കാസർഗോഡ്: അധോലോക നായകൻ കാലിയാ റഫീഖിന്റെ കൊലപാതകത്തിന് കൂട്ടു നിന്നത് മാസങ്ങൾക്ക് മുമ്പ് സംഘത്തിൽ ചേർന്ന ഒരു ഒറ്റുകാരനാണെന്ന് സൂചന ലഭിച്ചു. ഈ ഒറ്റുകാരൻ പൂനയിലേക്കുള്ള യാത്രക്കിടെ കൊലയാളി സംഘത്തിന് വ്യക്തമായ വിവരങ്ങൾ നൽകിയതായാണ് വിവരം.

കാലിയാ റഫീഖ് കൂടപ്പിറപ്പിനെപ്പോലെ കൊണ്ടു നടക്കുന്നതാണ് അയാളുടെ കൈവശമുള്ള തോക്ക്. എന്നാൽ ഈ തോക്ക,് യാത്രക്കിടെ രണ്ടു സംഘങ്ങളായി പിരിഞ്ഞ് ട്രയിൻ വഴി പൂനക്ക് തിരിച്ച സംഘത്തിന്റെ കൈകളിലേക്ക് മാറ്റിയത് ഒറ്റുകാരന്റെ നിർദ്ദേശ പ്രകാരമായിരുന്നു. യാത്രക്കിടെ കാറിൽ നിന്ന് കഞ്ചാവ് വലിപ്പിച്ചാണ് കാലിയാ റഫീഖിന്റെ ലക്കു കെടുത്തിയത്. ഇതിന്റെ പിറകിലും ഒറ്റുകാരനായ ആളാണെന്നാണ് വിവരം.  മദ്യം കഴിക്കാത്ത കാലിയാ റഫീഖ് ദീർഘ യാത്രയിലും മറ്റും കഞ്ചാവ് വലിക്കുന്ന ശീലമുണ്ട്. അതെല്ലാം മുൻകൂട്ടി കണക്കാക്കി ആസൂത്രണം ചെയ്താണ് റഫീഖിനെ കൊല ചെയ്തതെന്ന് കരുതുന്നു.

തന്റെ അധോലോക പ്രവർത്തനം വ്യാപിപ്പിക്കാൻ തോക്കുകൾ ഉൾപ്പെടെ അത്യന്താധുനിക ആയുധങ്ങൾ വാങ്ങാനാണ് കാലിയാ റഫീഖും സംഘവും കാസർഗോഡ് നിന്നും പൂനയിലേക്ക് പുറപ്പെട്ടിരുന്നത്. റഫീഖിന്റെ കൂട്ടാളിയായ ഒരാൾ അതിനു മുമ്പ് തന്നെ ഒറ്റുകാരനായി മാറിയിരുന്നു. യാത്ര പുറപ്പെട്ടപ്പോൾ റഫീഖിന്റെ വിശ്വസ്ഥനായ ഫിറോസ് ആണ് കാറോടിച്ചിരുന്നത്. വാമഞ്ചൂർ ചെക്കു പോസ്റ്റിലെത്തിയപ്പോൾ സംഘം സഞ്ചരിച്ച കാർ മാറ്റി മറ്റൊരു കാറിൽ കയറി. ഫിറോസിന് പകരം ഡ്രൈവർ സീറ്റിലിരുന്നത് ഒറ്റുകാരനെന്ന് കരുതുന്ന ആളായിരുന്നു. യാത്രക്കിടയിൽ തന്നെ റഫീഖിന് കഞ്ചാവ് നൽകി. അയാളത് ആഞ്ഞു വലിക്കുകയും ചെയ്തു. ഈ സമയം കാറിൽ തോക്ക് കൊണ്ടു പോകേണ്ടെന്നും ഇതോടൊപ്പം ട്രെയിനിൽ പൂനക്ക് തിരിക്കുന്ന സംഘത്തിന് കൈമാറാമെന്നും ഡ്രൈവർ നിർദ്ദേശിച്ചു. കഞ്ചാവ് ലഹരിയുടെ മയക്കത്തിൽ കാലിയാ റഫീഖ് അത് അംഗീകരിക്കുകയും ചെയ്തു.

ദീർഘ യാത്രയായതിനാലും ഇത് മറ്റാരും അറിയാത്തതിനാലും ഇക്കാര്യത്തിൽ റഫീഖിനൊപ്പം സഞ്ചരിച്ചവർക്കും സംശയമുണ്ടായിരുന്നില്ല. ലക്കു കെട്ട റഫീഖിനെ ഡ്രൈവർ മുൻ സീറ്റിൽ ഇരുത്തിച്ചു. പിന്നീട് മൊബൈൽ ഫോൺ ലൗഡ് സ്പീക്കറിലിട്ട് എതിരാളി സംഘത്തിന് കാറിനകത്തെ സംഭാഷണങ്ങൾ കേൾക്കാൻ അവസരം നൽകുകയും ചെയ്തു. കേരള, കർണ്ണാടക അതിർത്തിയായ തലപ്പാടി ചെക്കു പോസ്റ്റിലെത്തിയപ്പോൾ റഫീഖിന്റെ പേര് വിളിച്ച് ഞങ്ങൾ ഇപ്പോൾ തലപ്പാടിയിലെത്തിയെന്നും ഡ്രൈവർ പറയുന്നുണ്ടായിരുന്നു. പിന്നീട് ഓരോ പ്രധാന സ്ഥലത്തെത്തുമ്പോഴും റഫീഖിനെ ഉണർത്താനെന്ന ഭാവത്തിൽ സ്ഥലം വ്യക്തമായി ഡ്രൈവർ പറയുമായിരുന്നു. എതിരാളി സംഘത്തിന് മൊബൈൽ വഴി ഇത് ലഭിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ മംഗളൂരു കെ.സി. റോഡിൽ എത്തിയപ്പോഴും ഡ്രൈവർ സ്ഥലം വ്യക്തമായി പറഞ്ഞു.

അപ്പോഴാണ് എതിർ ദിശയിൽ നിന്നും ഒരു ടിപ്പർ ലോറി കാറിനെതിർവശം തടസ്സപ്പെടുത്തി നിർത്തിയത്. കഞ്ചാവ് ലഹരി വിട്ടുമാറാത്ത കാലിയാ റഫീഖ് കാറിൽ നിന്നും ഇറങ്ങി സ്വന്തം കൈ ചൂണ്ടി അവരെ വെല്ലു വിളിച്ചു. കൈ, തോക്കെന്ന് ധരിച്ചാണ് റഫീഖ് ഇങ്ങിനെ ചെയ്തത്. കൊലയാളി സംഘം അതോടെ ചൂണ്ടി നിൽക്കുന്ന കൈക്ക് വെട്ടുകയായിരുന്നു. എതിരാളികളെ തടയാൻ വിശ്വസ്ഥനായ സിയാദ് ശ്രമിച്ചപ്പോൾ ഒറ്റുകാരനും കൂട്ടാളിയും ഓടി മറയുകയായിരുന്നു. റഫീഖിന്റെ കൈവശം തോക്കുണ്ടായിരുന്നെങ്കിൽ സംഭവം മാറിയേനെ. നിരായുധനായിരുന്നതു കൊണ്ടാണ് റഫീഖിനെ കൊലയാളി സംഘത്തിന് കീഴടക്കാനായത്. എന്നാൽ പൂനയിലേക്ക് ആയുധം വാങ്ങാൻ കൊണ്ടു പോയ പണമടങ്ങിയ ബാഗ് ഒറ്റുകാരനും കൂട്ടാളിയും കൈവശപ്പെടുത്തി കടന്നു കളഞ്ഞതായും വിവരമുണ്ട്.

കാലിയാ റഫീഖിന്റെ കൊലപാതകത്തിൽ  പ്രതികാരത്തിനായി മംഗളൂരുവിലും കാസർഗോഡും ചില സംഘങ്ങൾ ഒരുക്കങ്ങൾ കൂട്ടുന്നതായും സൂചനയുണ്ട്. അവരുടെ സ്ഥിരം താവളങ്ങളിൽ നിന്നും അധോലോക സംഘങ്ങൾ ആയുധങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. റഫീഖ് കൊല ചെയ്യപ്പെട്ടെങ്കിലും അയാളെ ഭായി എന്നു വിളിച്ച് ആരാധിച്ചു പോന്ന ഒട്ടേറെ പേർ അവശേഷിക്കുന്നുണ്ട്. കുടിപ്പക കൊണ്ടു നടക്കുന്ന ഈ അധോലോക സംഘങ്ങൾ ഇനിയും കാസർഗോഡിന്റേയും മംഗളൂരുവിന്റേയും സ്വൈര്യം കെടുത്താൻ സാധ്യതയുണ്ട്.