- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയ ആളെ കണ്ടപ്പോൾ 28 കാരൻ ഞെട്ടി; നമ്പർ തെറ്റി വന്ന കോളിന്റെ ഉടമയെ നേരിൽ കണ്ടപ്പോൾ തലകറങ്ങി വീണു; കല്ലുവാതുക്കലിൽ രേഷ്മയെ ബന്ധുക്കളായ യുവതികൾ കബളിപ്പിച്ചപ്പോൾ നഷ്ടമായത് മൂന്നു ജീവൻ; സൈബർ ആൾമാറാട്ടം വരുത്തുന്ന ദുരന്തങ്ങൾ
കൊല്ലം: ജീവൻ വച്ചുള്ള കളിയാണിത്. സൈബർ ആൾമാറാട്ടം. പബ്ജി കളിച്ച് ആളുകൾ അപകടത്തിൽ പെട്ട് മരിക്കുന്നത് പോലെ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നവ. കല്ലുവാതുക്കലിൽ നവജാത ശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസ് ഒടുവിൽ എത്തി നിൽക്കുന്നതും സൈബർ ആൾമാറാട്ടത്തിലാണ്.
മരിച്ച കുഞ്ഞിന്റെ അമ്മ രേഷ്മയെ കാമുകനെന്ന പേരിൽ ചാറ്റ് ചെയ്ത് കബളിപ്പിച്ചത് അടുത്തിടെ ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധുക്കൾ തന്നെ. ഗ്രീഷ്മ, ആര്യ എന്നീ യുവതികളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. രേഷ്മ പൊലീസിനോട് പറഞ്ഞ അനന്തു എന്ന ഫേസ്ബുക്ക് കാമുകൻ യഥാർത്ഥത്തിൽ ഇവരായിരുന്നു. അനന്തു എന്ന പേരിൽ അക്കൗണ്ട് തുടങ്ങുകയും രേഷ്മയുമായി ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു.
രേഷ്മയെ ഇത്തരത്തിൽ കബളിപ്പിക്കുന്ന വിവരം ഗ്രീഷ്മ തന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഈ സുഹൃത്താണ് ഇപ്പോൾ ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. രേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ഈ രണ്ടു യുവതികളാണെന്ന് നേരത്തെ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഇരുവരും ആത്മഹത്യ ചെയ്തതാണ് ഈ സംശയത്തിന് കാരണമായത്.
പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തി
അപ്പുറത്ത് ആരെന്നറിയാതെയുള്ള സൗഹൃദങ്ങൾ ഇത്തരം ഞെട്ടലുകൾ സമ്മാനിക്കുന്നതിൽ അദ്ഭുതം വേണ്ട. വെർച്വൽ ലോകത്തിലെ കളികൾ സങ്കീർണമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന ഒരുസംഭവം ഇങ്ങനെ:
ഫേസ്ബുക്ക് ചാറ്റിംഗിൽ പരിചയപ്പെട്ട 18 കാരിയായ കാമുകിയെ കാണാൻ കൊതിയായതോടെ തൃശൂർ സ്വദേശിയായ യുവാവ് കാസർകോട് ബേക്കൽ കോട്ടയിലെത്തി. തൃശ്ശൂരിൽ നിന്ന് ബേക്കൽ കോട്ടയിലേക്ക് ബൈക്കിൽ സുഹൃത്തിനൊപ്പം ഓടിപ്പിടിച്ചെത്തിയ കാമുകൻ കാമുകിയെ നേരിൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. താൻ ഇത്രയും നാളും ചാറ്റിങ് നടത്തിയത് 50 കഴിഞ്ഞ മധ്യവയസ്കയാണെന്ന് അറിഞ്ഞതോടെ നിരാശനായ കാമുകൻ റിജോയി(28) സ്ത്രീക്ക് നേരെ കത്തി വീശി.
പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയത് വീട്ടമ്മയാണെന്നറിഞ്ഞതോടെയാണ് കത്തി എടുത്തത്. പിന്നീട് വാക്കേറ്റവും പിടിയും വലിയുമായി. സംഭവം നേരിട്ട് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബേക്കൽ പൊലീസും സ്ഥലത്തെത്തി. കമിതാക്കളെ കസ്റ്റഡിയിലെടുത്തതോടെയാണ് കഥയുടെ ചുരുളഴിഞ്ഞത്.
തൃശ്ശൂർ സ്വദേശിയായ യുവാവും സുഹൃത്തുമാണ് ബൈക്കിൽ ബേക്കൽ കോട്ടയുടെ പരിസരത്തെത്തിയത്. അൽപനേരം കഴിഞ്ഞപ്പോൾ ഉപ്പള സ്വദേശിനിയായ 50 കാരി ബുർഖയിട്ടെത്തി. മുഖം ഒന്നു കാണാൻ കാമുകൻ ഏറെ നിർബന്ധിച്ചെങ്കിലും കാമുകി മുഖപടം നീക്കാൻ ആദ്യം കൂട്ടാക്കിയില്ല. ഒടുവിൽ കാമുകി തന്നെ കബളിപ്പിച്ചതാണെന്ന് ഉറപ്പായപ്പോയതോടെ ചാറ്റിംഗിനിടെ പലപ്പോഴായി ഗുഗിൾ പേ വഴി അയച്ചുകൊടുത്ത അരലക്ഷത്തോളം രൂപ മടക്കി കിട്ടണമെന്ന് റിജോയി ആവശ്യപ്പെട്ടു.
പണം തിരിച്ചു നൽകില്ലെന്ന് സ്ത്രീ തറപ്പിച്ചു പറഞ്ഞു. ഇതോടെ റിജോയി ബൈക്കിന്റെ ബാഗിൽ സൂക്ഷിച്ച കത്തി പുറത്തെടുത്ത് വീശുകയായിരുന്നു. ഇരുവരേയും പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷം തുടർന്ന് നടന്ന ചർച്ചയിൽ വാങ്ങിയ 50,000 രൂപയിൽ 25,000 രൂപ വീട്ടമ്മ കാമുകന് തിരിച്ചു നൽകി.
നമ്പർ തെറ്റി വന്ന കോൾ
കേരളത്തിലെ ആദ്യത്തെ സൈബർ നിയമവിദഗ്ധ അഡ്വ. ശ്രീജ ജോഷിദേവ് കുറിച്ച ഒരു കേസാണിത്. കണ്ണൂരുള്ള ഒരു പയ്യൻ കസിനു ഫോൺ ചെയ്തപ്പോൾ ഒരു നമ്പർ തെറ്റി മറ്റൊരു സ്ത്രീക്കാണ് കോൾ പോയത്. ആ പയ്യൻ കോൾ തെറ്റിവന്നതാണെന്ന് പറഞ്ഞു ഫോൺ കട്ടുചെയ്തു. പിറ്റേന്ന് ആ പയ്യനെ ഈ സ്ത്രീ വിളിച്ച് തലേന്ന് വിളിച്ചകാര്യം പറഞ്ഞു. പയ്യൻ ക്ഷമ പറഞ്ഞു അപ്പോൾ ഫോൺവച്ചു. അവർ പിറ്റേന്നും വിളിച്ചു. പയ്യന് ഇരുപത്തഞ്ച് വയസ്സുണ്ടെന്ന് അവരുടെ വയസ്സുചോദ്യത്തിന് അവൻ മറുപടിയും കൊടുത്തു. പിന്നീട് ആ സ്ത്രീ എന്നും അവനെ വിളിക്കും. അങ്ങനെ അവർ കമ്പനിയായി. അവൻ ഫോട്ടോ ചോദിച്ചപ്പോളെല്ലാം നേരിട്ട് കാണാം എന്നു പറഞ്ഞൊഴിഞ്ഞു. അവസാനം അവൻ വീട്ടുകാരോട് ഈ പെൺകുട്ടിയെ വിവാഹം ചെയ്യാൻ അനുവാദം വരെ വാങ്ങി.
സൗഹൃദം നാലുമാസമായപ്പോൾ ആ പയ്യന്റെ നിർബന്ധത്താൽ നേരിട്ട് കാണാൻ തീരുമാനിച്ചു. കൊച്ചിയിൽ വച്ചു കാണാനും തീരുമാനമായി. പറഞ്ഞ സ്ഥലത്തെത്തിയ പയ്യൻ ഫോൺചെയ്ത് ആ പെൺകുട്ടിയെ അന്വേഷിച്ച് നടന്നപ്പോൾ ഏകദേശം നാൽപത്തഞ്ചുവയസ്സുള്ള സ്ത്രീ മൊബൈലിൽ സംസാരിച്ചിരിക്കുന്നതു കണ്ടു. പയ്യൻ കരുതിയത് അത് പെൺകുട്ടിയുടെ അമ്മയാണെന്നാണ്. അല്ല എന്ന മറുപടി തൊട്ടടുത്ത് നിന്ന് കേട്ടപ്പോൾ പയ്യൻസ് നടുങ്ങിപ്പോയി എന്നുപറയേണ്ടതില്ലല്ലോ.
കല്ലുവാതുക്കലിൽ ആൾമാറാട്ടത്തിൽ നഷ്ടമായത് മൂന്നുജീവനുകൾ
കല്ലുവാതുക്കലിൽ കുഞ്ഞിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച കേസ്, മേൽ പറഞ്ഞ സംഭവങ്ങേളേക്കാൾ ഗുരുതരമാകുന്നത് അത് മൂന്നുപേരുടെ മരണത്തിൽ കലാശിച്ചു എന്നതിലാണ്. രണ്ടുയുവതികൾ ജീവനൊടുക്കിയപ്പോൾ, കരിയിലക്കൂനയിൽ ഉപേക്ഷിച്ച കുഞ്ഞ് മരണമടയുകയും ചെയ്തു. കുഞ്ഞിനെ ഉപേക്ഷിച്ചതാകട്ടെ, ഫേസ്ബുക്കിലെ കള്ളക്കാമുകനൊപ്പം ജീവിക്കാൻ. കള്ളക്കാമുകനായത് രേഷ്മയുടെ ബന്ധുക്കളായ ഗ്രീഷ്മയും ആര്യയും.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരുന്നില്ലാത്ത യുവതിയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാൽ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ രേഷ്മയുടെ ഭർത്താവിന്റെ ബന്ധുക്കളായ കല്ലുവാതുക്കൽ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകൾ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവർ ഇത്തിരക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവരുടെ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.ഭയം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ആത്മഹത്യാക്കുറിപ്പിൽ ഇവർ പറയുന്നത്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാൻ കഴിയുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ആര്യ പറഞ്ഞു.
ഫേസ്ബുക്ക് ചാറ്റിലൂടെ മാത്രം പരിചയമുള്ള കാമുകന് വേണ്ടിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പൊലീസിന് നൽകിയ മൊഴി. രേഷ്മ പറയുന്നത് പ്രകാരം അനന്തുവിനെ കാണാൻ വേണ്ടി പല സ്ഥലങ്ങളിലും യുവതി എത്തിയിരുന്നു. എന്നാൽ ഇയാളെ കാണാനായില്ല. ഒരിക്കൽ പോലും നേരിട്ട് രേഷ്മയ്ക്ക് തന്റെ കാമുകനെ കാണാനായിട്ടില്ല. ഒരു ഫേസ്ബുക്ക് ഐഡി മാത്രം വെച്ച് എങ്ങനെ ഇയാളെ കണ്ടെത്താനാവാതെ കുഴങ്ങുകയായിരുന്നു പൊലീസ്.
ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് രേഷ്മയെ രണ്ടു യുവതികളും ചേർന്ന് കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഗ്രീഷ്മ നേരത്തെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും തമാശയ്ക്കാണ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. അനന്തു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ്. സന്ദേശങ്ങൾ അയച്ചതല്ലാതെ ഫോൺ വിളികൾ ഉണ്ടായിട്ടില്ല. ഫോൺ നമ്പർ രേഷ്മ ചോദിച്ചിട്ടും നൽകാതെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ 26 ന് മറുനാടൻ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. അറസ്റ്റിലായ രേഷ്മയുമായി ഫെയ്സ് ബുക്കിൽ കാമുകനെന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളാണോ എന്ന് സംശയമുയർത്തിയായിരുന്നു വാർത്ത. തമാശ രൂപേണ രേഷ്മയുമായി യുവതികൾ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി രേഷ്മ പ്രണയത്തിലാവുകയുമായിരുന്നിരിക്കാം. ഒരിക്കലും കണ്ടിട്ടില്ല എന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നതിനാൽ ഇത് ശരിയാവാമെന്നുമായിരുന്നു റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഗ്രീഷ്മയുടെ സുഹൃത്ത് ഇപ്പോൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
മറുനാടൻ വാർത്തയെ തുടർന്ന് ഈ രീതിയിലും പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനായി രേഷ്മയുടെയും ആത്മഹത്യ ചെയ്ത ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ പൊലീസ് പരിശോധിച്ചിരുന്നു. പരിശോധനയിൽ ഗ്രീഷ്മ സ്ഥിരമായി സംസാരിച്ചിരുന്ന നമ്പർ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് സുഹൃത്തിലേക്ക് എത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങൾ പുറത്ത് വന്നത്. ഇതോടു കൂടി കേസ് അന്വേഷമം പൂർത്തിയാകുകയാണ്.
പൊലീസിന് വലിയ തലവേദന വരുത്തിയ കേസായിരുന്നു ഇത്. കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയ്ക്ക് കോവിഡും, എല്ലാമറിയാവുന്ന ബന്ധുക്കളായ യുവതികളുടെ ആത്മഹത്യയും പൊലീസിനെ വല്ലാതെ വലച്ചിരുന്നു. ഒടുവിൽ സത്യം മറനീക്കി പുറത്തു വന്നു. ഇനി ശാസ്ത്രീയമായ രീതിയിൽ കൂടി ഇക്കാര്യം തെളിയിക്കണം. കൂടാതെ രേഷ്മയെ കോവിഡ് മുക്തയായതിന് ശേഷം വിശദമായി ചോദ്യം ചെയ്യുകയും വേണം. ഇപ്പോൾ ആത്മഹത്യ ചെയ്ത പെൺകുട്ടികൾ തന്നെയാണ് രേഷ്മയെ വ്യാജ അക്കൗണ്ട് വഴി ചതിയിൽപ്പെടുത്തിയതെന്ന് തെളിഞ്ഞിരിക്കുകയാണ്. കേസിൽ തങ്ങൾ അറസ്റ്റിലാകുമോ എന്ന് ഭയന്നാവണം ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞ് അടക്കം മൂന്നുപേർ മരിച്ചു. ഒരാൾ ജയിലിലും.
മറുനാടന് മലയാളി ബ്യൂറോ