- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ കളിതമാശയ്ക്ക് തുടങ്ങിയത് സീരിയസായി; തങ്ങളുണ്ടാക്കിയ അനന്തു എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലെ കള്ളക്കാമുകന്റെ വാക്ക് കേട്ട് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത് ഷോക്കായി; സൈബർ പ്രാങ്ക് ജീവനെടുത്തത് ജീവിച്ച് കൊതി തീർന്നിട്ടില്ലെന്ന് കുറിപ്പെഴുതി വച്ച രണ്ടുയുവതികളുടെ; കല്ലുവാതുക്കൽ കേസിൽ ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴിയുടെ വഴിയേ
കൊല്ലം: നവജാതശിശുവിനെ കരിയില കൂനയിൽ ഉപേക്ഷിച്ച് കൊന്ന കേസിൽ നിർണായകമായത് സൈബർ പ്രാങ്ക് എന്ന് വ്യക്തമായതോടെ, ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴി ആധാരമാക്കി. കുഞ്ഞിനെ കൊന്ന കേസിൽ ജയിലിലായ രേഷ്മ തങ്ങൾ സൃഷ്ടിച്ച ഫേക് ഐഡിയിലെ വ്യാജ കാമുകന്റെ വാക്ക് കേട്ട് കുഞ്ഞിനെ ഉപേക്ഷിക്കുമെന്ന് ബന്ധുക്കളായ ഗ്രീഷ്മയും ആര്യയും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. വെറുതെ ഒരുകളിതമാശയ്ക്ക് തുടങ്ങിയ കാര്യം സീരിയസാവുകയായിരുന്നു. മൂന്നുപേരുടെ ജീവൻ അതെടുത്തു എന്നതാണ് ഈ സൈബർ പ്രാങ്കിന്റെ ദുരന്തം.
്ഗ്രീഷ്മയാണ് രേഷ്മയുമായി അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ചതും, പ്രണയത്തിലേക്ക് വഴുതി വീണതും. ആര്യയും പലപ്പോഴും ചാറ്റിങ്ങിൽ പങ്കാളിയായി. ചാറ്റിങ് അല്ലാതെ രേഷ്മയ്ക്ക് കോളുകളോ, വീഡിയോ കോളുകളോ വന്നിരുന്നില്ല. രേഷ്മയെ കബളിപ്പിക്കാനായിരുന്നു ഇരുവരും ശ്രമിച്ചത്. ഇക്കാര്യം ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. സുഹൃത്താണ് പൊലീസിന് വിവരങ്ങൾ കൈമാറിയത്. എന്നാൽ ഈ സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും.
രേഷ്മ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ആര്യയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമ്മാവന്റെ ഭാര്യയായ ആര്യയുമായി വളരെ അടുത്ത സൗഹൃദമായിരുന്നു ഗ്രീഷ്മയ്ക്ക്. മിക്കപ്പോഴും അവർ ഒരുമിച്ചായിരുന്നു. മുഖത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ബിസിഎ വിദ്യാർത്ഥിനിയായിരുന്നു ഗ്രീഷ്മ. ആര്യയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നെങ്കിലും രേഷ്മയുമായി ഗ്രീഷ്മയ്ക്ക് അടുപ്പമില്ലായിരുന്നെന്നും നാട്ടുകാർ പറയുന്നു. തന്റെ സിം കാർഡ് രേഷ്മ ഉപയോഗിച്ചിരുന്നതിനാൽ കേസിൽ കുടുങ്ങുമോയെന്ന ആശങ്ക ആര്യയ്ക്ക് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിചയക്കാരോട് ഉപദേശം ചോദിച്ചിരുന്നു.
നാലു വർഷം പഴക്കമുള്ള ഡയറിയിലെ ഒരു പേജിൽ ചുരുക്കം വരികളിലാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പ്. 'അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകി അണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളൂ. എന്റെ മോനെ നല്ലപോലെ നോക്കണം. എന്റെ രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം...' കുറിപ്പിൽ പറയുന്നു. 2017ലെ ഡയറിയിലെ ഒരു പേജിലാണ് ഇതു കുറിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ 'എന്നെ' എന്ന് എഴുതിയ ഭാഗം വെട്ടിത്തിരുത്തിയാണ് 'ഞങ്ങളെ' എന്നാക്കി മാറ്റിയിട്ടുള്ളത്.
പലയിടത്തുവച്ചും, കാണാമെന്ന വാഗ്ദാനം ഫേസ്ബുക്ക് കാമുകൻ രേഷ്മയ്ക്ക് നൽകിയെങ്കിലും അത് സംഭവിച്ചതേയില്ല.കാരണം അങ്ങനെയൊരാളില്ല. ചാറ്റിംഗിൽ കുഞ്ഞിനെ ഉപേക്ഷിച്ച് വന്നാൽ മാത്രമേ സ്വീകരിക്കൂ എന്ന 'കാമുകൻ അനന്തുവിന്റെ' നിർദേശത്തെ തുടർന്നായിരുന്നു ഗ്രീഷ്മ നവജാത ശിശുവിനെ പൊക്കിൾക്കൊടി പോലും മുറിക്കാതെ വീടിന് പിന്നിലെ കരിയിലക്കൂനയിൽ ഉപേക്ഷിച്ചത്.
നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന പേരുള്ള യുവാവാണെന്നു രേഷ്മ പറഞ്ഞിരുന്നു. കഥയിലെ ഈ 'കഥാപാത്രമാണ്' പൊലീസിനെ ആദ്യം മുതൽ കുഴക്കിയത്. ഇരുവരും ഫേസ്ബുക് മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും നിരവധി തവണ ചാറ്റ് ചെയ്തിട്ടുണ്ടെന്നാണ് രേഷ്മ പറഞ്ഞത്. വിഷ്ണുവിന്റെ സഹോദരനായ രഞ്ജിത്തിന്റെ ഭാര്യ ആര്യയുടെ പേരിലുള്ള സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ഇതു കണ്ടെത്തിയതിനെ തുടർന്നാണ് ജൂൺ 24ന് ആര്യയോടു ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് നിർദേശിച്ചത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനുമായി ജീവിക്കാൻ രേഷ്മ വല്ലാതെ മോഹിച്ചിരുന്നു എന്നാണ് വ്യക്തമാകുന്നത്. രേഷ്മയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരൻ കല്ലുവാതുക്കൽ മേവനക്കോണം തച്ചക്കോട്ട് വീട്ടിൽ രൺജിത്തിന്റെ ഭാര്യയാണ് 23 കാരിയായ ആര്യ. വിഷ്ണുവിന്റെ സഹോദരി രജിതയുടേയും രേഷ്മ ഭവനിൽ രാധാകൃഷ്ണൻ നായരുടെയും മകളാണ് 21 കാരി ഗ്രീഷ്മ. ഈ വർഷം ആദ്യമാണ് കൊല്ലം കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ പൊക്കിൾകൊടി പോലും മുറിച്ചുമാറ്റാത്ത നിലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെടുത്തത്.
കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. നാലു മാസത്തിന് ശേഷമാണ് പാരിപ്പള്ളി പൊലീസ് കുഞ്ഞ് രേഷ്മയുടേതാണെന്നും നടന്നതുകൊലപാതകമാണെന്നും കണ്ടെത്തിയത്. ഡി.എൻ.എ പരിശോധനയിലൂടെയാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് കുഞ്ഞ് തന്റേതാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും രേഷ്മ ഏറ്റുപറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ