പത്തനംതിട്ട: മൂന്നാറിലെ തൊഴിലാളികൾ കാണിച്ചു തന്ന സമരമാതൃക പിന്തുടരാൻ കോന്നി കല്ലേലി ഹാരിസൺ എസ്‌റ്റേറ്റിലെ തൊഴിലാളികൾക്കായില്ല. കൃത്യസമയത്ത് ശമ്പളവും വേതനവർധനയും ആവശ്യപ്പെട്ട് രണ്ടുദിവസമായി തൊഴിലാളികൾ നടത്തിവന്ന സമരം മാനേജുമെന്റുമായി ചേർന്ന് യൂണിയൻ നേതാക്കൾ സിമ്പിളായി പൊളിച്ചടുക്കി.

ശമ്പളം കൃത്യസമയത്ത് നൽകണമെന്നും വേതന-ബോണസ് വർധനവും ആവശ്യപ്പെട്ട് ഹാരിസൺ മലയാളം ലിമിറ്റഡിന്റെ കല്ലേലി റബർ എസ്‌റ്റേറ്റിൽ തൊഴിലാളികൾ ഇന്നലെയാണ് സമരം തുടങ്ങിയത്. ഇന്നലെ രാവിലെ മുതലാണ് മൂന്നൂറോളം തൊഴിലാളികൾ കമ്പനി ഓഫീസിനു മുന്നിൽ അനിശ്ചിതകാലസമരം ആരംഭിച്ചത്.

എല്ലാ തൊഴിലാളി യൂണിയനുകളും സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ബോണസ് 8.5 ശതമാനത്തിൽ നിന്ന് 20 ആക്കണമെന്നും ശമ്പളം 265 രൂപയിൽ നിന്ന് ആനുപാതികമായി വർധിപ്പിക്കണമെന്നും കൃത്യസമയത്ത് വേതനം നൽകണമെന്നുമാവശ്യപ്പെട്ടാണ് സമരം.

നിലവിൽ മാസത്തിനൊടുവിലാണ് ഇവർക്ക് വേതനം നൽകിവരുന്നത്. ആദ്യമൊക്കെ 15-ാം തീയതിക്കുള്ളിൽ വേതനം നൽകിയിരുന്നു. ഇപ്പോൾ ഇത് 24-ാം തീയതി വരെയായി. ജില്ലയിലെ റബർ തോട്ടങ്ങളിൽ ഏറ്റവും കുറവ് ബോണസ് ലഭിക്കുന്നതും ഇവിടെ തന്നെയാണ്.

തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ പരിതാപകരമായ അവസ്ഥയിലാണ്. ചോർന്നൊലിക്കുന്ന ലയങ്ങൾക്ക് കുറഞ്ഞത് 100 വർഷമെങ്കിലും പഴക്കമുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കുടിവെള്ളം, ആരോഗ്യപ്രശ്‌നങ്ങൾ, കാടുകൾ നീക്കാത്തതു മൂലം വന്യമൃഗങ്ങളുടെ ഭീഷണി എന്നിവ തൊഴിലാളികൾ നേരിടേണ്ടി വരുന്നു. റോഡുകളുടെ ശോച്യാവസ്ഥയും തുടരുകയാണ്. പ്രതിവർഷം 900 രൂപ തൊഴിൽക്കരമായി ഈടാക്കുന്നത് പിൻവലിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

തൊഴിലാളികൾ സമരം തുടങ്ങുമെന്ന് കണ്ട് ഒരു വിഭാഗം ഐ.എൻ.ടി.യു.സി യൂണിയനിൽപ്പെട്ടവരെ പത്തനംതിട്ടയിലെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി മാനേജ്‌മെന്റ് ചർച്ച നടത്തിയിരുന്നുവത്രേ. ഇക്കാര്യം അറിഞ്ഞ സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ചയാണ് സമരത്തിന് നോട്ടീസ് നൽകിയത്. ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാതെ പണിക്ക് ഇറങ്ങില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.

തൊഴിലാളികൾക്ക് വ്യക്തമായ യാതൊരു ഉറപ്പും നൽകാതെയാണ് യൂണിയനുകൾ മാനേജ്‌മെന്റിന് അനുകൂലമായ നിലപാട് സ്വീകരിച്ച് സമരം പിൻവലിച്ചത്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനെന്നു പറഞ്ഞ് മാനേജ്‌മെന്റുമായി ചർച്ചയ്ക്ക് വന്നവർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ച പൊളിക്കുകയായിരുന്നു. തൊഴിലാളികൾക്ക് കിട്ടാനുള്ള ശമ്പള കുടിശിക ഞായറാഴ്ച നൽകാമെന്ന് ഉറപ്പും നൽകി. ഇതോടെ തൊഴിലാളികൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പം മാനേജ്‌മെന്റ് ശരിക്കും മുതലാക്കുകയും ചെയ്തു.

ഇന്നലെ മുതൽ തൊഴിലാളികൾ തടഞ്ഞു വച്ചിരുന്ന മാനേജർമാർ യാതൊരു എതിർപ്പുമില്ലാതെ പുറേത്തക്ക് പോയി. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ എസ്‌റ്റേറ്റ് ഓഫീസിന് മുന്നിൽ തൊഴിലാളികൾ അനാഥരായി നിൽക്കുകയായിരുന്നു. യൂണിയൻ നേതാക്കളുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ ചിലർ ശക്തമായി തന്നെ പ്രതികരിച്ചു. ഓരോ യൂണിയനും പ്രത്യേകമായി തൊഴിലാളികളെ വിളിച്ചുകൂട്ടി സമരം അവസാനിപ്പിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

തൊഴിലാളികൾക്ക് അനുകൂലമായി നിൽക്കേണ്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ഹാരിസന്റെ ജീവനക്കാരെപ്പോലെ പെരുമാറിയതോടെ കാര്യങ്ങൾ എളുപ്പവുമായി. യൂണിയൻ നേതാക്കളെ കൂടാതെ സമരം നടത്തിയെങ്കിലേ അവകാശം നേടിയെടുക്കാൻ കഴിയൂവെന്ന് മൂന്നാറിലെ പെൺതൊഴിലാളികൾ കാണിച്ചു തന്നിരുന്നു. എന്നാൽ ഈ രീതിയിലുള്ള സമരം മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാൻ തൊഴിലാളി സംഘടനകൾ പ്രവർത്തിച്ചു വരികയായിരുന്നു. അത്തരത്തിലൊരു സമരത്തിന്റെ പതനമാണ് കല്ലേലിയിൽ കണ്ടത്