തൃശൂർ: ഇന്നും പതിവ ്‌പോലെ പരിപാടികളെല്ലാം വൈകി. ഇതുമൂലം മത്സരങ്ങളെല്ലാം പുലരും വരെ നടത്താനാണ് സാധ്യത്. 23 വേദികളിലായി ഇന്ന് നടന്ന മത്സരത്തിൽ എല്ലാ വേദികളിലും പരിപാടികൾ വൈകിയതാണ് കാണാൻ കഴിയുന്നത്. അപ്പീലുകൾ കൂടിയതാണ് മത്സരങ്ങൾ വൈകാൻ കാരണമെന്ന് ഡിപിഐ അറിയിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് അപ്പീലുകളുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ ആയിരം അപ്പീലുകളാണ് കലോത്സവത്തിൽ വന്നിരിക്കുന്നത്.

ഇന്ന് വൈകുന്നേരം നാല് മണിക്ക് തുടങ്ങേണ്ട സംഘനൃത്തം തുടങ്ങിയത് മൂന്നു മണിക്കൂർ വൈകി ഏഴ് മണിയോടെയാണ്. അതുകൊണ്ട് ഇനി ഈ മത്സരങ്ങൾ അവസാനിക്കണമെങ്കിൽ മണിക്കൂറുകൾ ഇനിയും വേണ്ടി വരും. മത്സരങ്ങൾ വൈകിയത് കാരണം പല വിദ്യാർത്ഥി സംഘങ്ങളുടെയും തീവണ്ടി റിസർവേഷനുകൾ ക്യാൻസലായി.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം നടക്കുന്നത്. 24 വേദികളിലായി 12000 കൗമാര കലാതാരകങ്ങളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. വിദ്യാർത്ഥികളുടെ അദ്ധ്യയന ദിവസങ്ങൾ കുറഞ്ഞുപോകാതിരിക്കാൻ ഇക്കുറി കലോത്സവം അഞ്ചു ദിവസമാക്കി കുറച്ചു എന്ന പ്രത്യേകതയും ഉണ്ട്.

ഒരുപാട് സവിശേഷതകൾ കൊണ്ട് ചരിത്രത്തിന്റെ ഭാഗമാവുകയാണ് അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളില്ലാത്ത ഈ കലോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫികൾ വിതരണം ചെയ്യും. 80 ശതമാനം മാർക്കുവാങ്ങുന്നവർക്ക് ''എ'' നൽകും. അതിന്നുപിറകെ മറ്റു ഗ്രേഡുകളും. പൂർണ്ണമായും ഹരിത ശ്രേണി കേന്ദ്രീകൃതമായ പരിസ്ഥിതി സൗഹൃദ സംവിധാനത്തിലായിരിക്കും അമ്പത്തെട്ടാമത് കേരള സ്‌കൂൾ കലോത്സവം അരങ്ങേറുക. ഇതിന്നായി ഒരു ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്.

കലോത്സവ വേദികളും കലോത്സവം നടക്കുന്ന തൃശൂർ നഗരിയും കലോത്സവനാളുകളിൽ ഹരിത സൗഹൃദ മേഖലയായിരിക്കും. കലോത്സവ സ്ഥലികളിൽ പ്ലാസ്റ്റിക് മാലിന്യം ഒരുകാരണവശാലും ഉണ്ടാവില്ല. കലോത്സവത്തിന്റെ ബാഡ്ജ് മുതൽ ട്രോഫികൾ വരെ പ്ലാസ്റ്റിക് മുക്തമായിരിക്കും. കലോത്സവ നഗരിയിൽ എഴുതാനുപയോഗിക്കുന്ന പേനകൾ കടലാസ്സു നിർമ്മിതമാണ്. ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും ഗ്ലാസ്സുകളും സ്റ്റീൽ- കളിമൺ-മുള നിർമ്മിതങ്ങളായിരിക്കും. ഭക്ഷണ ശാലയിൽ ഒരുങ്ങുന്ന സദ്യയിൽ ഉപയോഗിക്കുന്നത് കേരളത്തിലെ വിദ്യാർത്ഥികളും കർഷകരും നട്ടുനനച്ചു വിളവെടുത്ത പച്ചക്കറികളായിരിക്കും. കലോത്സവത്തിന്റെ മുഴുവൻ നാളുകളിലും കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഇൻഷുറൻസ് സുരക്ഷയുണ്ടാവും. ലോക ചരിത്രത്തിൽ ഇതും ആദ്യം.