കാസർഗോഡ്: മഞ്ചേശ്വരം ഉപ്പളയിലെ അധോലോകഗുണ്ടാ വിളയാട്ടം അതിരു കടക്കുകയാണ്. കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ഒരു ദേശത്തെ ജനങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്നത്. ഉപ്പള -മണിമുണ്ട മേഖലയാണ് ഈ സംഘത്തിന്റെ വിഹാരകേന്ദ്രം. കർണ്ണാട, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്വട്ടേഷൻ സംഘങ്ങളായി പ്രവർത്തിച്ചു വരുന്നവരുടെ നേതാവാണ് കാലിയാ റഫീഖ്. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ കാലിയാ റഫീഖ് കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ പ്രകാരം തടവിൽ കഴിഞ്ഞ ശേഷം മൂന്നാഴ്ചയായി നാട്ടിലിറങ്ങിയിട്ട്. മഞ്ചേശ്വരത്തെ ഒളിത്താവളത്തിലിരുന്നാണ് അമ്പതിലേറെ വരുന്ന സംഘത്തെ ഇയാൾ നിയന്ത്രിക്കുന്നത്. കവർച്ച, മയക്കു മരുന്നു കടത്തൽ, മണൽ മാഫിയാ തുടങ്ങിയ ഇടപാടുകളിൽ കർണ്ണാടകത്തിലെ ഷിമോഗ, ഉഡുപ്പി, മംഗളൂരു എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്.

സ്വന്തം ഗുണ്ടാ സാമ്രാജ്യം സ്ഥാപിക്കാൻ നിരവധി അനുയായികളേയും കാലിയാ റഫീഖ് വളർത്തിയെടുത്തിട്ടുണ്ട്. പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ മുതൽ മഹാരാഷ്ട്രയിലേയും കർണ്ണാടകത്തിലേയും ഗുണ്ടകൾ വരെ റഫീക്കിന്റെ ഗുണ്ടാ പടയിലുണ്ട്. ഇയാൾ നിർദേശിക്കുന്ന രൂപത്തിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി ഗുണ്ടാ പിരിവ് സംഘടിപ്പിക്കുന്നുണ്ട്. കട ഒന്നിന് അതിന്റെ നിലവാരമനുസരിച്ച് 2000 രൂപ മുതൽ 3000 രൂപ വരെ പ്രതിമാസം പിരിവ് നൽകേണ്ട അവസ്ഥയുമുണ്ട്. എന്നാൽ ഇക്കാര്യം ഭയം കൊണ്ട് വ്യാപാരികൾ പുറത്തുപറയാറില്ല. റഫീഖിനെ ഉദ്ദേശിച്ച് ഭായിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണി ഇവർ ഉയർത്തും. അങ്ങനെയാണ് കഴിഞ്ഞാഴ്ച മുഹമ്മദ് റൗഫ് എന്ന യുവാവിനെ കടലോരത്ത് മണലിൽ കഴുത്തറ്റം കുഴി കുഴിച്ച് മൂടിയത്. കാലിയാ റഫീഖ് കാപ്പ ചുമത്തപ്പെട്ട് ജയിലായപ്പോൾ ഇയാൾ ആഹ്ലാദം പ്രകടിപ്പിച്ചു എന്നതാണ് അയാളുടെ പേരിലുള്ള കുറ്റം.

1994 ൽ കേരളത്തിൽ ചാരായ നിരോധനം വന്നപ്പോഴാണ് കാലിയാ റഫീഖിന്റെ സുവർണ്ണകാലം ആരംഭിക്കുന്നത്. കർണ്ണാടകത്തിലെ പാക്കറ്റ് ചാരായം വൻ തോതിൽ കടത്തിയാണ് കാലിയാ റഫീഖ് തലവനായത്. മൂലവെട്ടി എന്ന പേരിൽ ഉത്തരകേരളത്തിലെ മദ്യപന്മാർ വിളിച്ചു പോന്ന ഈ ചാരായം കടത്തിയാണ് റഫീഖ് സമ്പന്നനായത്. അതിനു പുറമേ നികുതി വെട്ടിച്ച് കോഴിക്കടത്തും മണൽ കടത്തും കാലിയാ റഫീഖിന്റെ തണലിൽ സുഗമമായി നടന്നു. കർണ്ണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടക്കാനുള്ള 28 ഊടുവഴികൾ റഫീഖിന് ്അവസരങ്ങളൊരുക്കി. എന്തും കടത്തിക്കൊണ്ടു വരാനുള്ള തന്റേടവും ശക്തരായ അണികളും ഉള്ളതിനാൽ കാലിയാ റഫീഖ് ഉന്നതങ്ങളിലേക്ക് പടവു കയറി. അതോടൊപ്പം മംഗലാപുരത്തെ അധോലോക സംഘവുമായുള്ള റഫീഖിന്റെ ബന്ധം കേരളത്തിന്റെ അതിർത്തി മേഖലയായ മഞ്ചേശ്വരത്തും സ്വാധീനം സൃഷ്ടിച്ചു.

എന്നാൽ റഫീഖിന്റെ മുഖ്യ ശത്രുവായ കസായി അലി അക്കാലത്ത് ഒരു വെല്ലുവിളിയായി നിലനിന്നു. ഇവർ തമ്മിലുള്ള കുടിപ്പകകൾ കൊലയിലും അക്രമങ്ങളിലും കലാശിക്കാറാണ് പതിവ്. ഇത് ഈ പ്രദേശത്തെ ജനങ്ങളിൽ ഏറെക്കാലം ഭയാനത സൃഷ്ടിച്ചു. എന്നാൽ കസായി അലി ദേശത്തെ ജനങ്ങളെ ദ്രോഹിക്കാറ് പതിവില്ല. കസായി അലിയുമായുള്ള റഫീഖിന്റെ പക ഇന്നും നില നിൽക്കുന്നുണ്ട്. രണ്ടു കൊലപാതക കേസും 25 ലേറെ കവർച്ച, അക്രമം, തുടങ്ങിയ കേസുകളും റഫീഖിന്റെ പേരുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് റൗഫിനെ കടലോരത്ത് തട്ടിക്കൊണ്ടു പോയി കഴുത്തറ്റം മൂടിയ സംഭവത്തിൽ റഫീഖിന്റെ സംഘത്തെ പിടികൂടാൻ പൊലീസ് വല വിരിച്ചിട്ടുണ്ട്.

അതിനിടെ റൗഫിന്റെ വീട്ടിൽ ഭീഷണി സന്ദേശവുമെത്തുന്നുണ്ട്. പൊലീസ് പരാതി പിൻ വലിച്ചില്ലെങ്കിൽ അപകടപ്പെടുത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം പൊലീസ് സംഘം കാലിയാ റഫീഖിന്റെ വീട്ടിലെത്തിയിരുന്നു. റഫീഖിന്റെ ഭാര്യ പൊലീസിനെ തടയാനൊരുങ്ങി. വനിതാ പൊലീസ് എത്തിയാണ് പരിശോധന നടത്തിയത്. റഫീഖിന്റെ സംഘം ആയുധങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. നാട്ടുകാരെ ഗുണ്ടാ ഭയത്തിൽ നിന്നും മോചിപ്പിക്കാൻ നടപടികളുമായി മുന്നോട്ടുനീങ്ങുകയാണെന്ന് കുമ്പള സിഐമനോജ് പറഞ്ഞു.