തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ കാശില്ലാത്തതു കൊണ്ട് നോട്ടീസ് തന്നാൽ അത് കോടതിയിൽ അടയ്ക്കാമെന്ന് പറഞ്ഞ യുവാവിനെ കൺന്റോൺമെന്റ് പൊലീസ് മർദ്ദിച്ചത് നാട്ടുകാരുടെ കണ്ണിന് മുന്നിൽ ഇട്ടായിരുന്നു. ഒടുവിൽ ഇവരെ പിടിച്ചു കൊണ്ട് പോയി. എസ് ഐയെ തല്ലിയെന്ന വ്യാജ ആരോപണത്തിൽ ജയിലിനുള്ളിലായി. മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടുതാഴെ നടന്ന ഈ പൊലീസ് ക്രൂരതയിൽ സർക്കാർ ഇടപെട്ടില്ല. ഇതിന് സമാനമായി പല പൊലീസ് പീഡനവും ചർച്ചയായി. നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചു. പൊലീസുകാർ മിടുക്കന്മാരാകണമെന്ന് ഡിജിപി പ്രസ്താവന ഇറക്കി. അതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. മനുഷ്യത്വമില്ലാത്ത സേനയായി കേരളാ പൊലീസ് മാറുകയാണ്. അതിന് അവസാത്തെ ഉദാഹരണമാണ് കഴക്കൂട്ടത്ത് സംഭവിച്ചത്.

മനുഷ്യത്വം നഷ്ടമാകുന്ന പൊലീസ് എന്തും ചെയ്യും. ജനങ്ങളുടെ വേദന അവർ കാണുകയുമില്ല. മകളുടെ വിവാഹ നിശ്ചയത്തിനു തൊട്ടുമുൻപു പിതാവിനെ അറസ്റ്റ് ചെയ്തു ജയിലിലിട്ട് പൊലീസിന്റെ ക്രൂരത ഇതിന് തെളിവാണ്. വിവാഹ നിശ്ചയ വേദിയിലേക്കുള്ള യാത്രയാണിതെന്ന് ബോധ്യപ്പെട്ടിട്ടും കാക്കിക്കുള്ളിലെ മനുഷ്യർക്ക് മനസാക്ഷിയുണയർന്നില്ല. പെൺകുട്ടിയെ പീഡിപ്പിക്കുന്ന കേസുകൾ പോലും സർക്കാർ തലത്തിൽ ഒത്തുകളിച്ച് ഇല്ലാതാക്കുന്നു. ടിപി കേസിലെ പ്രതി കുഞ്ഞനന്തനെ വിട്ടയ്ക്കാൻ ഫയലുകൾ നീക്കുന്നു. സിഡിറ്റിലെ പീഡന വീരനേയും രക്ഷിക്കണം. ഈ സർക്കാരും പൊലീസുമാണ് പാവപ്പെട്ട പ്രവാസിയുടെ കണ്ണുനീർ കണ്ടിട്ടും കണ്ണടച്ചത്. കാൽനൂറ്റാണ്ടായി സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കഴക്കൂട്ടം കരിമണൽ എസ്എഫ്എസ് വാട്ടർസ്‌കേപ് ആറ്ബിയിൽ ഹക്കീം ബദറുദീന്റെ(45) മകൾ ഡോ. ഹർഷിതയുടെ വിവാഹനിശ്ചയച്ചടങ്ങാണു കല്ലറ പാങ്ങോട് പൊലീസ് മുടക്കിയത്. ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ പിണറായിയുടെ സർക്കാരിന് ആർജ്ജവമുണ്ടോ എന്ന ചോദ്യമാണ് ഈ അവസരത്തിൽ സോഷ്യൽ മീഡിയ ഉയർത്തുന്നത്.

16നു വൈകിട്ട് അഞ്ചിനാണു ഹർഷിതയുടെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. വരന്റെ വസതിയിൽ എത്തുന്നതിനു മുൻപു പുലിപ്പാറ വളവിൽ വച്ച് 4.10നു വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച വാനും കെഎസ്ആർടിസി ബസും തമ്മിൽ ഉരസി. വാനിന്റെ ചില്ലു തകർന്നു. ഇതോടെ പ്രശ്‌നം തുടങ്ങി. ബസിന്റെ ഡ്രൈവർ ബഹളമുണ്ടാക്കി. ഡ്രൈവറുടെ പക്ഷം പിടിച്ച ബസ് യാത്രക്കാരനായ സ്‌പെഷൽ ബ്രാഞ്ച് പൊലീസുകാരൻ പാങ്ങോട് സ്റ്റേഷനിൽ വിളിച്ചതിനെതുടർന്ന് ഗ്രേഡ് എസ്‌ഐ ലത്തീഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ചടങ്ങു മുടക്കരുതെന്നും അതിനുശേഷം സ്റ്റേഷനിൽ എത്താമെന്നും ഹക്കീം അഭ്യർത്ഥിച്ചുവെങ്കിലും പൊലീസിന്റെ മനസാക്ഷി ഉണർന്നില്ല. ബസ് ഡ്രൈവർ ബിജുമോനെയും വാനിൽ ഉണ്ടായിരുന്ന 27 പേരെയും സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഹക്കീം, സഹോദരീ ഭർത്താവും വാഹനാപകടത്തിൽ കയ്യും കാലും തകർന്നയാളുമായ മാഹിൻ ജലാലുദീൻ, ബന്ധു നൗഫൽ എന്നിവരടക്കം അഞ്ചു പേരെ അഴിക്കുള്ളിൽ അടച്ചു. അറസ്റ്റ് ചെയ്തുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഹക്കീമിന്റെ ഭാര്യ ഷംല, സഹോദരിമാരായ ജമീമ, ജലീല എന്നിവരെ മുറ്റത്തു നിർത്തി. ചടങ്ങിനുശേഷം തിരിച്ചുവരാമെന്നു പറഞ്ഞു സെല്ലിനകത്തുനിന്നു ഹക്കീമും പുറത്തുനിന്നു ഷംലയും കരഞ്ഞു. പക്ഷേ കാക്കിക്കുള്ളിലെ ഭീകരത അത് കണ്ടില്ല. രാത്രി 9.30ന് എസ്‌ഐ എസ്.നിയാസ് സ്റ്റേഷനിൽ എത്തി. ഹക്കീമിനെ അകത്തുവിളിച്ച എസ്‌ഐ, ഡ്രൈവർ ആശുപത്രിയിൽ പോയിട്ടുണ്ടെന്നും ഒത്തുതീർപ്പാക്കിവന്നാൽ ആലോചിക്കാമെന്നും അറിയിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്ന വരന്റെ വീട്ടുകാർ ഡ്രൈവറെ അന്വേഷിച്ചുപോയി. രാത്രി 10.30നു മടങ്ങിയെത്തിയ അവർ പ്രശ്‌നങ്ങൾ സംസാരിച്ചുതീർത്തുവെന്ന് അറിയിച്ചപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നു പറഞ്ഞ് എസ്‌ഐ കൈമലർത്തി.

തന്നെ ജയിലിലടച്ചു മകളുടെ വിവാഹം മുടക്കരുതെന്നു ഹക്കീം കരഞ്ഞപേക്ഷിച്ചപ്പോൾ 'നിന്റെ മകളുടെ വിവാഹം മുടങ്ങുന്നതിൽ ഞാൻ എന്തിനാടാ വേദനിക്കുന്നത്?' എന്നു തിരിച്ചുചോദിച്ചെന്നും പറയുന്നു. ഇതിനിടെ വാൻ ഡ്രൈവറെ പൊലീസുകാർ പറഞ്ഞുവിട്ടു. രാത്രി 11.45ന് ആണു മറ്റു ബന്ധുക്കളെ വിട്ടയച്ചത്. രാവിലെ ഹക്കീമിനെയും മറ്റു രണ്ടുപേരെയും കോടതിയിൽ ഹാജരാക്കി. 20 വരെ റിമാൻഡ് ചെയ്തു.തിങ്കൾ, വ്യാഴം ദിവസങ്ങളിൽ സ്റ്റേഷനിൽ പോയി ഒപ്പിടണമെന്നാണു ജാമ്യ വ്യവസ്ഥ. ഹക്കീം വ്യാഴാഴ്ച സ്റ്റേഷനിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകിയിരുന്നു. ഗതാഗതക്കുരുക്കിൽപെട്ടുവെന്നു പറഞ്ഞപ്പോൾ എസ്‌ഐ തട്ടിക്കയറി.

ഹക്കീമിന്റെ വീഴ്ചകൊണ്ടാണു വൈകിയതെന്നതു മൊഴിയായി രേഖപ്പെടുത്തി ഒപ്പിട്ടുവാങ്ങാൻ എസ്‌ഐ നിർദ്ദേശിച്ചു. ബലം പ്രയോഗിച്ച് അത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. ഹക്കിമീന്റെ ജാമ്യം റദ്ദാക്കണമെന്നാണു നെടുമങ്ങാട് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ പൊലീസ് നീതി ബോധം തുടരുകയാണ്. ചെറിയൊരു അപകടത്തിനാണ് ഇതെല്ലാം പൊലീസ് കാട്ടിക്കൂട്ടിയത്. ഇതെല്ലാം കണ്ടും കേട്ടും അനങ്ങാതെ മുഖ്യമന്ത്രിയും ഡിജിപിയും.