കൊല്ലം: തൃക്കരുവ സർക്കാർ അഗതിമന്ദിരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടികളിൽ കരുനാഗപ്പള്ളി സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ വിദേശത്തേക്കു കടന്നു. ആത്മഹത്യ ചെയ്ത രണ്ടു പെൺകുട്ടികളും നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായതിനെ തുടർന്ന് അഗതി മന്ദിരത്തിൽ പാർപ്പിക്കപ്പെട്ടവരാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം ഇവർ വീടുകളിൽ തുടർന്നും സുരക്ഷിതരല്ലാത്തതിനാലാണ് ശിശു ക്ഷേമസമിതി അധികൃതർ മുൻ കൈയെടുത്ത് കുട്ടികളെ പുനരധിവാസകേന്ദ്രത്തിൽ പാർപ്പിച്ചത്. എന്നാൽ ഇരുവരും ആത്മഹത്യ ചെയ്തതിൽ ഏറെ ദുരൂഹതകൾ ബാക്കിനിൽക്കുകയാണ്.

വ്യാഴാഴ്ച പുലർച്ചെയാണ് ഇവർ താമസിക്കുന്ന മുറിയിൽനിന്നും താഴേക്കിറങ്ങുന്ന സ്റ്റെയർ കേസിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ ഇരുവരേയും കാണപ്പെട്ടത്. ഒരാൾ പതിനൊന്നിലും മറ്റെയാൾ പന്ത്രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. വാർഡൻ വിവരമറിയിച്ച് സ്ഥലത്ത് എത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ എസ് അജീത ബീഗം കുട്ടികൾ എഴുതിയതായി സംശയിക്കുന്ന ഡയറി കുറിപ്പുകൾ കണ്ടെടുത്തു. കടുത്ത ജീവിത നൈരാശ്യവും ഒറ്റപ്പെടലും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ടുപിരിഞ്ഞു നിൽക്കുന്നതിലുള്ള ഏകാന്തതയുമാണ് തങ്ങളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന വിവരമാണ് ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്.

അതേസമയം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കരുനാഗപ്പള്ളി സ്വദേശിനി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് വിദേശത്തേക്ക് കടന്നു. അഗതിമന്ദിരത്തിൽ നിൽക്കാൻ പെൺകുട്ടിക്ക് താൽപ്പര്യമില്ലായിരുന്നെന്ന് ബന്ധുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊല്ലം ആഫ്റ്റർ കെയർ സെന്ററിൽ കഴിഞ്ഞ വ്യാഴാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പെൺകുട്ടികളിൽ കരുനാഗപ്പള്ളി സ്വദേശിനി പെൺകുട്ടിയെ പീഡിപ്പിച്ച ക്ലാപ്പന സ്വദേശി സുനിലാണ് വിദേശത്തേക്ക് കടന്നത്.

ഒരു വർഷം മുൻപ് പെൺകുട്ടി പ്ലസ് വണിന് പഠിക്കുന്ന കാലത്താണ് പീഡനം. കുടുംബവീട്ടിൽ സന്ധ്യാദീപം തെളിക്കാൻ പോയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാൽ അനിയത്തിമാർക്കും ഈ ഗതി ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടുകാർ പറയുന്നു. ഈ ഭീഷണിയുടെ മറവിൽ പിന്നീട് ഒരു തവണ കൂടി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. അനിയത്തിമാരെ ഉപദ്രവിക്കുമെന്ന് ഭയന്ന് വീട്ടുകാരോട് വിവരം പറഞ്ഞിരുന്നുമില്ല. ഗർഭിണിയാണെന്ന സംശയത്തെ തുടർന്ന് പെൺകുട്ടി കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു.

ഈ കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കിയ കൂട്ടുകാരിയുടെ അമ്മ സ്‌കൂളിൽ അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് പെൺകുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിൽക്കുന്നതിന് പെൺകുട്ടിക്ക് താൽപ്പര്യമില്ലായിരുന്നെന്ന് അമ്മ പറയുന്നു. എന്നാൽ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം വിദേശത്തേക്ക് കടന്ന സുനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.

ഈ കുട്ടിയോടൊപ്പം ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച അടുത്ത ബന്ധു പോക്‌സോ നിയമപ്രകാരം ശിക്ഷ അനുഭവിച്ചുവരികയാണ്.