കലാകാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കലാവേദി ഇത്തരമൊരു ദൗത്യത്തിന് മുതിർന്നത്. 13 നും 19 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 1001 ഡോളറും ശില്പവുമാണ്  കലാവേദി  ഗോൾഡൺ അവാർഡ്.
ജെ. മാത്യൂസ് മുഖ്യ കൺവീനറായും സജി മാത്യു, സുരേഷ് പണിക്കർ എന്നിവർ സംഘാടകരായും പ്രവർത്തിച്ചു.

 25 നു വൈകിട്ട് ന്യൂയോർക്കിലെ ഫ്‌ലോറൽ പാർക്കിലുള്ള ഇർവിൻ ആൾട്മാൻ സ്‌കൂൾ ഓഡിടോറിയത്തിൽ (257 Street & 81 Ave)  വച്ച് നടക്കുന്ന കലോത്സവവേദിയിൽ വച്ച് അവാർഡുകൾ സമ്മാനിക്കും. മലയാള സർവകലാശാല വൈസ്ചാൻസിലർ കെ. ജയകുമാർ (മുൻ കേരള ചീഫ് സെക്രട്ടറി) ചടങ്ങ് ഉത്ഘാടനം ചെയ്യും. ചലച്ചിത്ര നടി മന്യ, റെഡ്‌ക്രോസ് ബോർഡ് ഡയറക്ടർ അരവിന്ദ് വോറ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.  രണ്ടാം തലമുറയിലെ പ്രതിഭാശാലികളുടെ കലാപ്രകടനങ്ങൾ കലോത്സവത്തിന് മാറ്റ് കൂട്ടും.  ലോക പ്രശസ്ത ബോളിവൂഡ് നൃത്തസംഘമായ 'ആത്മ' യുടെ നർത്തകർ നയനമനോഹരമായ നൃത്തങ്ങൾ അവതരിപ്പിക്കും. കലാവേദിയുടെ ജീവകാരുണ്യ പദ്ധതിയായ 'ആർട്ട് ഫോർ ലൈഫ്' ന്റെ ഭാഗമായി പ്രത്യക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി, റെഡ്‌ക്രോസിനും, തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന 'മിത്രനികേതൻ' എന്ന സ്‌കൂളിനും കലാവേദി സംഭാവനകൾ നല്കും.