'നളചരിതം നരചരിതമാണ്' എന്ന എൻ. കൃഷ്ണപിള്ളയുടെ വിമർശനവാക്യമാണ് മലയാളത്തിൽ നളകഥയെക്കുറിച്ചുണ്ടായിട്ടുള്ള ഏറ്റവും മികച്ച നിരീക്ഷണം. മനുഷ്യജീവിതത്തിലെ കഷ്ടാനുഭവങ്ങളെ കുറിച്ചുള്ള അപാരമായ ഉൾക്കാഴ്ചകളുടെ ഭാവാവിഷ്‌കാരമെന്ന നിലയിൽ ബൈബിളിലെ ഇയ്യോബിന്റെ കഥക്ക് സമാനമാണ് പലതലത്തിലും മഹാഭാരതത്തിലെ നളകഥ. ഇതിഹാസമോ പുരാണമോ കെട്ടുകഥയോ ഐതിഹ്യമോ മിത്തോ ചരിത്രമോ എന്തുമാകട്ടെ ദൈവങ്ങൾക്കും അവതാരങ്ങൾക്കും സന്യാസിമാർക്കും രാജാക്കന്മാർക്കും പടനായകർക്കും അഭൗമസുന്ദരികൾക്കും ഇടയിൽ സാധാരണ മനുഷ്യർക്കു ലഭിക്കുന്ന അപൂർവമായ പ്രാതിനിധ്യത്തിന്റെ അസാധാരണമായ ഉദാഹരണമാകുന്നു നളചരിതം. നിശ്ചയമായും രാജപദവിക്കു പുറത്തല്ല നളനും ദമയന്തിയും. പക്ഷെ അവർ കടന്നുപോകുന്ന ജീവിതാവസ്ഥകളുടെ വിപര്യയം അസാമാന്യമാംവിധം മാനുഷികമാണ്. ആധുനികത വരെ സാഹിത്യത്തിൽ മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നില്ല എന്ന് നമുക്കറിയാം. പക്ഷെ ചുരുക്കം ചില സന്ദർഭങ്ങളിൽ പൗരാണിക സാഹിത്യഭാവന മനുഷ്യാവസ്ഥകളെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നതിന്റെ ഉദാത്തമായ മാതൃകയായി മാറുന്നു, നള-ദമയന്തി കഥ. മഹാഭാരതം വനപർവത്തിലെ 52-79 അധ്യായങ്ങളിലാണ് നള-ദമയന്തി കഥയുള്ളത്. വനവാസത്തിന് വിധിക്കപ്പെട്ട പാണ്ഡവരെക്കാൾ സങ്കടമനുഭവിച്ചവരില്ല എന്ന ധർമ്മപുത്രരുടെ വാക്കുകൾക്ക് ബൃഹദശ്വൻ എന്ന മുനി മറുപടിയായി പറയുന്ന കഥയാണിത്. തങ്ങളെക്കാൾ വലിയ ദുരന്തം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ളവർ വേറെയുണ്ട് എന്ന അറിവാണല്ലോ ഏതു മനുഷ്യരെയും ആശ്വസിപ്പിക്കുന്ന ഒരു ഘടകം. പാണ്ഡവർ, നള-ദമയന്തി കഥയിൽനിന്നുൾക്കൊണ്ട പാഠമതാണ്. നിയോ-ക്ലാസിക്കൽ, ഗദ്യ-പദ്യ, സാഹിത്യ-കലാരൂപങ്ങൾ മിക്കതിലേക്കും അനുകല്പന നടന്ന ഒന്നാണ് നളകഥ. ആധുനികതയിൽ ജനപ്രിയഭാവനക്ക് കുറെയെങ്കിലും വഴങ്ങിയിട്ടുള്ള നളകഥാസന്ദർഭം രാജാരവിവർമ്മയുടെ ഹംസദമയന്തിചിത്രം മാത്രമായിരിക്കും. പിന്നെ ചില ചലച്ചിത്രഗാനകല്പനകളും. എന്തായാലും ഈയൊരു കഥക്കും ഇതിഹാസപാഠത്തിനും മലയാളത്തിലുണ്ടായ ഏറ്റവും പുതിയ പുനരാഖ്യാനമാകുന്നു രാജീവ് ശിവശങ്കറിന്റെ 'കലിപാകം'.

മൂന്നു തലങ്ങളിൽ വിശദീകരിക്കാൻ കഴിയും, 'കലിപാക'ത്തിന്റെ ലാവണ്യരാഷ്ട്രീയം. ജനപ്രിയനോവലിന്റെ ആധുനികാനന്തര കലയിൽ രാജീവ് കൈവരിച്ച മികവിന്റെ മാതൃകയെന്ന നിലയിലുള്ളതാണ് ഒന്ന്. ഇതിഹാസകഥയുടെ പുനരാഖ്യാനത്തിൽ മലയാളം സൃഷ്ടിച്ചിട്ടുള്ള സാഹിത്യപാഠങ്ങളുടെ പരമ്പര മുൻനിർത്തിയുള്ളതാണ് മറ്റൊന്ന്. 'കലിപാക'ത്തിന്റെ ഭാഷയുടെ കലയും ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്രവും മുൻനിർത്തിയുള്ളതാണ് മൂന്നാമത്തേത്.

പ്രണയം-രതി; ഹിംസ-കുറ്റാന്വേഷണം; ബ്രാഹ്മണ്യം-മന്ത്രവാദം എന്നീ മൂന്നു പ്രമേയമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുപതിറ്റാണ്ടുകാലമായി മലയാളത്തിൽ സജീവമായ ജനപ്രിയനോവലിന്റെ സമീപകാല മാതൃകകളിലൊന്നായി 'കലിപാകം' മാറുന്നത് എങ്ങനെയാണ്? മുട്ടത്തുവർക്കിയും കോട്ടയം പുഷ്പനാഥും മാത്യുമറ്റവും ജോയ്‌സിയും ഏറ്റുമാനൂർ ശിവകുമാറും മറ്റും അവതരിപ്പിച്ച നോവൽ ശൈലിയിൽ നിന്നുമാറി സവിശേഷങ്ങളായ ചില ജീവിതമണ്ഡലങ്ങളെയും പാഠസന്ദർഭങ്ങളെയും കേന്ദ്രീകരിച്ച് എഴുതുന്ന പുതിയതരം ജനപ്രിയനോവലിന്റെ കലയാണ് രാജീവിന്റേത്. തന്റെ എല്ലാ നോവലിലും ഒരേ പ്രമേയപരിസരം സ്വീകരിക്കുന്നതിനുപകരം, ഓരോ നോവലിലും ഓരോ പ്രമേയമണ്ഡലം അവതരിപ്പിക്കുന്ന രീതിയാണിത്. മലയാളത്തിൽ കെ.എൽ. മോഹനവർമ്മ മാത്രമാണ് ഈ രീതിയിലുള്ള ഒരു എഴുത്തുപരീക്ഷണം നടത്തി വിജയിച്ചിട്ടുള്ളത്.

സാത്താൻപൂജയുടെ ഇരുണ്ട സൗന്ദര്യം ആവിഷ്‌കരിക്കുന്ന 'തമോവേദം', മന്ത്രവാദത്തിന്റെ അധോലോകങ്ങൾ ആവിഷ്‌കരിക്കുന്ന 'പ്രാണസഞ്ചാരം', പാറകളുടെയും ഭൂമിയുടെയും ചരമഗീതമായി എഴുതപ്പെടുന്ന 'കൽപ്രമാണം', പിതാ-പുത്രബന്ധത്തിന്റെ മൃതി-പ്രാണ സന്ദേഹങ്ങളവതരിപ്പിക്കുന്ന 'പുത്രസൂക്തം', ശങ്കരാചാര്യരുടെ മിത്തും ചരിത്രവും ജീവിതവും ചിന്തയും പകർത്തുന്ന 'മറപൊരുൾ' എന്നീ നോവലുകൾക്കുശേഷമാണ് നളകഥയുടെ ഇരുണ്ട മറുവശത്തുനിന്നു കലിയുടെ വംശപുരാണം അവതരിപ്പിക്കുന്ന 'കലിപാക'ത്തിന്റെ രചന. ഓരോ നോവലും സവിശേഷമായ ഒരു വിഷയമണ്ഡലം മുന്നോട്ടുവയ്ക്കുക മാത്രമല്ല, ചരിത്രമോ, മിത്തോ, സമൂഹമോ, രാഷ്ട്രീയമോ, മതമോ, ദേശമോ എന്തുമാകട്ടെ, അവയുടെ അന്ധകാരത്തിലാണ്ട മറുപുറങ്ങളെക്കുറിച്ചുള്ള അന്വേഷണമായും മാറുന്നു.

അധോലോകചരിത്രങ്ങളുടെയും കറുത്ത മിത്തുകളുടെയും കഥപറയുന്ന സിനിമയുടെ മാലാഖമാരാകുന്നു രാജീവിന്റെ ആഖ്യാതാക്കൾ. 'കലിപാക'വും ഭിന്നമല്ല. പ്രണയത്തിന്റെ ഇന്ത്യൻ ക്ലാസിക് രൂപകങ്ങളിലൊന്നായി മാറിയ നളദമയന്തി കഥകളുടെ കാല്പനികചാരുത മുതൽ ദ്യൂതത്തിന്റെ കുടിലതന്ത്രങ്ങളിലും അധികാരത്തിന്റെ മൃഗസ്സക്തികളിലും പെട്ടുഴലുന്ന പുരുഷകാമനകളുടെ വന്യഭാവന വരെ നളചരിതത്തിലുണ്ട്. രാജീവ് ഇവയെല്ലാം തന്റെ നോവലിൽ പുനർസൃഷ്ടിക്കുന്നു. ഒപ്പം, മഹാഭാരതത്തിലും നളകഥയിലും 'മ്ലേച്ഛ'രായി മുദ്രകുത്തപ്പെട്ട ഒരു കിരാതവംശത്തിന്റെ ജനിതകപാഠങ്ങളാകുന്നു 'കലിപാകം'. 'ഏതു ജീവിതസന്ദർഭത്തിന്റെയും മറുപുറം തേടുന്ന ഏനൽഭാവന'യെന്നു എം.എൻ. വിജയൻ വൈലോപ്പിള്ളിക്കു ചാർത്തിക്കൊടുത്ത ഫ്രോയിഡിയൻ താമ്രപത്രം രാജീവിനും ഇണങ്ങും. കുറ്റകൃത്യങ്ങളെയും പാപബോധങ്ങളെയും മൂല്യനിരാസങ്ങളെയും കുറിച്ചുള്ള സാംസ്‌കാരിക പ്രതിപാഠങ്ങളായി ഈ നോവലുകൾ മാറുന്നു. കലിപാകം ഈ പരമ്പരയിലെ ഏറ്റവും പുതിയ രചനയാണ്.

പുരാണേതിഹാസങ്ങളുടെ പുനരാഖ്യാനമെന്നനിലയിൽ കലിപാകത്തിനുള്ള സാധ്യതകളാണ് രണ്ടാമത്തെ തലം. മലയാളസാഹിത്യം 19-ാം നൂറ്റാണ്ട് ഒടുവിൽ വരെ നിലനിന്നുപോന്നിട്ടുള്ളത് ഏതാണ്ടൊന്നടങ്കം പുരാണേതിഹാസങ്ങളുടെ അതിഭൗതിക-വിശ്വാസാധിഷ്ഠിത-മതാത്മക പുനരാഖ്യാനമായാണ്. സാഹിത്യം മാത്രമല്ല ക്ലാസ്സിക്കൽ-ഫോക് രംഗകലകളും ചിത്ര-ശില്പ കലകളുമൊക്കെ അങ്ങനെതന്നെ. ഇരുപതാം നൂറ്റാണ്ടിലാണ് ആധുനികവും മതേതരവും വിമർശനാത്മകവും മാനവികവുമായ തലങ്ങളിലേക്ക് ഇവയ്ക്ക് പുനരാഖ്യാനങ്ങളുണ്ടാകുന്നത്. കുമാരനാശാനും സി.എൻ. ശ്രീകണ്ഠൻനായരും എം ടി.യും സാറാജോസഫും ഉൾപ്പെടെയുള്ളവർ സൃഷ്ടിച്ച രാമായണ-മഹാഭാരതപാഠങ്ങൾ ശ്രദ്ധിക്കുക. 'ഉദാത്ത'സാഹിത്യത്തിന്റെ ഈ വ്യാഖ്യാന-പുനരാഖ്യാനപദ്ധതിക്ക് സമാന്തരമായി നാടകവും ബാലെയും കഥാപ്രസംഗവും ചിത്രകഥകളും സിനിമയും സിനിമാപ്പാട്ടും മറ്റും ഉൾപ്പെടുന്ന ഒരു ജനപ്രിയ ആഖ്യാനപദ്ധതിയും നിലവിൽ വന്നു. രാജീവ് ഈ മൂന്ന് ആഖ്യാനപദ്ധതികളെയും പിൻപറ്റി, നിയോ-ക്ലാസ്സിക്കൽ രംഗകലാപാഠങ്ങൾ മുതൽ (മുഖ്യമായും ഉണ്ണായിവാര്യരുടെ നളചരിതവും അതിന്റെ രംഗഭാഷ്യങ്ങളും) ആധുനിക 'വിമത'പാഠങ്ങൾ വരെയുള്ളവ മാതൃകയാക്കി തന്റെ നളകഥ അവതരിപ്പിക്കുന്നു. നളകഥയെ സങ്കടങ്ങളുടെ ഒരു വൻകടലാക്കി മാറ്റി വ്യാസൻ നേടുന്ന ഐതിഹാസിക വിജയത്തിന്റെ നാടകീയതകൾ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്തത് ഉണ്ണായിവാര്യരാണ്. സാമാന്യജനങ്ങൾക്ക് പ്രാപ്യമോ ഗ്രാഹ്യമോ അല്ലാതിരുന്നിട്ടും നളചരിതത്തിലെ നായിക ദമയന്തി മലയാളിയുടെ കാല്പനികഭാവനയിൽ ശകുന്തളയെപ്പോലെ മറ്റൊരു ജനപ്രിയബിംബമായി മാറി. രാജാരവിവർമ്മ മുതൽ വയലാർ രാമവർമ്മ വരെയുള്ളവർ അതിനു നിമിത്തവുമായി. യഥാർത്ഥത്തിൽ മുൻഖണ്ഡികയിൽ പറഞ്ഞതുപോലെ മറുപുറം തേടുന്ന വായനയിൽ നിന്നാണ് രാജീവ് നളകഥയെ കലികഥയാക്കി മാറ്റുന്നത്. അവിടെയാകട്ടെ സ്ത്രീപക്ഷ-ദലിത്പക്ഷ രാഷ്ട്രീയങ്ങളുടെ ചുവടുപിടിച്ചുള്ള പുനർവായനയുടെ സാധ്യതകൾ മുന്നോട്ടുവയ്ക്കുകയുമാണ് രാജീവ്. ചിന്താവിഷ്ടയായ സീത, രാമായണനാടകത്രയം, ഇനി ഞാൻ ഉറങ്ങട്ടെ, രണ്ടാമൂഴം എന്നിങ്ങനെ ആധുനിക സാഹിത്യത്തിന്റെ ചില പാഠഭേദങ്ങൾ മുൻനിർത്തി നള-ദമയന്തികഥയെ ഒരു 'ഹ്യൂമൻ ട്രാജഡി'യെന്ന നിലയിലേക്കു മാറ്റിയെഴുതുന്നു, രാജീവ്. അതിലുപരി തിന്മയുടെ തമോഗർത്തങ്ങളിൽനിന്ന് കണ്ടെടുക്കപ്പെട്ട 'കലിയുഗാരണ്യക'ങ്ങളുടെ സൂക്ഷ്മപാഠവുമായി ഈ നോവൽ മാറുന്നു.

മേൽപറഞ്ഞ രണ്ടു തലങ്ങളെയും സാർഥകമാക്കുന്ന ഭാഷയുടെയും ആഖ്യാനത്തിന്റെയും കല 'കലിപാക'ത്തിന്റെ സൗന്ദര്യശാസ്ത്രവും പ്രത്യയശാസ്ത്രവും ഒരേസമയം വിളംബരം ചെയ്യുന്നുണ്ട്. രാമായണ-മഹാഭാരത ഗദ്യപുനരാഖ്യാനങ്ങൾക്ക് മലയാളം കണ്ടെത്തിയ സവിശേഷമായ ഒരു ഭാഷാ-ഭാഷണ ശൈലിയുണ്ട്. ആത്മനിഷ്ഠവും ധ്വന്യാത്മകവും സംസ്‌കൃതബദ്ധവും സവർണവും ബിംബസമൃദ്ധവും അധികാരപൂർണ്ണവും രൂപകസമ്പന്നവും ഏറെക്കുറെ ആണത്തപരവുമൊക്കെയായ പദ, വാക്യ ഘടനയുള്ള ഒന്ന്. സി.എൻ. നാടകങ്ങളിലും ബാലകൃഷ്ണനും എം ടി.യും നോവലിലും പ്രയോഗിച്ച് ശൈലീവൽകൃതമായ ആ ഭാഷാകലതന്നെയാണ് ഏറിയും കുറഞ്ഞും രാജീവും ഉപയോഗിക്കുന്നത്.

ആഖ്യാനത്തിലാകട്ടെ, മൂന്നു വസ്തുതകളാണ് കലിപാകത്തിന്റെ രാഷ്ട്രീയം രൂപപ്പെടുത്തി നിലനിൽക്കുന്നത്. ഒന്ന്, ദ്വാപരൻ മുഖ്യ ആഖ്യാതാവായി നിറവേറ്റപ്പെടുന്ന കലിവംശത്തിന്റെയും ഇതര കഥാപാത്രങ്ങൾ ഉപ ആഖ്യാതാക്കളായി നിറവേറ്റപ്പെടുന്ന നള-ദമയന്തിമാരുടെയും കഥ. രണ്ട്, നളകഥക്ക് കൈവരുത്തുന്ന മാനുഷികതയുടെ ഭാഗമായി കലിക്കും കലിവംശത്തിനും സങ്കല്പിക്കപ്പെടുന്ന 'മ്ലേച്ഛ'രെന്ന വർണ്ണ-ജാതി-നരവംശ-സ്വത്വം. അഥവാ മിത്തുകൾക്ക് കല്പിക്കപ്പെടുന്ന ചരിത്രത്വം. മൂന്ന്, നളദമയന്തിമാർക്ക് കഥാപരമായ പ്രാമുഖ്യമുള്ളപ്പോഴും കലി-ദ്വാപരർക്ക് കല്പിച്ചുകൊടുക്കുന്ന ക്രിയാപരമായ കേന്ദ്രിതത്വം.

പല മുൻനോവലുകളിലും രാജീവ് അവതരിപ്പിച്ചതുപോലെതന്നെ, പ്രതിനായകബിംബത്തിന്റെ കേന്ദ്രസ്ഥാനത്തേക്കുള്ള വരവിൽ കലിക്കു കൈവരുന്ന കർതൃപദവിയാണ് ഈ നോവലിന്റെയും ആഖ്യാനകലയുടെ പ്രാഥമികമായ രാഷ്ട്രീയസൂചകം. അലൗകികതയും ദൈവികതയും കല്പിക്കപ്പെടുന്ന ഇതിഹാസപാഠത്തെ തലകീഴ്മറിച്ച് മാനുഷികതയും ലൗകികതയും സൃഷ്ടിച്ചെടുക്കുന്ന ഭാവനാവിസ്മയം. അധർമ്മത്തിന്റെയും ചൂതാട്ടത്തിന്റെയും ചതിയുടെയും ഹിംസയുടെയും ആർത്തിയുടെയും നിരാസത്തിന്റെയും താമസരൂപങ്ങളും രൂപകങ്ങളും താണ്ഡവമാടുന്ന അധോലോകങ്ങളുടെ ഖണ്ഡകാവ്യമാകുന്നു കലിപാകം. അധികാരവും സമ്പത്തും സൗന്ദര്യവും ബുദ്ധിയും വിദ്യയും ജയപരാജയങ്ങൾ നിർണ്ണയിക്കുന്ന മനുഷ്യചരിത്രത്തിന്റെ കൗടില്യപാകം.

ഇതിഹാസപാഠത്തെ ഏറെക്കുറെ പിൻതുടരുന്ന രാജീവിന്റെ നോവൽ ആഖ്യാനത്തിന്റെ ഊന്നൽ കലിയിലേക്കു ചുവടുമാറ്റി നേടുന്ന അസാധാരണമായ കലാവിജയമാണ് 'കലിപാക'ത്തിന്റെ മൗലികത. ഇതിഹാസകഥയിൽനിന്ന് വലിയ വ്യതിയാനങ്ങളൊന്നും ഇല്ല. വിദർഭരാജ്യത്തെ രാജകുമാരിയായ ദമയന്തിയെ സ്വന്തമാക്കിയ നിഷധരാജകുമാരനാണ് നളൻ. ചൂതുകളിയിൽ ഭ്രാന്ത് പിടിച്ച വീരസേനരാജാവിന്റെ മകൻ. നളന്റെ സഹോദരൻ പുഷ്‌കരൻ അധികാരം കൈയടക്കാൻ അവസരം നോക്കിയിരിക്കുകയാണ്. കളിത്തോഴനായ ദിനനാഥൻ പുഷ്‌കരനെ സഹായിക്കാമെന്ന് വാക്കുകൊടുക്കുന്നു. കലിയെന്ന കുടിലബുദ്ധിയായ മ്ലേച്ഛജാതിക്കാരൻ ചൂതുകളിയിലുള്ള തന്റെ സാമർഥ്യം മുൻനിർത്തി പുഷ്‌കരനെ സമീപിച്ച് നളനെ ചൂതിൽ തോൽപിച്ച് രാജാവാക്കാം എന്ന് ഉറപ്പുനൽകുന്നു. അതനുസരിച്ച് നളനെ പുഷ്‌കരൻ ചൂതുകളിക്ക് വെല്ലുവിളിക്കുന്നു. കളിയിൽ തോറ്റ നളന് രാജ്യം നഷ്ടമായി. ദമയന്തിയുമൊത്ത് അയാൾ വനവാസത്തിനുപോകുന്നു. വനത്തിൽ ദമയന്തിയെ ഉപേക്ഷിച്ച് പോയ നളനെ കാർക്കോടകൻ കടിക്കുന്നു. ദമയന്തി ചേദിരാജ്യത്തും നളൻ കോസലരാജ്യത്തും കൊട്ടാരങ്ങളിൽ വേഷപ്രച്ഛന്നരായി ജീവിക്കുന്നു.

ഒരുപാടന്വേഷണങ്ങൾക്കൊടുവിൽ ദമയന്തിക്ക് നളനെ തിരികെ കിട്ടുന്നു. ചൂതിൽ പുഷ്‌കരനെ തോല്പിച്ച് നളൻ രാജ്യം വീണ്ടെടുക്കുന്നു - ഈയൊരു കഥാതന്തുവിൽ മാറ്റങ്ങളൊന്നുമില്ല. നിഷധം, വിദർഭം, ചേദി, കോസലം എന്നീ നാലുരാജ്യങ്ങളിലായി നടക്കുന്ന കഥ. ഇരുപത്തിയൊന്ന് അധ്യായങ്ങൾ. ഓരോന്നും ഓരോ കഥാപാത്രം നടത്തുന്ന ആത്മഭാഷണങ്ങൾ.

ദ്വാപരനാണ് ഏറെ ധർമ്മങ്ങളുള്ള ആഖ്യാതാക്കളിലൊരാൾ എന്ന് സൂചിപ്പിച്ചു. യഥാർഥത്തിൽ നളൻ, ദമയന്തി, പുഷ്‌കരൻ എന്നിവരുടെ ജീവിതത്തിൽ ഇടപെടുന്ന കലി, തന്റെ വംശപരമ്പരയിലെ ഒരു ജന്മം മാത്രമാണ്. ദ്വാപരൻ ആ ജന്മത്തിലെ കലിയുടെ സേവകനും. നോവലിന്റെ ആഖ്യാനത്തിന് നട്ടെല്ലായി നിൽക്കുന്ന അവസാന അധ്യായത്തിൽ, കലിയുഗത്തിന്റെ കഥയായി തങ്ങൾ സൃഷ്ടിച്ച അധർമ്മപുരാണത്തിലെ ഒരു സർഗം മാത്രമാണ് നളകഥയെന്ന് ദ്വാപരൻ സൂചിപ്പിക്കുന്നുണ്ട്. മ്ലേച്ഛരുടെ നരവംശപുരാണവും വർണ്ണപുരാണവും ജാതിപുരാണവും സമന്വയിപ്പിക്കുന്ന ഈ അധ്യായത്തിൽനിന്നുവേണം ഈ നോവലിന്റെ വായനാരസതന്ത്രത്തിന്റെ താക്കോൽ കണ്ടെടുക്കേണ്ടത്.

നളനോടും പുഷ്‌കരനോടും ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങളുടെ ഭാഷണങ്ങളിലൂടെ കലിയുടെ കുടിലജന്മം സൃഷ്ടിക്കുന്ന നീചവും ഘോരവും ക്രൂരവുമായ നിയതിവൈപരീത്യങ്ങൾ നോവൽ വിവരിച്ചുപോകുന്നു. ആത്യന്തികമായി കലി ഒരു വ്യക്തിയോ ജന്മമോ അവതാരമോ മാത്രമല്ലെന്നും അതൊരു ജന്മപരമ്പരയും യുഗനിയന്താവും തന്നെയാണെന്നും നോവൽ സ്ഥാപിക്കുന്നു. കാലത്തിന്റെ മൂർത്തിയും വിധിയും ഇരുണ്ട പാതിയുമായി നിലനിൽക്കുന്ന കലിയുടെ വിളയാട്ടം രണ്ടു മനുഷ്യരുടെ ജീവിതം മാറ്റിമറിക്കുന്നതിന്റെ ദുരന്തേതിഹാസമായി മാറുന്നു, അതുവഴി 'കലിപാകം'.

ദമയന്തിയുടെ തോഴിയായ കേശിനിയിലൂടെയാണ് വിദർഭയിലെയും നിഷധത്തിലെയും ചേദിയിലെയും ഭൈമിയുടെ ജീവിതം നോവൽ പറയുന്നത്. വാർഷ്‌ണേയനാണ് നളന്റെ പ്രതിസ്വരമായി നിഷധത്തിലും കൗസലത്തിലും കഥ മുന്നോട്ടുകൊണ്ടുപോകുന്നത്. സുനന്ദ ചേദിരാജ്യത്തെ ദമയന്തീകഥ അവതരിപ്പിക്കുമ്പോൾ ഋതുപർണ്ണൻ കൗസലത്തെയും നിഷധത്തെയും ചേദിയെയും കൂട്ടിയിണക്കുന്ന സംഭവപരമ്പരകൾക്ക് ചുക്കാൻ പിടിക്കുന്നു. പുഷ്‌കരന്റെ സഹായിയായ ദിനനാഥൻ, സത്രം ഉടമയായ സോമകീർത്തി, ആശ്രമവാസിയായ ഉത്താനപാദൻ തുടങ്ങിയവർ മഹാഭാരതത്തിലുള്ള കഥാപാത്രങ്ങളല്ല. പുഷ്‌കരൻ സ്വന്തം കഥപറയുന്നു. ദ്വാപരനാകട്ടെ കലിയുടെയും കലിവംശത്തിന്റെയും കഥയും.

അശ്വഹൃദയത്തിന്റെയും അക്ഷഹൃദയത്തിന്റെയും ഗൂഢസാരസ്വതങ്ങളിലാണ് നളകഥയുടെ പരിണാമഗുപ്തികളൊന്നടങ്കം നിലകൊള്ളുന്നത്. കലികഥയുടെയും. കലിയും ഋതുപർണനും പരമ്പരാഗതമായി കിട്ടിയ അക്ഷഹൃദയരഹസ്യം ചൂതിന്റെ ഗൂഢലോകങ്ങളിൽ അവരെ ചക്രവർത്തിമാരാക്കി. അശ്വഹൃദയമന്ത്രം ഋതുപർണനു പകരം നൽകി നളൻ ദൂതരഹസ്യം സ്വായത്തമാക്കി. ചൂതിന്റെയും അശ്വത്തിന്റെയും രഥവേഗങ്ങളിലാണ് 'കലിപാക'ത്തിന്റെ രസസൂത്രം രാജീവ് ബന്ധിച്ചിടുന്നത്. പ്രണയത്തിന്റെ തരളകാല്പനികതയിൽനിന്ന് വിഷം തീണ്ടിയ ദുരന്തങ്ങളിലേക്കും ദേശാന്തരസഞ്ചാരങ്ങളിലേക്കും വിധിയുടെ ലീലാവിലാസങ്ങളിലേക്കും നിർഭാഗ്യങ്ങളുടെ പെരും കയങ്ങളിലേക്കും നളനും ദമയന്തിയും എടുത്തെറിയപ്പെടുന്നു.

ഭാഷയുടെ കലയിൽ രാജീവ് സി.എന്നിനെയും എം ടി.യെയും ഓർമ്മയിലെത്തിക്കും. പുഷ്‌കരന്റെ ആത്മസംഘർഷങ്ങൾ മണ്ണും പെണ്ണും പൊന്നും മദ്യവും ചൂതും അധികാരവും കൂടിക്കുഴഞ്ഞങ്ങനെ തിളയ്ക്കുന്ന രംഗം നോക്കുക:

'നിഷധയുടെ സിംഹാസനം സ്വന്തമാക്കാൻ പുഷ്‌കരന് എന്നാണിനി കഴിയുക? കാത്തിരുന്നു കണ്ണുകഴച്ചു. പ്രണയം തലയ്ക്കുപിടിച്ച് ജ്യേഷ്ഠൻ സ്വയംവരത്തിന് ഇറങ്ങിപ്പുറപ്പെട്ട സമയത്ത് അധികാരം പിടിച്ചെടുക്കാഞ്ഞതു വിഡ്ഢിത്തമായി. മേരുപർവതത്തിനു താഴെ കശ്യപൻ വിശ്വസ്തരായ ഒരുസംഘം പടയാളികളെ ഒരുക്കിനിർത്തിയതായിരുന്നു. ഈ പുഷ്‌കരനൊന്നു മൂളിയാൽ മതിയായിരുന്നു. വീരസേനമഹാരാജാവ് തടവറയുടെ ഇരുട്ടിലേക്കു കൂപ്പുകുത്താൻ. പക്ഷേ, മനസ്സു മടിച്ചു. അധികാരത്തിന്റെ വഴിയിൽ ബന്ധവും സ്വന്തവും നോക്കേണ്ടതില്ലെന്ന് കശ്യപൻ പറയുന്നതാണു സത്യം. നിഷധയുടെ ഭാവിമന്ത്രിയാകാൻ അവൻതന്നെ യോജ്യൻ. അടിയന്തരമായി ചർച്ചചെയ്യേണ്ട ചില കാര്യങ്ങളുണ്ടെന്നു ദൂതനെ പറഞ്ഞയച്ച് കശ്യപൻ ഇപ്പോൾ എന്നെ വിളിച്ചുവരുത്തിയതെന്തിനാവും? വർഷകാലത്തിനു മുമ്പേ നിഷധയുടെ സിംഹാസനമേറും എന്ന് ഗോശൃംഗത്തിലെ ജ്യോതിഷി ഗണിച്ചുപറഞ്ഞത് ഫലിക്കാൻ പോവുകയാണോ ഈശ്വരാ....

മേരുപർവതത്തിനപ്പുറത്ത് സന്ധ്യ വിളക്കുകൊളുത്തിക്കഴിഞ്ഞു. താന്നിമരക്കൂട്ടങ്ങൾക്കിടയിലൂടെ നിമിഷങ്ങൾക്കകം ഇരുട്ട് ചിറകടിച്ചെത്തും. നദിക്കരയിലെ ചെങ്കൽവഴിയിലൂടെ തേരുരുണ്ടകലുന്ന ശബ്ദം കിഴവൻ വാർഷ്‌ണേയൻ ജ്യേഷ്ഠന്റെ കുട്ടികളുമായി സവാരിപോയി മടങ്ങുകയാവണം. ഇന്ദ്രസേനനും ഇന്ദ്രസേനയ്ക്കും അയാൾ മതിയല്ലോ കൂട്ടിന്. വിത്തുഗുണം പത്തുഗുണം! അച്ഛന്റെ മുറിച്ച മുറിയാണു ചെക്കൻ. ദമയന്തിയുടെ നുണക്കുഴി പക്ഷേ, അവനാണു കിട്ടിയിരിക്കുന്നത്. വളരുന്തോറും ഇന്ദ്രസേനയ്ക്ക് അമ്മയുടെ അഴകുതെളിഞ്ഞുവരുന്നുണ്ട്. ദമയന്തിയെ കാണുമ്പോഴൊക്കെ എത്ര നിയന്ത്രിച്ചിട്ടും എന്റെ നെഞ്ചിലൊരു പക്ഷി കുറുകുന്നത് ഞാനറിയുന്നുണ്ട്. ചിലപ്പോൾ ഉടലിനു തീപിടിക്കുന്നതുപോലെ തോന്നും'.

ദ്രൗപദിയെയും കണ്ണകിയെയും ഓർമ്മയിലെത്തിക്കുന്ന ദമയന്തിയുടെ 'സഭാപ്രസംഗം' വാർഷ്‌ണേയൻ വിവരിക്കുന്നതിങ്ങനെ:

'എന്താണു നിങ്ങൾക്കറിയേണ്ടത്? കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഭർത്താവിനെ ദമയന്തി തള്ളിപ്പറയുമോ എന്നോ? കിരീടം പിടിച്ചെടുത്ത യുവരാജാവിന്റെ പട്ടമഹിഷിയായി അന്തപ്പുരത്തിലേക്ക് എഴുന്നള്ളുമോയെന്നോ? വിഡ്ഢികളേ, ഇനിയൊരു ജന്മം ജനിച്ചാലും വിദർഭയിലെ ഭീമമഹാരാജാവിന്റെ പുത്രിയെ നിങ്ങളുടെ ചൂതുപടത്തിനു തട്ടിക്കളിക്കാൻ കിട്ടില്ല. എന്റെ ഭർത്താവിനു വിധിച്ചതെന്തോ അതുമതി എനിക്കും. കാടെങ്കിൽ കാട്. അവിടെനിന്നാണല്ലോ വീടെന്ന ചിന്ത തുടങ്ങിയതുതന്നെ. കൊട്ടാരവും ആഡംബരങ്ങളുമെല്ലാം പിന്നീടു വന്നതല്ലേ? പക്ഷേ, പുഷ്‌കരകുമാരാ, ഞങ്ങൾ തിരിച്ചുവരും. കൺമുമ്പിൽ ജീവിതം ശംഖുപോലെ ഉടയുന്നതു നീ കാണും. നിന്റെ വാഴ്‌വ് ഞങ്ങളുടെ കനിവിലാകും. ഇതു പെണ്ണിന്റെ പ്രതിജ്ഞയാണ്'.

നിന്ന ചുവടിൽ ഒരുവട്ടം ചുറ്റിത്തിരിഞ്ഞ് കുമാരി വീണ്ടും കലിക്കുനേരെ തിരിഞ്ഞു:

'കലീ, നീയാരെന്ന് എനിക്കറിയില്ല. ആരായാലും നീ കുബുദ്ധിയാണ്. വരാനിരിക്കുന്നത് നിന്നെപ്പോലുള്ളവരുടെ കാലമാണ്. കുലവും കുലധർമവും മറന്ന് മനുഷ്യർ ഇനിയും ചൂതുപടത്തിനു മുന്നിലിരിക്കും. അല്ലെങ്കിൽ നീ അവരെ അങ്ങനെ ഇരുത്തും. പൊന്നും പണവും മാത്രമല്ല മണ്ണും പെണ്ണും മാനവും പണയപ്പണ്ടമാവും. ദൈവങ്ങൾപോലും നിസ്സഹായരാവും. കലീ, ഞാൻ കാണുന്നു, അഞ്ചുപേർക്കെതിരെ നൂറുപേർ അങ്കക്കലി തുള്ളുന്നത്. ചൂതുപടത്തിനു മുമ്പിൽ ഒരു പെണ്ണിന്റെ കണ്ണീർപുരണ്ട ചേലയഴിഞ്ഞു വീഴുന്നത്. നീയൊരമ്പായി കാലത്തെ കൂർപ്പിക്കുന്നതും കടമ്പുമരക്കൊമ്പിലെ ഒരു കാൽവിരലിൽ തുളച്ചുകയറുന്നതും. ഒന്നോർത്തോളൂ, അധർമം പെരുകുന്തോറും ധർമത്തിന്റെ വിലയേറുകയേ ഉള്ളൂ. അവസാനത്തെ ജയം ധർമത്തിനുതന്നെയാകും. കലീ, നീ എവിടെയും എത്തിപ്പെട്ടേക്കാം. പക്ഷേ, എല്ലായിടത്തുനിന്നും ഒരിക്കൽ തുരത്തപ്പെടും. മണ്ണിൽനിനും പെണ്ണിൽനിന്നും. ഭൂമിയിൽനിന്നും ആകാശത്തുനിന്നും. ഒളിവിടങ്ങൾ തേടി നീ അലയും. കാത്തിരുന്നോളൂ... ഇതെന്റെ ശാപം...'

ദമയന്തികുമാരിയുടെ കണ്ണുകൾ പലാശപ്പൂക്കൾപോലെ ചെമന്നുതുടുത്തു. നെറ്റിയിൽനിന്നു കവിളിലേക്ക് വിയർപ്പു ചാലിട്ടു. കൺകോണിൽ കൺമഷി കലങ്ങി. ഇന്നുവരെ കണ്ടിട്ടില്ലാത്ത ആ ഭാവം കണ്ട് ഞാൻ അമ്പരപ്പോടെ നിൽക്കുമ്പോൾ പുഷ്‌കരകുമാരന്റെ കാതിൽ കലി എന്തോ പറഞ്ഞു. പുഷ്‌കരകുമാരൻ തലകുലുക്കി ഉറക്കെ ചോദിച്ചു:

'എവിടെ നിന്റെ കുട്ടികൾ. അവരെ വിളിക്ക, കാട് അവർക്കും ഇണങ്ങും'.

ഈവിധമുള്ള ഭാഷയുടെ കലയും കലിയുടെ കാലഭൈരവസ്വരൂപവും ചേർന്നു സൃഷ്ടിക്കുന്ന നോവൽഭാവനയുടെ ലാവണ്യമാണ് കലിപാകത്തിന്റെ സൗന്ദര്യശാസ്ത്രമായി മാറുന്നത്.

നോവലിൽനിന്ന്:-

'കിഴക്ക് എപ്പോഴും കിഴക്കുതന്നെയാവണമെന്നില്ലെന്നു മുത്തച്ഛൻ പറയുമ്പോൾ പണ്ടു ഞങ്ങൾ ചിരിക്കുമായിരുന്നു. ചവിട്ടിനിർക്കുന്ന ഭൂമി പന്തുപോലെയാണെന്നും അതു തിരിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിന്റെ വേഗം ഇത്തിരി തെറ്റിയാൽ ദിക്കുകൾ മാറിമറിയുമെന്നും മുത്തച്ഛൻ വിശദീകരിക്കും. സൂര്യൻ അപ്പോൾ പടിഞ്ഞാറുദിക്കുന്നതുപോലെ തോന്നും. ചന്ദ്രൻ കിഴക്കസ്തമിക്കും. നക്ഷത്രങ്ങൾ ദിശതെറ്റി പാറിനടക്കും. ഭൂമിയിൽ എല്ലാം തലകീഴായി സംഭവിക്കും. കൺമുമ്പിൽ കാണുന്നതുപോലെ മുത്തച്ഛൻ കിറുക്കൻ സ്വപ്നങ്ങൾ കുടഞ്ഞിടുമ്പോൾ ഞങ്ങൾ ചിരിയടക്കും.

പക്ഷേ, മുത്തച്ഛന്റേത് അർത്ഥരഹിതമായ പ്രവചനങ്ങളായിരുന്നില്ലെന്നും സ്വപ്നങ്ങൾക്കും ചിറകുമുളയ്ക്കുമെന്നും ഇന്നു ദ്വാപരനറിയുന്നു. കാലം വിരിച്ചിട്ട ചൂതുപടത്തിൽ സൂര്യനും ചന്ദ്രനുമൊക്കെ അക്ഷരങ്ങളെപ്പോലെ തിരിഞ്ഞും മറിഞ്ഞും വീണു. അതേ, കലിപ്രഭുവിന്റെ ലോകം ആസന്നമായി. എല്ലാ നിമിത്തങ്ങളും അതാണു സൂചിപ്പിക്കുന്നത്. നിഷധരാജ്യത്തുനിന്ന് ഇടംകാൽകൊണ്ട് നളകുമാരനും പുഷ്‌കരകുമാരനും തൊഴിച്ചെറിഞ്ഞ അന്നത്തെ കലിപ്രഭുവും, ഹസ്തിനപുരത്തെ ശവപ്പറമ്പിലേക്കു തുരത്തപ്പെട്ട അടുത്ത തലമുറയിലെ കലിപ്രഭുവും, ഞങ്ങളുടെ തലയ്ക്കു മുകളിൽ ഈ നിമിഷം കൺപാർക്കുന്നുണ്ടാവുമെന്നുറപ്പ്. നിഷധയിൽനിന്നു നെട്ടോട്ടമോടേണ്ടിവന്ന കലിപ്രഭുവിന്റെ ദാസനായിരുന്ന എന്റെ മുത്തച്ഛൻ ഇന്നലെ മരണക്കിടക്കയിൽക്കിടന്നും വരണ്ട നാവുകൊണ്ടു പാടിയത് പഴങ്കഥകളല്ലാതെ മറ്റൊന്നുമായിരുന്നില്ല.

'കലിപ്രഭു ഒറ്റരാത്രികൊണ്ട് മ്ലേച്ഛന്മാരെ നിഷധരാജ്യത്തിനു പുറത്തുള്ള സുരക്ഷിതസ്ഥാനത്തെത്തിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇതുപറയാൻ ഞാനുണ്ടാവുമായിരുന്നില്ല'. വിദർഭയ്ക്കും നിഷധയ്ക്കുമിടയിൽ ഓടിത്തീർത്ത ദൂരത്തിന്റെ കിതപ്പ് ഓർമ്മയിൽ വീണ്ടുമറിഞ്ഞ് എന്റെ മുത്തച്ഛൻ പറഞ്ഞു: 'സ്വപ്നം കണ്ടതുപോലൊരു ജീവിതം. വിശന്നപ്പോഴെല്ലാം ഭക്ഷണം. കൈനിറയെ പണം. സ്വാതന്ത്ര്യത്തോടെ തലയുയർത്തി നടക്കാനൊക്കുന്ന സാഹചര്യം. നിഷധ വച്ചുനീട്ടിയ എല്ലാ സൗഭാഗ്യങ്ങളും മാഞ്ഞുപോയി. വീണ്ടും അരപ്പട്ടിണിയിലേക്കും മുഴുപ്പട്ടിണിയിലേക്കും ഞങ്ങൾ കുതറിവീണു. നളകുമാരനു പുകൾപാടിനടന്ന സൂതന്മാരെല്ലാം കലിയെയും ദ്വാപരനെയും ചവിട്ടിത്താഴ്‌ത്താൻ മറന്നില്ല. പുഷ്‌കരകുമാരൻപോലും ഞങ്ങളെ മറന്നു'.

എല്ലാക്കഥകളും ഒന്നുതന്നെ. കാര്യം കഴിഞ്ഞാൽ കറിവേപ്പിലയായി വലിച്ചെറിയുന്ന പഴങ്കഥകളുടെ തുടർച്ച. ആരോഗ്യമുള്ളവർ പിടിച്ചുനിന്നു. പക്ഷേ, വയോധികന്മാർ കടപുഴകി. ദാരിദ്ര്യം അവരെ രോഗക്കിടക്കയിലെറിഞ്ഞു. ഒന്നും നേടാതെ, പ്രതീക്ഷകൾപോലും അസ്തമിച്ച് അടുത്ത ഊഴം പുതിയ തലമുറയ്ക്കു കൈമാറി കലിപ്രഭുവും ദ്വാപരനും ഒടുങ്ങി.

അടുത്ത കലിപ്രഭുവും അദ്ദേഹത്തിന്റെ ദാസനായിരുന്ന എന്റെ അച്ഛനും അവർക്കാവുംവിധം, നന്ദിയില്ലാത്ത ലോകത്തെ വെല്ലുവിളിച്ചു. അവർ കുരുവംശത്തെയൊന്നാകെ കൂട്ടക്കൊലചെയ്തു. ഹസ്തിനപുരത്തിന്റെ അഹന്തയുടെ എടുപ്പുകളെ തല്ലിയുടച്ചു. കുരുവംശരാജനായ ദുര്യോധനന്റെ ആശ്രിതരായി കൂടിയ അവർ അക്ഷങ്ങളുടെ ചലനത്തിൽ പഞ്ചപാണ്ഡവരുടെ വിധി മാറ്റിയെഴുതി. ഒന്നിനു പുറകേ ഒന്നായി ദുരിതങ്ങൾ തീമഴപെയ്ത വനജീവിതത്തിൽനിന്നു മോക്ഷം നേടി പാണ്ഡവർ കൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ ഒരിക്കൽക്കൂടി ചൂതുപടം വിരിക്കാൻ കലിപ്രഭുവിന്റെ കുതന്ത്രങ്ങൾക്കു കഴിഞ്ഞു. ഗാന്ധാരരാജാവായ സുബലന്റെ പുത്രൻ ശകുനിയുടെ കൈയും കാലുമായി പ്രവർത്തിച്ചത് കലിപ്രഭുവാണെന്നത് ആരുമറിയാത്ത രഹസ്യം. ഗാന്ധാരിയെ കുരുടനായ ധൃതരാഷ്ട്രരെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ മുൻകൈയെടുത്തതുമുതൽ, ദുര്യോധനനെ ദ്യൂതത്തിനു നിർബന്ധിച്ചത്, പിന്നീട് യുധിഷ്ഠിരനെ തോൽപ്പിച്ചശേഷവും ഒറ്റക്കളിക്കു നിർബന്ധിച്ചിരുത്തിയത്... എല്ലാം ശകുനിയെ കൂട്ടുപിടിച്ചു കലിപ്രഭു നടത്തിയ തന്ത്രങ്ങൾ! നിഷധയിലെ അച്ഛന്റെ പരാജയത്തിന് മകൻ അങ്ങനെ പ്രതികാരം ചെയ്തു. എന്നിട്ടും രോഷം തീരാഞ്ഞ് പിന്നെ അദ്ദേഹം മെയ്ക്കരുത്തിൽ അഹങ്കരിച്ച നൂറ്റുവരെ പതിനെട്ടുനാൾ യുദ്ധത്തിനു പറഞ്ഞയച്ചു. സഹദേവന്റെ വാൾമുനയിൽ ശകുനി വീണു എന്നറിഞ്ഞപ്പോഴാണ് കലിപ്രഭുവും എന്റെ അച്ഛനും ഹസ്തിനപുരി വിട്ടത്. അപ്പോഴേക്കും എല്ലാവരും കലിപ്രഭുവിന്റെ പങ്കിനെപ്പറ്റി അറിഞ്ഞിട്ടുണ്ടാവണം, എന്തായാലും പിന്നീട് മ്ലേച്ഛന്മാരുടെ ജീവിതം അറിഞ്ഞിട്ടുണ്ടാവണം, എന്തായാലും പിന്നീട് മ്ലേച്ഛന്മാരുടെ ജീവിതം ശവപ്പറമ്പുകളുടെ ഓരത്തും കൊടുംകാട്ടിലെ രഹസ്യകേന്ദ്രങ്ങളിലുമായിരുന്നു. കാട്ടുവേടരുടെ അമ്പേറ്റ് കലിപ്രഭുവും എന്റെ അച്ഛനും കൊല്ലപ്പെട്ടതും കൊടുംകാട്ടിനുള്ളിൽ പുഴക്കരയിലുള്ള ഒരു താന്നിമരച്ചോട്ടിൽവച്ചായിരുന്നു. മരിക്കുമ്പോഴും അച്ഛന്റെ കൈയിൽ കെടാത്ത പ്രതീക്ഷകളുമായി ഒരുപിടി താന്നിക്കായ്കളുണ്ടായിരുന്നു.

കുരുവംശത്തിലെ പോരാളി അർജുനരാജന്റെ മകൻ അഭിമന്യുകുമാരന്റെ ഭാര്യ ഉത്തരകുമാരി പരീക്ഷിത്തിനെ പ്രസവിച്ച ദിവസമായിരുന്നത്രേ, എന്റെ യജമാനനായ കലിപ്രഭുവിന്റെ ജനനം. ഞങ്ങൾ തമ്മില് മൂന്നു ദിവസത്തിന്റെ വ്യത്യാസമേയുള്ളൂ. ആദ്യം കലിപ്രഭു, പിന്നാലേ ഞാൻ. മുത്തച്ഛൻ ആ ദിവസം ഓർത്തുവയ്ക്കാൻ പ്രത്യേക കാരണമുണ്ട്. ഭാരതയുദ്ധത്തിന്റെ ചോരക്കറ കഴുകിക്കളയാൻ ധർമപുത്രർ അശ്വമേധയാഗം കഴിപ്പിച്ച ദിവസമായിരുന്നു അത്. ചടങ്ങുനടക്കുന്നതിനിടയിലാണ് അഭിമന്യുവിന്റെ ഭാര്യ ഉത്തര പ്രസവിച്ച വിവരവുമായി ദൂതനെത്തിയത്. വിവരമറിഞ്ഞ് വിദുരരുടെ മുഖം പെട്ടെന്നു കരിന്തിരി കത്തുന്ന വിളക്കുപോലെയായി. പ്രസവിച്ചുവീണ കുഞ്ഞിന് ചലനമില്ലെന്ന വാർത്ത കാതുകൾ കൈമാറി എല്ലാവരിലുമെത്തി. ഹസ്തിനപുരത്തിൽ, കൊട്ടാരരഹസ്യമറിയുന്ന എല്ലാവരും ഇതു പ്രതീക്ഷിച്ചതുതന്നെയായിരുന്നു. ബോധപൂർവം മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന ഒരു സംഭവത്തിന്റെ ഓർമ്മപ്പെടുത്തൽകൂടിയായി ഇത്.

ദ്രോണപുത്രനായ അശ്വത്ഥാമാവ് പാണ്ഡവരുടെ പടകുടീരത്തിൽ പ്രവേശിച്ചു ധൃഷ്ടദ്യുമ്‌നനെ വധിച്ചശേഷം പാണ്ഡവരെ കൂട്ടത്തോടെ സംഹരിക്കാൻ ബ്രഹ്മശിരാസ്ത്രം അയച്ച പാതിരാവിലേക്കു നീളുന്നു ആ രഹസ്യത്തിന്റെ വേര്. അശ്വത്ഥാമാവിന്റെ അസ്ത്രം തകർക്കാൻ അർജുനനും ബ്രഹ്മശിരാസ്ത്രം തൊടുത്തു. ഗന്ധകവും പാറപ്പൊടിയും കൊണ്ട് മാരകതന്ത്രം ഘടിപ്പിച്ചതാണ് ബ്രഹ്മശിരാസ്ത്രം. രണ്ടു ബ്രഹ്മശിരാസ്ത്രങ്ങൾ കൂട്ടിമുട്ടിയാൽ കൊട്ടാരം വെന്തുനീറാൻ അതുമതി. ഇരുവരെയും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ അശ്വത്ഥാമാവിന്റെ അസ്ത്രം ലക്ഷ്യംതെറ്റി പാഞ്ഞു. സഭാമണ്ഡപത്തിന്റെ പിന്മുറ്റത്തേക്കുവന്ന ഗർഭിണിയായ ഉത്തരകുമാരി പെട്ടെന്നു കുഴഞ്ഞുവീണപ്പോൾ എല്ലാവരും ഓടിച്ചെന്നു. പക്ഷേ, ഭാഗ്യത്തിന് അമ്പ് നിറവയറിൽ ഒന്നുരസിയതേയുണ്ടായിരുന്നുള്ളൂ. നീർതളിച്ചപ്പോൾ കുമാരി ഉണർന്നെണീറ്റുവെങ്കിലും ബ്രഹ്മശിരാസ്ത്രത്തിന്റെ കരുത്തറിയാവുന്ന എല്ലാവരുടെയും ഉള്ളിൽ വെടിമരുന്നു പുകഞ്ഞു. ആ പുകച്ചിലാണ് ചലനശേഷിയറ്റ ജീവനായി പുറത്തുവന്നത്.

പ്രശ്‌നപരിഹാരത്തിന് യാഗമണ്ഡലത്തിലുണ്ടായിരുന്ന യാദവരാജാവ് കൃഷ്ണനെയാണ് എല്ലാവരും ഉറ്റുനോക്കിയത്. മായാജാലം മുതൽ വൈദ്യംവരെ എന്തും വശമുള്ള അദ്ദേഹം ഇത്തരം സന്ദിഗ്ധഘട്ടങ്ങളെ അത്ഭുതകരമായ വേലകൾകൊണ്ട് പുതുക്കിയെഴുതിയ ചരിത്രമേറെയുണ്ട്. അത്തവണയും കൃഷ്ണൻ നിരാശപ്പെടുത്തിയില്ല. അദ്ദേഹം പേറ്റുപുരയിലേക്കോടി, കുഞ്ഞിനെ എടുത്ത് തലകീഴായി കുടഞ്ഞതോടെ അവൻ വാവിട്ടുകരഞ്ഞു. പരീക്ഷണത്തെ ജയിച്ച അവനെ പരീക്ഷിത്ത് എന്നു വിളിച്ചു കൊഞ്ചിക്കുമ്പോൾ ഹസ്തിനപുരിയുടെ തെരുവിൽ ആയിരം കുഴലുകൾ ഒന്നിച്ചു കാഹളം മുഴക്കി. ആ സമയത്തായിരുന്നത്രേ കലിപ്രഭുവിന്റെയും ജനനം. മൂന്നുനാൾ കഴിഞ്ഞൊരു ത്രിസന്ധ്യയിൽ എന്റെയും'.

കലിപാകം
രാജീവ് ശിവശങ്കർ
ഡി.സി. ബുക്‌സ്
2017, വില : 225 രൂപ