കൊച്ചി: ആരോരുമില്ലാത്തവരെ വശീകരിച്ച് കാരിയർമാരാക്കുന്നതാണ് ലഹരിമാഫിയുടെ പദ്ധതി. ഇതിന് തെളിവായി കൊച്ചയിൽ നിന്ന് മൊറ്റു സംഭവം കൂടി. ഗാർഹിക പീഡനം നടത്തി ഭർത്താവുപേക്ഷിച്ച യുവതിയുടെ പിന്നാലെ ലഹരി മാഫിയ എത്തുകയാണ്. ഭർതൃവീട്ടുകാർ വീട് പൂട്ടിപ്പോയതിനെത്തുടർന്ന് വഴിയാധാരമായ യുവതി ഷെൽറ്റർ ഹോമിലാണ് കഴിയുന്നത്. യുവതിയുടെ വാട്സാപ്പിലേക്കാണ് അപരിചിത ഫോൺ നമ്പരിൽ നിന്ന് ലഹരി നൽകാമെന്ന് വാഗ്ദാനം നൽകി സന്ദേശം വന്നത്. സന്ദേശത്തിനൊപ്പം മയക്കുമരുന്നിന്റെ ചിത്രവും അയച്ചിട്ടുണ്ട്.

യുവതിയുടെ പേരുവിളിച്ച് വൈപ്പിനിൽനിന്ന് അരുണാണെന്ന് പരിചയപ്പെടുത്തുന്ന ആൾ അടുപ്പമുള്ള പോലെയാണ് സംസാരിച്ചത്. ഇതിൽ പൊലീസും ദുരൂഹത കാണുന്നില്ല. അസ്വാഭാവികത തോന്നിയ യുവതി പ്രതികരിച്ചില്ല. തുടർന്നുള്ള സന്ദേശത്തിൽ തെറ്റായ മെസേജ് അയച്ചതാണെന്നും മറ്റൊരു പെൺകുട്ടിയുടെ ചിത്രമയച്ച് അവരുടെ സുഹൃത്താണെന്നു കരുതിയാണ് സന്ദേശമയച്ചതെന്നും പറയുന്നു. ഗാർഹിക പീഡനവും കടക്കെണിയും തുടങ്ങി നിരവധി പ്രശ്‌നങ്ങളുടെ നടുവിൽ ആശങ്കപ്പെട്ടിരിക്കുന്ന യുവതിയെ ലഹരി മാഫിയയുമായി അടുപ്പിക്കാനായിരുന്നു ശ്രമം. യുവതിയുടെ ഭർത്താവിന് ലഹരി മാഫിയയുമായി അടുപ്പമുണ്ട്. ഇതാണ് ഈ ഇടപെടലിന് കാരണമെന്നാണ് സൂചന.

ഫോണിലേക്ക് നിരന്തരമായി കോളുകളും സന്ദേശവും വരുന്നുണ്ട്. തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാക്കി കുടുക്കാനുള്ള ശ്രമമാണെന്ന് യുവതി ആരോപിച്ചു. യുവതിയുടെ ഭർത്താവ് ലഹരിയുടെ അടിമയാണെന്ന് യുവതി പരാതിയിൽ പറഞ്ഞിട്ടുണ്ട്. മറ്റൊരു യുവതിയുടെ ചിത്രവും സാമൂഹ്യ മാധ്യമത്തിലൂടെ മോശമായി പ്രചരിക്കുന്നതിലും യുവതി ആശങ്ക പങ്കുവെച്ചു. എന്നാൽ ഭർത്താവിനെ പിടികൂടാൻ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിഞ്ഞിരുന്ന് കുട്ടിയെ അധിക്ഷേപിക്കുകയാണ്.

ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അവർക്ക് നിയമപരമായി അവകാശമുണ്ട്. പക്ഷേ അതിന് കഴിയുന്നില്ല. ഭർത്താവായ, കലൂർ ബാങ്ക് റോഡ് മണപ്പുറത്ത് വീട്ടിൽ ഓസ്വിൻ വില്യം കൊറയയും കുടുംബവും വീടുപൂട്ടി സ്ഥലംവിടുകയായിരുന്നു. അതും ഭാര്യയെ ഒഴിവാക്കാൻ. ആ വീട് തുറന്നു കൊടുക്കാൻ പൊലീസും തയ്യാറായില്ല. മാധ്യമ വാർത്തകളെ തുടർന്ന് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. പക്ഷേ കുറ്റവാളികളെ പൊലീസ് വെറുതെ വിട്ടു. സമാനതകളില്ലാത്ത കഥയാണ് ഈ യുവതിക്ക് പറയാനുള്ളത്. രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. രണ്ടുപേർക്കും പെൺകുട്ടിയെ വേണ്ടെന്നായപ്പോൾ അമ്മൂമ്മ വളർത്തി. അമ്മൂമ്മയുടെ മരണം ഈ കുട്ടിയെ അനാഥയാക്കി. പ്ലസ് ടു കഴിഞ്ഞ് ജോലിക്ക് കൊച്ചിയിൽ എത്തി. എല്ലാ ജോലികളും ചെയ്തു. കോവിഡു കാലത്ത് ഓൺലൈൻ ഡെലിവറിയും. ഇതിനിടെയാണ് പ്രണയ ചതിയിൽ വീണത്. ഇത് ജീവിതം ദുസഹമാക്കി.

ഓസ്വിൻ വില്യം കൊറയയെന്നായിരുന്നു ആയാളുടെ പേര്. സൗഹൃദംനടിച്ച് കൂടെക്കൂടിയ ഇയാൾ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറയുന്നത്. പൊലീസിൽ പരാതിപ്പെടുമെന്നായപ്പോൾ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ രജിസ്റ്റർ വിവാഹം ചെയ്തു. ഇതാണ് ജീവിതം കുട്ടിച്ചോറാക്കിയത്. കേസൊഴിവാക്കിയ ഭർത്താവ് പിന്നീട് പതിയെ ഒഴിവാക്കി. വിവാഹത്തെ തുടർന്ന് ആലുവ എടത്തലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടകവീട്ടിൽ ശാരീരിക പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി പറയുന്നു. ജോലിചെയ്ത് സമ്പാദിച്ച പണവും സ്വർണവും തട്ടിയെടുത്തു. പെൺകുട്ടിയുടെ പേരിൽ ലോണുകളുമെടുത്തു. ശാരീരിക പീഡനത്തേ തുടർന്ന് ആരോഗ്യം മോശമായ പെൺകുട്ടിയെ ഉപേക്ഷിച്ച് സപ്റ്റംബർ 23-ന് വാടകവീട്ടിൽനിന്ന് ഭർത്താവ് സ്വന്തം വീട്ടിലേക്ക് പോന്നു.

പെൺകുട്ടി കോടതിയെ സമീപിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഭർത്താവിന്റെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഉത്തരവ് നൽകി. പ്രൊട്ടക്ഷൻ ഓർഡറുമായി സമീപിച്ചെങ്കിലും എറണാകുളം നോർത്ത് പൊലീസിന് താൽപ്പര്യമില്ല. വാടക കൊടുക്കാത്തതിനെ തുടർന്ന് പെൺകുട്ടിക്ക് തിങ്കളാഴ്ച എടത്തലയിലെ വാടകവീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നു. തുടർന്ന് കലൂർ ബാങ്ക് റോഡിലെ ഭർത്താവിന്റെ അടച്ചിട്ട വീടിന്റെ ടെറസിലാണ് അന്തിയുറങ്ങിയത്. ശൗചാലയം ഉപയോഗിക്കാൻ ചൊവ്വാഴ്ച വെളുപ്പിന് പുറത്തിറങ്ങിയതോടെ വീട്ടുകാരെത്തി ഗേറ്റ് തുറക്കാനാവാത്ത വിധം പൂട്ടി. ഇതോടെയാണ് അവൾ പെരുവഴിയിലായത്.

കോടതി ഉത്തരവുണ്ടെങ്കിലും പെൺകുട്ടിയെ വീട്ടിനകത്ത് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ഭർത്താവും വീട്ടുകാരും. കൃത്യമായി ഭക്ഷണം കഴിച്ചിട്ടും ദിവസങ്ങളായെന്ന് പെൺകുട്ടി പറയുന്നു. ''ആത്മഹത്യയുടെ വക്കിലാണ്. എവിടെ പോകണമെന്നോ എന്തുചെയ്യുമെന്നോ അറിയില്ല. ഭർത്താവിനുവേണ്ടി എടുത്ത ലോണുകാരുടെ വിളിയാണ് നിരന്തരം'' -നിറഞ്ഞകണ്ണുകളോടെ അവൾ പറയുന്നു. ഈ കുട്ടിയെയാണ് സർക്കാർ സംവിധാനങ്ങൾ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്.