കൊല്ലം: ഒടുവിൽ ദുരൂഹതകൾ ഒഴിയുന്നു എന്ന് കരുതിയപ്പോൾ പുതിയ ട്വിസ്റ്റ്. കല്ലുവാതുക്കലിൽ പ്രസവത്തെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ ഫേസ്‌ബുക്ക് സുഹൃത്തിനെ കണ്ടെത്തിയതായി സൂചനകൾ പുറത്തു വരുന്നതിനിടെയാണ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരായ എ.സി.പി.ക്കും പാരിപ്പള്ളി എസ്.എച്ച്.ഒ.യ്ക്കും സ്ഥലംമാറ്റ ഉത്തരവു വന്നതിനാൽ അടുത്തദിവസംമുതൽ അന്വേഷണം പുതുതായി ചുമതലയേൽക്കുന്നവർക്കായിരിക്കും. ഫലത്തിൽ പുതിയ രണ്ട് ഉദ്യോഗസ്ഥർക്ക് അന്വേഷണം ആദ്യം മുതൽ തുടങ്ങേണ്ടി വരും.

സ്ഥാനം ഒഴിയുന്നവർ അന്വേഷണ വിവരങ്ങൾ കൈമാറുമെങ്കിലും അതൊന്നും നേരിട്ട് നേടുന്നതിന് തുല്യമാകില്ല. അതുകൊണ്ട് തന്നെ പുതിയ അന്വേഷകർക്ക് സങ്കീർണ്ണമായ ഈ കേസിൽ വെല്ലുവിളികൾ ഏറെയാണ്. സാധാരണ പ്രധാന കേസ് അന്വേഷിക്കുന്നവരെ അത് പൂർത്തിയാക്കും വരെ സ്ഥലം മാറ്റാറില്ല. ഇതു പോലും ആലോചിക്കാതെയാണ് പൊലീസിലെ കൂട്ട സ്ഥലമാറ്റ പട്ടിക ഇറങ്ങിയത്. വിസ്മയ കേസ് അന്വേഷിക്കുന്ന സംഘത്തിനും മാറ്റം ഉണ്ട്. എന്നാൽ അതിലും ഏറെ സങ്കീർണ്ണമാണ് കല്ലുവാതുക്കൽ കേസിന്റെ അവസ്ഥ.

അറസ്റ്റിലായ രേഷ്മയെ കോവിഡുകാരണം ഇനിയും ചോദ്യം ചെയ്യാനായിട്ടില്ല. രേഷ്മയെ ചോദ്യം ചെയ്യാൻ കിട്ടുമ്പോൾ അന്വേഷണത്തിന് തുടക്കം മുതൽ മുന്നിൽ നിന്ന രണ്ട് ഉദ്യോഗസ്ഥർ ഇല്ലാത്ത അവസ്ഥ വരും. ആറ് ഫേസ്‌ബുക്ക് അക്കൗണ്ടുകളെങ്കിലും രേഷ്മക്ക് ഉണ്ടായിരുന്നെന്നാണ് സൈബർസെൽ കണ്ടെത്തിയത്. നാല് സിം കാർഡുകളും രേഷ്മക്ക് ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇതിലൊരു കാർഡ് രേഷ്മ നശിപ്പിച്ചിരുന്നു.

ഇങ്ങനെ മുമ്പോട്ട് പോകുന്ന അന്വേഷണം ഏകോപിപ്പിച്ചിരുന്നത് എസിപി വൈ.നിസാമുദ്ദീൻ, പാരിപ്പള്ളി ഇൻസ്‌പെക്ടർ ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിലാണ്. പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന വ്യാപകമായി മാറ്റിനിയമിക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂർ എസിപി, പാരിപ്പള്ളി ഇൻസ്‌പെക്ടർ എന്നിവർക്കും മാറ്റം ഉണ്ടായിട്ടുണ്ട്. പുതിയ ടീം വന്ന ശേഷമായിരിക്കും അന്വേഷണം. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തേക്ക് അന്വേഷണം മരവിച്ച അവസ്ഥയിലാകും. ഇത് ഒളിച്ചിരിക്കുന്നവർക്ക് രക്ഷപ്പെടാൻ കൂടുതൽ അവസരം നൽകും.

രേഷ്മയുടെ കാമുകൻ എന്ന് സംശയിക്കുന്ന നാല് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. രേഷ്മയുടെ ചാറ്റ് സംബന്ധിച്ച വിവരങ്ങൾക്കായി അന്വേഷണ സംഘം ഫേസ്‌ബുക്കിനെ സമീപിച്ചിട്ടുണ്ട്. പൊലീസ് തയ്യാറാക്കിയ നാല് പേരുടെ പട്ടികയിൽ നിന്ന് ഒരാളാകും രേഷ്മയുടെ കാമുകനെന്നാണ് സൂചന.ഇവരെ അടുത്ത ദിവസം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത രേഷ്മയുടെ ബന്ധു ആര്യയുടെ ഭർത്താവ് രഞ്ജിത്തിനെ പൊലീസ് ചോദ്യം ചെയ്തു.

ആറ് ഫേസ്‌ബുക്ക് അക്കൗണ്ടുകളാണ് രേഷ്മക്കുണ്ടായിരുന്നത്. മൂന്ന് മാസം മാത്രം ഒരു അക്കൗണ്ട് ഉപയോഗിച്ച ശേഷം ഉപേക്ഷിക്കും. ഇതായിരുന്നു രീതി. ഈ അക്കൗണ്ടുകൾ വഴിയാണ് രേഷ്മ കാമുകനുമായി ചാറ്റ് ചെയ്തിരുന്നത്. അനന്തു എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നായിരുന്നു രേഷ്മക്ക് മെസ്സേജുകൾ എത്തിയിരുന്നത്. ഇയാളെ നിരവധി തവണ കാണാനായി രേഷ്മ പോയിരുന്നെന്നും എന്നാൽ കാണാൻ പറ്റിയിട്ടില്ലെന്നുമാണ് മൊഴി.

കേസിൽ രേഷ്മയുടെ ബന്ധുക്കളായ പെൺകുട്ടികൾ ദിവസങ്ങൾക്ക് മുൻപാണ് ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.യുവതികളിലൊരാളുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്ത് രേഷ്മക്കെതിരെയാണ് ആരോപണം.ഇരുവരുടെയും മരണത്തോടെ കേസ് വീണ്ടും സങ്കീർണമാവുകയാണ്. കേസ് വീണ്ടും പ്രതി രേഷ്മയിലേക്ക് എത്തിയിരിക്കുകയാണ്.

കോവിഡ് പോസിറ്റീവായ പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട് കരിയിലകൊണ്ട് മൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടത്തിയത്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന് മൂന്നരകിലോ ഭാരം ഉണ്ടായിരുന്നു. ഫേസ്‌ബുക്കിൽ പരിചയപ്പെട്ട കാമുകനോടൊപ്പം പോകാനായി ശിശുവിനെ ഉപേക്ഷിച്ചു എന്നാണ് രേഷ്മയുടെ മൊഴി.