തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലാമേളയിൽ തളർന്ന് വീഴുന്ന കുട്ടികൾ ഏറെയായിട്ടും പ്രശ്‌ന പരിഹാരം മാത്രമില്ല. സമയത്തിന് മത്സരം തുടങ്ങാത്തതാണ് ഇതിന് കാരണം. ഇതിനൊപ്പം അപ്പീലുകൾ കൂടിയാകുമ്പോൾ കാത്തിരിപ്പിന്റെ നീളം കൂടുന്നു. മത്സരാർഥികൾക്ക് വേദിയിൽ കയറാൻ വേഷമിട്ട് മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടിവരുന്നത്. ഇതിനിടയിൽ വേഷവും മേക്കപ്പുമും കാരണം ഒരു തുള്ളി വെള്ളം കുടിക്കാനോ ലഘുഭക്ഷണം കഴിക്കാനോ കഴിയുന്നില്ല. മൂത്രമൊഴിക്കാൻ പോകാനും കഴിയുന്നില്ല. മത്സരങ്ങൾ തുടങ്ങാൻ വൈകുംതോറും കുട്ടികളുടെ ദുരിതവും ഇരട്ടിയാവും. അങ്ങനെ തളർന്ന് വീഴലുകളും.

എ ഗ്രേഡിന് വേണ്ടി മത്സരാർത്ഥികൾക്ക് കഠിനമായി ശരീരാധ്വാനം ചെയ്യേണ്ടി വരുന്നു. നൃത്തം മത്സരത്തിനാണ് കൂടുതൽ അധ്വാനം വേണ്ടത്. കാത്തിരിപ്പ് കാരണമുള്ള ക്ഷീണം കാരണം മത്സരം കഴിഞ്ഞാലുടൻ കുഴഞ്ഞു വീഴുന്ന കുട്ടികൾ. മേളയുടെ നാലാം ദിവസം വൈകീട്ട് പ്രധാന വേദിയിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒപ്പന നടക്കുമ്പോൾ മാത്രം ഒരു ഡസനോളം കുട്ടികളെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നു. വേദിയുടെ ഒരു ഭാഗത്തുകൂടി മത്സരിക്കാനുള്ള ടീമുകൾ കയറുകയും മറുഭാഗത്തുകൂടി തളർന്നുവീഴുന്ന കുട്ടികളെ കൊണ്ടുപോവുകയും ചെയ്യുന്ന അവസ്ഥ.

ഒപ്പന അവസാനിച്ച് കർട്ടൺ വീണ ഉടനെ ഒരു കുട്ടി സ്റ്റേജിൽ തളർന്നു വീണ സംഭവം വരെ ഉണ്ടായി. ഒപ്പനയിൽ മാത്രമല്ല, സംഘനൃത്തത്തിലും മാർഗംകളിയിലുമെല്ലാം സമാനമായ രംഗങ്ങൾ അരങ്ങേറിയിട്ടുണ്ട്. ആദ്യ ദിവസം തന്നെ മോഹിനിയാട്ടത്തിനായി വേഷമിട്ട ഒരു കുട്ടി തളർന്നുവീണിരുന്നു. ഈ കുട്ടിയെ വേഷത്തോടെ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. രണ്ടു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഒപ്പന മത്സരം ആരംഭിച്ചത് മൂന്നര മണിക്കൂറിലേറെ വൈകിയാണ്. അപ്പീലുകളാണ് ഇതിന് കാരണം. മത്സരങ്ങൾ പകലാണെങ്കിൽ കടുത്ത ചൂടാണ് വേദികളിൽ. വൈകിതുടങ്ങുവന്ന രാവുവെളുക്കുംവരെ നീളുകയും ചെയ്യും. ഇതും മത്സരാർത്ഥികൾക്ക് വെല്ലുവിളിയാണ്.

മണിക്കൂറുകളോളം മേക്കപ്പണിഞ്ഞിരിക്കേണ്ടി വരുന്നതും ഇതിനിടെ കാര്യമായ ഭക്ഷണമോ വെള്ളമോ കഴിക്കാനാവാത്തതുമാണ് കുട്ടികൾ ഇത്രയേറെ തളരാൻ കാരണമെന്ന് കലോത്സവ വേദിയിലെ ഡോക്ടർ പറയുന്നു. സംസ്ഥാന കലോത്സവവേദിയുടെ സമ്മർദം കൂടിയാകുമ്പോൾ കുട്ടികൾക്ക് പിടിച്ചുനിൽക്കാനാകാതെ വരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 'സാധാരണ പ്രധാന വേദികളിൽ നടത്തുന്ന ഒപ്പന ഇത്തവണ ചെറിയ വേദിയിലാണ് നടത്തുന്നത്. കാണാനെത്തിയവരിൽ പകുതിയും പുറത്താണ്. കുട്ടികൾക്ക് ബാത്ത്റൂമിൽ പോകാനുള്ള സൗകര്യം പോലുമില്ല. വേദിക്ക് പിന്നിൽ വിശ്രമിക്കാനുള്ള സൗകര്യം പോലുമില്ല. ഗ്രീൻ റൂമെന്ന് പറഞ്ഞ് ഒരുക്കിയിരിക്കുന്നത് ഒരു ഷെഡ് മാത്രമാണ്' എറണാകുളത്തു നിന്ന് എത്തിയ ഒപ്പന അദ്ധ്യാപകൻ മജീദ് പറയുന്നു. അങ്ങനെ പരാതിയുടെ കലോത്സവമാണ് തൃശൂരിൽ നടക്കുന്നത്. അതേസമയം കുട്ടികൾ മേക്കപ്പിടാൻ വൈകുന്നതാണ് മത്സരങ്ങൾ വൈകാനുള്ള ഒരു കാരണമെന്ന് ഒരു അദ്ധ്യാപകൻ വിശദീകരിച്ചു. എത്ര നിർദ്ദേശം നൽകിയിട്ടും കുട്ടികൾ സമയത്ത് മേക്കപ്പിട്ട് എത്താത്തതിന് സംഘാടകരെ മാത്രം പഴിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ വേദിയിൽ സൗകര്യക്കുറവുണ്ടെന്ന ആക്ഷേപം പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ നിഷേധിച്ചു. ഒപ്പനയിൽ ബെൽറ്റ് മുറുക്കിക്കെട്ടിയതാണ് കുട്ടികൾക്ക് പ്രശ്‌നമായതെന്ന് അന്വേഷണത്തിലാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ മത്സരാർഥികൾക്ക് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരങ്ങൾ വൈകാനുള്ള പ്രധാന കാരണം അപ്പീലുകളുടെ ആധിക്യമാണ്. നമ്മൾ അപ്പീലുകൾക്ക് എതിരല്ല. എന്നാൽ, പരമാവധി ഇരുപത്തിയഞ്ച് അപ്പീലുകൾ വരെ ഉണ്ടാകുമെന്ന തരത്തിലാണ് മത്സരക്രമങ്ങൾ തയ്യാറാക്കിയത്.

എന്നാൽ, ഇക്കുറി വന്ന അപ്പീലുകൾക്ക് യാതൊരു പരിധിയും ഉണ്ടായിരുന്നില്ല. ഇതാണ് മത്സരങ്ങൾ വൈകാനുള്ള ഒരു പ്രധാന കാരണം. ഇക്കുറി മത്സരദിവസങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറച്ചു. പകരം കൂടിയത് മൂന്ന് വേദികൾ മാത്രമാണ്. എന്നിട്ടും മത്സരങ്ങൾ ഒരുവിധം സമയത്ത് തുടങ്ങാനും അവസാനിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്-ഡി.പി.ഐ പറഞ്ഞു.