തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെ കൊലപ്പെടുത്തിയതിനുള്ള വർഷങ്ങളായുള്ള അയൽവാസിയുടെ പക. അജികുമാറിനെ കൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്‌ക്കെന്ന് പൊലീസ് പറയുന്നു. രണ്ടാം കൊലപാതകത്തിന് പിന്നിലെ പ്രതികാരം പുറത്തു വന്നിട്ടുണ്ട്. ബസിന് മുന്നിൽ ചാടിയുള്ള ബിനുരാജിന്റെ ആത്മഹത്യയിലും വ്യക്തത വന്നുകഴിഞ്ഞു. സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തി.

അജികുമാറിന്റെ കൊലപാതകത്തിൽ സുഹൃത്ത് സംഘത്തിലെ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ബിനുരാജിന്റെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു. ബിനുരാജിന്റെ സ്‌കൂട്ടറിലും രക്തക്കറയുണ്ട്. പിടിക്കപ്പെടും എന്നായപ്പോൾ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു.

പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്, ബിനുരാജ് എന്നിവരാണ് മരിച്ചവർ. പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ കല്ലമ്പലത്തെത്തിയാൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് പതിവാണ്. ഞായറാഴ്ച രാത്രിവരെ അജികുമാർ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരുന്നു. പിന്നാലെ അജികുമാർ കൊല്ലപ്പെട്ടു. ഏറെ ആഴത്തിലുള്ള നിരവധി കുത്തുകൾ അജികുമാറിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു.

അന്നേദിവസം വൈകുന്നേരം അജികുമാറിന്റെ സുഹൃത്തുകൾ വീണ്ടും ഒന്നുചേർന്ന് മദ്യപിച്ചു. പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു അത്. കൂട്ടത്തിലുള്ള ഡ്രൈവർ സജീവാണ് അജികുമാറിന്റെ കൊലക്ക് പിന്നിലെന്ന് ചില സുഹൃത്തുകൾ കുറ്റപ്പെടുത്തി. മദ്യപസംഘം പിരിഞ്ഞപ്പോൾ സജീവ് സുഹൃത്തുക്കളായ പ്രമോദ്, അജിത് എനിവരുടെ മേൽ പിക് അപ്പ് വാൻ കയറ്റിയിറക്കി. അജിത് തൽക്ഷണം മരിച്ചു. പ്രമോദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് കല്ലമ്പലം സ്റ്റേഷനിൽ കീഴടങ്ങിയ സജീവ് പൊലീസിനോട് പറഞ്ഞു. സജീവിൽ നിന്നാണ് അയൽവാസിയായ ബിനുരാജാണ് കൊലപാതകത്തിന്റ പിന്നിലെന്ന് സൂചന ലഭിക്കുന്നത്. താൻ കുടുങ്ങുമെന്ന് ബിനുരാജിന് മനസ്സിലായി. ഇതോടെ ചൊവ്വാഴ്ച പുലർച്ചെ ബസിന് മുന്നിൽ ചാടി ബിനുരാജ് മരിക്കുകയായിരുന്നു.

വിവാഹമോചിതനായ അജികുമാറിന്റെ വീട്ടിലാണ് ഞായറാഴ്ച രാത്രി മദ്യസൽക്കാരം നടന്നത്. ഇവിടെ മദ്യസൽക്കാരം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു. മദ്യപിക്കുന്നതിനിടെ കൂട്ടുകാർ തമ്മിൽ സംഘർഷവും പതിവായിരുന്നു. വീട്ടിൽ ബഹളം കേട്ടതായി നാട്ടുകാരും പറഞ്ഞു. അജികുമാർ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നതു തിങ്കളാഴ്ചയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാത്രി മുള്ളറംകോട് ഗണപതിക്ഷേത്രത്തിനു സമീപത്തെ ഇടറോഡിൽ സുഹൃത്ത് സംഘം വീണ്ടും മദ്യപിച്ചു. സുഹൃത്തുക്കൾക്കിടയിലെ വാക്കുതർക്കത്തെ തുടർന്ന് കയ്യേറ്റവും നടന്നു.

അജികുമാറിന്റെ മരണത്തിൽ പങ്കുണ്ടെന്നു കരുതുന്ന സജീവ് കുമാറിനെക്കുറിച്ചുള്ള വിവരം പുറത്തു പറയുമെന്നു സുഹൃത്തുക്കളായ അജിത്തും പ്രമോദും പറഞ്ഞതാണ് രണ്ടാമത്തെ കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറയുന്നു. റോഡിൽ പാർക്കു ചെയ്തിരുന്ന പിക്കപ് വാൻ സജീവ് കുമാർ ഓടിച്ച് അജിത്തിനെയും പ്രമോദിനെയും ഇടിച്ചു. സംഭവ സ്ഥലത്തു കുഴഞ്ഞുവീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അജിത്ത് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരാരും ക്രിമിനൽ കേസിൽ പ്രതികളല്ലെന്നും സ്ഥിരം മദ്യപാനികളാണെന്നും പൊലീസ് പറഞ്ഞു.