കണ്ണൂർ: പരിസ്ഥിതി പ്രവർത്തകൻ കല്ലേൻ പൊക്കുടൻ അന്തരിച്ചു. 85 വയസായിരുന്നു. കണ്ണൂർ ചെറുകുന്ന് ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു.

കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നയാളാണ് കല്ലേൻ പൊക്കുടൻ. യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കണ്ടൽ കാടുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരമെന്നോണം കണ്ടൽ പൊക്കുടൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

കേരളത്തിൽ കണ്ടൽക്കാടുകളെ ഇത്രയും അടുത്തറിഞ്ഞ മറ്റൊരാളുമില്ല. പ്രകൃതിയെക്കുറിച്ച് ഒട്ടേറെ വിവരങ്ങൾ അറിയുന്ന വിദ്യാലയം തന്നെയായിരുന്നു അദ്ദേഹം. യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗമാണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുള്ളത്.

കണ്ണൂർ ജില്ലയിലെ ഏഴോം പഞ്ചായത്തിലെ എടക്കീർതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയും കല്ലേൽവെള്ളച്ചിയുടേയും മകനായി 1930 ൽ ജനിച്ച പൊക്കുടൻ പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പിന്നീട് സിപിഐഎം പ്രവർത്തകനായ പൊക്കുടൻ കൃഷിക്കാർക്ക് വേണ്ടി എ കെ ജി ഡൽഹിയിൽ സംഘടിപ്പിച്ച ജയിൽ നിറക്കൽ സമരത്തിന്റെ ഭാഗമായുള്ള സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.

കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ഭാഗമായുള്ള നിരവധി സമരങ്ങളിലും ഏഴോം കർഷകത്തൊഴിലാളി സമരത്തിലും് പങ്കെടുത്തിട്ടുണ്ട്. സജീവരാഷ്ട്രീയം ഉപേക്ഷിച്ച് എൺപതുകളുടെ അവസാനത്തിൽ പരിസ്ഥിതി പ്രവർത്തനത്തിൽ ശ്രദ്ധയർപ്പിക്കുകയായിരുന്നു. ആദിവാസി ദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്, എൺവയോൺമെന്റ് ഫോറം, കൊച്ചിയുടെ പിവി തമ്പി സ്മാരക പുരസ്‌കാരം, പരിസ്ഥിതി സംരക്ഷണസംഘം, ആലുവയുടെ ഭൂമിമിത്ര പുരസ്‌കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്‌കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ വി അബ്ദുറഹ്മാൻ ഹാജി പുരസ്‌കാരം, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജീവചരിത്രത്തിനുള്ള പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങൾ കല്ലേൻ പൊക്കുടനു ലഭിച്ചു.