- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുറിച്ചു മാറ്റിയ പൊക്കിൾകൊടി ചാമ്പൽ കൂനയിൽനിന്നും എടുത്ത് പൊലീസിനു കൈമാറിയതും ആ അമ്മ; ആര്യയും ഗ്രീഷ്മയും രേഷ്മയെ പ്രാങ്കാക്കിയത് ഗർഭകാര്യം അറിയാതെ എന്നതും അവിശ്വസനീയം; കല്ലുവാതുക്കലിൽ അജ്ഞാത കാമുകനിൽ തിയറി സേഫ്; എന്നിട്ടും സംശയങ്ങൾ ബാക്കി
കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ പ്രസവിച്ചയുടൻ കരിയിലക്കുഴിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച കേസിൽ ഇനി നിർണ്ണായകം അറസ്റ്റിലായ രേഷ്മയുടെ മൊഴികൾ. മരിച്ച കുഞ്ഞിന്റെ അമ്മ രേഷ്മയുടെ 'അജ്ഞാത കാമുകനെ' കുറിച്ച് അവർ പറയുന്നത് നിർണ്ണായകമാകും. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആര്യ, ഗ്രീഷ്മ എന്നിവരാണ് രേഷ്മയോട് ചാറ്റു ചെയ്തിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കാമുകനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. രേഷ്മ പോലും കണ്ടിട്ടില്ലാത്ത 'കാമുകനെ' തേടിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. അപ്പോഴും കേസിൽ ദുരൂഹതകൾ ഏറെയാണ്. ഗർഭം ഒളിപ്പിക്കാൻ ആരുടെയെങ്കിലും സഹായം കിട്ടിയോ എന്നതും പരിശോധിക്കും. ആര്യയും ഗ്രീഷ്മയും മരിച്ചതോടെ കേസിലെ രണ്ടു പ്രധാന കണ്ണികളാണ് മുറിഞ്ഞു പോയത്. ഇത് പൊലീസിനെ ഇനിയും കുഴക്കും.
തമാശയായിട്ടാണ് അനന്തു എന്ന പേരിൽ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് നിർമ്മിച്ച് ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് കണ്ടെത്തൽ. അതു സ്ഥിരീകരിക്കേണ്ടതുണ്ട്. രേഷ്മ ഗർഭിണിയാണെന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ലെന്നതും സംശയ നിഴലിലാണ്. നവജാതശിശു മരിച്ച സംഭവത്തിൽ രേഷ്മ അറസ്റ്റിലാകുമെന്ന് ഇവർ വിചാരിച്ചില്ലെന്നതാണ് വസ്തു. അങ്ങനെ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന കേസാണ് ഇത്.
അപ്രതീക്ഷിതമായുണ്ടായ രേഷ്മയുടെ അറസ്റ്റ് ആര്യയെയും ഗ്രീഷ്മയെയും സമ്മർദത്തിലാക്കി. ചോദ്യം ചെയ്യാൻ വിളിച്ചതോടെ അറസ്റ്റ് ഭയന്നാണ് ആത്മഹത്യ ചെയ്ത്. വെറും തമാശയായി തുടങ്ങിയ ചാറ്റിങ്ങാണോ ഒരു ചോരക്കുഞ്ഞിന്റെ ഉൾപ്പെടെ മൂന്നു പേരുടെ മരണത്തിലേക്ക് നയിച്ചതെന്നു ഉറപ്പിക്കുകയാണ് പൊലീസിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി.
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്‌ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ നാലോടെയാണ് വിഷ്ണു ആദ്യം കരച്ചിൽ കേട്ടത്. രാവിലെ ആറരയോടെ വിഷ്ണുവും രേഷ്മയും ഒരുമിച്ചു വീടിനു പുറത്തിറങ്ങിയപ്പോൾ കരിയിലക്കൂനയിൽനിന്നു വീണ്ടും കരച്ചിൽ കേട്ടു.
വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അറിഞ്ഞിരുന്നില്ല. രേഷ്മ പറഞ്ഞതുമില്ല. കുട്ടിയെ ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. ഇതോടെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുക്കുകയായിരുന്നു.
ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത് നിർണ്ണായകമായി. രേഷ്മ ഉൾപ്പെടെ 8 പേരുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം പരവൂർ കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോടതിയുടെ അനുമതിയോടെയാണു ഡിഎൻഎ പരിശോധന നടത്തിയത്.
കുഞ്ഞിനെ കണ്ടെത്തിയതറിഞ്ഞു എല്ലാവരും എത്തിയിട്ടും സംശയത്തിന്റെ നേരിയ കണിക പോലും ഇല്ലാതെ രേഷ്മ അഭിനയിച്ചു. കുട്ടിയെ കണ്ടെടുത്തപ്പോൾ പൊലീസിനു നാട്ടുകാർ കൈമാറുന്നതു വരെ പരിചരിക്കാൻ രേഷ്മയും കൂടിയിരുന്നു. മുറിച്ചു മാറ്റിയ പൊക്കിൾകൊടി ചാമ്പൽ കൂനയിൽനിന്നും എടുത്ത് പൊലീസിനു കൈമാറിയതും ഒരു സംശയവും തോന്നാത്ത തരത്തിലായിരുന്നു.
പിന്നീട് സത്യം തെളിഞ്ഞു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാൻ കുഞ്ഞു തടസ്സമാകുമെന്നു കണ്ടു പ്രസവിച്ചയുടൻ ചോരക്കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നെന്നു സമ്മതിച്ചതോടെ ജൂൺ 22ന് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ