- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിണങ്ങി; അമ്മൂമ്മ മരിച്ചപ്പോൾ അനാഥയായി; പ്ലസ് ടുവിന് ശേഷം കൊച്ചിയിൽ എത്തിയത് ജോലി ചെയ്ത് ജീവിക്കാൻ; ഡെലിവറി ഗേളിനെ പ്രണയ ചതിയിൽ വീഴ്ത്തിയത് പീഡിപ്പിക്കാൻ; മയക്കുമരുന്നിലെ ചതിയിൽ കേസൊഴിവാക്കാൻ വിവാഹം; ഇന്ന് വീട്ടിന് പുറത്തും; കലൂരിലെ ഈ ചിത്രം സമാനതകൾക്കും അപ്പുറം
കൊച്ചി: ഇത് സാക്ഷര കേരളത്തിന് അപമാനമാണ്. ഇത്തരം ചിത്രങ്ങളും വാർത്തകളും പരിഷ്കൃത സമൂഹത്തിന് യോജിച്ചതേ അല്ല. ഭർത്താവും വീട്ടുകാരും കൈയൊഴിഞ്ഞ പെൺകുട്ടി. അവർ അഭയമില്ലാതെ അലയുകയാണ്. ആരുമില്ലാത്ത കായംകുളം സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് ആശ്രയംതേടി കൊച്ചി നഗരത്തിൽ അലയുകയാണ്.
ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവർക്ക് നിയമപരമായി അവകാശമുണ്ട്. പക്ഷേ അതിന് കഴിയുന്നില്ല. ഭർത്താവായ, കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു. അതും ഭാര്യയെ ഒഴിവാക്കാൻ. ആ വീട് തുറന്നു കൊടുക്കാൻ ഇവിടെ പൊലീസും നിയമസംവിധാനങ്ങളും ഇല്ലെന്നതാണഅ വസ്തുത. ഈ കുട്ടിക്ക് വേറെ കിടപ്പാടമില്ല.
രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. രണ്ടുപേർക്കും പെൺകുട്ടിയെ വേണ്ടെന്നായപ്പോൾ അമ്മൂമ്മ വളർത്തി. അമ്മൂമ്മയുടെ മരണം ഈ കുട്ടിയെ അനാഥയാക്കി. പ്ലസ് ടു കഴിഞ്ഞ് ജോലിക്ക് കൊച്ചിയിൽ എത്തി. എല്ലാ ജോലികളും ചെയ്തു. കോവിഡു കാലത്ത് ഓൺലൈൻ ഡെലിവറിയും. ഇതിനിടെയാണ് പ്രണയ ചതിയിൽ വീണത്. ഇത് ജീവിതം ദുസഹമാക്കി.
ഓസ്വിൻ വില്യം കൊറയയെന്നായിരുന്നു ആയാളുടെ പേര്. സൗഹൃദംനടിച്ച് കൂടെക്കൂടിയ ഇയാൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറയുന്നത്. പൊലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രജിസ്റ്റർ വിവാഹം ചെയ്തു. ഇതാണ് ജീവിതം കുട്ടിച്ചോറാക്കിയത്. കേസൊഴിവാക്കിയ ഭർത്താവ് പിന്നീട് പതിയെ ഒഴിവാക്കി.
വിവാഹത്തെ തുടർന്ന് ആലുവ എടത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടിൽ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്തു. പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടർന്ന് ആരോഗ്യം മോശമായ പെൺകുട്ടിയെ ഉപേക്ഷിച്ച് സപ്റ്റംബർ 23-ന് വാടകവീട്ടിൽനിന്ന് ഭർത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു.
പെൺകുട്ടി കോടതിയെ സമീപിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഭർത്താവിന്റെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഉത്തരവ് നൽകി. പ്രൊട്ടക്ഷൻ ഓർഡറുമായി സമീപിച്ചെങ്കിലും എറണാകുളം നോർത്ത് പൊലീസിന് താൽപ്പര്യമില്ല. വാടക കൊടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു. തുടർന്ന് കലൂർ ബാങ്ക് റോഡിലെ ഭർത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്. ശൗചാലയം ഉപയോഗിക്കാൻ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവൾ പെരുവഴിയിലായത്.
കോടതി ഉത്തരവുണ്ടെങ്കിലും പെൺകുട്ടിയെ വീട്ടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഭർത്താവും വീട്ടുകാരും. കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായെന്ന് പെൺകുട്ടി പറയുന്നു. ''ആത്മഹത്യയുടെ വക്കിലാണ്. എവിടെ പോകണമെന്നോ എന്തുചെയ്യുമെന്നോ അറിയില്ല. ഭർത്താവിനുവേണ്ടി എടുത്ത ലോണുകാരുടെ വിളിയാണ് നിരന്തരം'' -നിറഞ്ഞകണ്ണുകളോടെ അവൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ